വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണിലും വാട്ട്സ് ആപ്പിലും അശ്ലീല സന്ദേശം അയക്കും; ജോസിന് ഇനി അഴിയെണ്ണാം | Young man arrested for making obscene phone calla and messages to female police officers
Last Updated:
കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ സ്ഥിരമായി വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ഈ അറസ്റ്റ്
വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണിൽ അശ്ലീല സന്ദേശം അയക്കുന്ന യുവാവ് പിടിയിൽ. ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറിൽ വിളിച്ച് അശ്ലീലം പറയുകയും വാട്സ് ആപ്പ് സന്ദേശം അയക്കുകയും ചെയ്യുന്ന തിരുവനന്തപുരം തുമ്പ കനാൽ പുറമ്പോക്കിൽ പുതുവൽ പുത്തൻവീട്ടിൽ ജോസ്(35) ആണ് അറസ്റ്റിലായത്.
കഴക്കൂട്ടം വനിതാ ബെറ്റാലിയനിലെ വനിതാ പോലീസുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺനമ്പരുകളിലേക്ക് നിരന്തരം വിളിക്കുകയും വാട്സാപ്പിലേക്ക് അശ്ലീല സന്ദേശം അയക്കുകയുമാണ് രീതി. ഇത്തരത്തിൽ മോഷണക്കേസുകൾ ഉൾപ്പെടെ 15-ഓളം കേസുകൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കുണ്ട്.
കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ സ്ഥിരമായി വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ഈ അറസ്റ്റ്. ജോസിന്റെ നമ്പർ കഴക്കൂട്ടം സൈബർ സെല്ലിന് നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനിൽ ഇത്തരത്തിലുള്ള കേസുകളിൽ പ്രതിയാണ്. സമാനമായ കേസിൽ ഇയാളെ പോലീസ് നേരത്തെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഇൻ്റർനെറ്റിൽ നിന്നും വനിതാ ഉദ്യോഗസ്ഥരുടെ നമ്പർ കണ്ടെത്തിയാണ് ഇയാൾ ഫോൺ വിളിക്കുന്നത്. ഇതിൽ വളരെ മുതിർന്ന ഉദ്യോഗസ്ഥരും ഇവരെ നിരന്തരം വിളിച്ച് അശ്ലീലം പറയലാണ് ഇയാളുടെ ഹോബി.
എറണാകുളത്തെ മാളിൽ ജോലി ചെയ്യുന്ന ഇയാൾ കോട്ടയത്താണ് താമസം. ഇയാൾക്കെതിരെ എറണാകുളത്തും തിരുവനന്തപുരത്തും മോഷണ കേസുകളുമുണ്ട്. രണ്ടുതവണ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതിനും ഇയാൾക്കെതിരെ കേസുണ്ട്.
Thiruvananthapuram,Kerala
June 24, 2025 4:10 PM IST
വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണിലും വാട്ട്സ് ആപ്പിലും അശ്ലീല സന്ദേശം അയക്കും; ജോസിന് ഇനി അഴിയെണ്ണാം