കടക്ക് പുറത്തെന്ന് ട്രംപ്; ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി അമേരിക്കയിലേക്ക് പ്രവേശനമില്ല | Donald Trump announces travel ban for these countries
ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റനിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലോകമെമ്പാടുമുള്ള യുഎസ് എംബസികള്‍ക്ക് യാത്രാ വിലക്ക് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ സാധുവായ വിസ കൈവശമുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് നിയന്ത്രമണമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കൊളറാഡോയിലെ ഒരു ഇസ്രായേല്‍ അനുകൂല സംഘടനയ്ക്കെതിരായ ആക്രമണത്തിന് പിന്നാലെയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലെ പൗരന്മാര് ഭീകരയുമായി ബന്ധപ്പെട്ടതും പൊതുസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും അതുപോലെ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് അപകടസാധ്യത നിലനിര്‍ത്തുന്നതായും ട്രംപ് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ഗാസയിൽ ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുവര്‍ക്ക് നേരെ ഒരു ഈജിപ്ഷ്യന്‍ പൗരന് തീ കൊളുത്തിയതാണ് കൊളറാഡോയിലെ സംഭവം.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കില്‍ ട്രംപ് ഭരണകൂടം മാറ്റം വരുത്തിയേക്കുമെന്ന് സൂചനയുണ്ട്. പട്ടികയിലുള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ അവരുടെ സുരക്ഷയും യുഎസ് അധികാരികളുമായുള്ള സഹകരണവും മെച്ചപ്പെടുത്തുക വഴി മാറ്റങ്ങള്‍ വരുത്തിയേക്കും.
ജനുവരി 20ന് ട്രംപ് ഒപ്പുവെച്ച എക്സിക്യുട്ടിവ് ഉത്തരവിന്റെ ഭാഗമായാണ് യാത്രാ നിയന്ത്രണം. യുഎസിനോട് ശത്രുതാപരമായ മനോഭാവം വെച്ചുപുലര്‍ത്തുന്ന രാജ്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ്, ആഭ്യന്തര സുരക്ഷാ വകുപ്പ്, യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയോട് ഇത് നിര്‍ദേശിക്കുന്നു.
ഭീകര ആക്രമണങ്ങള്‍ നടത്താനും രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാനും വിദ്വേഷകരമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും അല്ലെങ്കില്‍ കുടിയേറ്റ നിയമങ്ങളെ ചൂഷണം ചെയ്യാനും ഉദ്ദേശിക്കുന്ന വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഇത്തരമൊരു ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നും അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കുന്നു.
Thiruvananthapuram,Kerala
June 09, 2025 11:29 AM IST