Leading News Portal in Kerala

ഇന്ത്യയിലെ വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനമെത്തി; വാട്സ്ആപ്പും യൂട്യൂബും ഉപയോഗിക്കാം | Indian airlines introduced Wi-Fi system in flights


Last Updated:

ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു

ഇന്ത്യയിലെ വിമാനയാത്രികരുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് അവസാനമായി. വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനകമ്പനികളുടെ വിമാനങ്ങളിലാണ് വൈ-ഫൈ സംവിധാനം ലഭ്യമായിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ350, ബോയിംഗ് 787-9 തുടങ്ങിയ വിമാനങ്ങളിലും വൈ-ഫൈ ലഭ്യമാകും. അതേസമയം, ക്ലാസ് വ്യത്യാസമില്ലാതെ വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും വൈ-ഫൈ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ മുതല്‍ ഇന്ത്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വൈ-ഫൈ ലഭിച്ചു തുടങ്ങിയെന്ന് യാത്രക്കാര്‍ പറഞ്ഞു. അതേസമയം, വലിയ പരസ്യങ്ങളോ പത്രക്കുറിപ്പോ നല്‍കാതെയാണ് എയര്‍ ഇന്ത്യയില്‍ വൈ-ഫൈ സംവിധാനം നടപ്പാക്കിയത്. ഇപ്പോള്‍ ട്രയല്‍ ആണ് നടത്തുന്നതെന്നും മികച്ച ട്രാക്ക് റെക്കോഡ് ലഭിച്ചശേഷം അവര്‍ അത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയേക്കുമെന്നും ഏവിയേഷന്‍ എടുസെഡ് റിപ്പോര്‍ട്ടു ചെയ്തു.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള നെല്‍കോയുമായും പാനസോണിക് ഏവിയോണിക്‌സുമായും കൈകോര്‍ത്താണ് വിമാനങ്ങളില്‍ എയര്‍ഇന്ത്യ വൈഫൈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

മൂന്ന് മുതല്‍ ആറ് എംബിപിഎസ് വേഗതയാണ് വൈഫൈയ്ക്ക് ഉള്ളത്. സൗജന്യ വൈഫൈ സംവിധാനത്തില്‍ ചില യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസിറ്റീവായ പ്രതികരണങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

വൈ-ഫൈ സംവിധാനം നടപ്പാക്കിയതോടെ യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്ന് ജോലി ചെയ്യാനും മറ്റൊരാളെ ഫോണ്‍ വിളിക്കാനും കഴിയും.

എയര്‍ ഇന്ത്യയുടെ ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും സേവനം നടത്തുന്ന വിമാനങ്ങളില്‍ വൈ-ഫൈ ലഭ്യമാകും.

3000 മീറ്റര്‍ ഉയരത്തിലായിരിക്കുമ്പോള്‍ വാട്ട്‌സ്ആപ്പും യൂട്യൂബും ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ഉടനെ അവതരിപ്പിക്കുമെന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി ഉണ്ടെങ്കില്‍ മാത്രമെ വിമാനത്തിലെ യാത്രക്കാര്‍ക്ക് വൈ-ഫൈ വഴി ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാന്‍ കഴിയൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.