Leading News Portal in Kerala

അധ്യാപകരുടെ പാദപൂജ നടത്തിയതിൽ പ്രതിഷേധവുമായി എസ്എഫ്ഐയും എഐഎസ്എഫും SFI and AISF protest against the incident of students washing teachers feet


Last Updated:

വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ഇത്തരം ഫാസിസ്റ് പ്രവണതകൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു

News18News18
News18

വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐയും എഐഎസ്എഫും.

ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ നിർബന്ധിതമായി നടപ്പിലാക്കുന്ന അപരിഷ്കൃത നടപടികൾ അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ വ്യാസ ജയന്തി ദിനം ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിതമായി അധ്യാപകരുടെ പാദസേവ ചെയ്യിപ്പിച്ച സംഭവം അങ്ങേയറ്റം അപലപനീയവും പരിഷകൃത സമൂഹത്തിന് യോജിക്കാത്ത നടപടിയുമാണെന്നും ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ചാതുർവർണ്യ വ്യവസ്ഥ സമൂഹത്തിൽ അടിച്ചേൽപ്പിക്കാനുള്ള അജണ്ടയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് പി.എസ് എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ രംഗം പുരോഗമന- മതനിരപേക്ഷ- ജനാധിപത്യ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ച് ലോകനിലവാരത്തിലേക്ക് കുതിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ അതിനെ തീർത്തും പിന്നോട്ട് വലിക്കുന്നതും അംഗീകരിക്കാൻ സാധിക്കാത്തതുമാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിതമായി ഈ പ്രവർത്തി നടത്തിയത് പ്രതിഷേധാർഹമാണ്. അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്ന് വിവിധ ഭരണഘടന സ്ഥാപനങ്ങളുടെ നിരീക്ഷണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇതൊന്നും വകവയ്ക്കാതെയാണ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ചില സ്കൂളുകളിൽ ഇത്തരം അപരിഷ്കൃത നടപടികൾ തുടരുന്നത് എന്നത് ഗൗരവത്തോടെ പൊതുസമൂഹം കാണേണ്ടതാണെന്നും വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രസ്താവനയിൽ പറയുന്നു

കാസർഗോഡ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളിലും മാവേലിക്കരയിലെ വിദ്യാധിരാജ സെൻട്രൽ സ്കൂളിലും വിദ്യാർത്ഥികളെ പാദപൂജയ്ക്ക് നിർബന്ധിതരാക്കിയത് ദുരഭിമാനകരവും വിദ്യാഭ്യാസരംഗത്തെ ഫാസിസ്റ് കയറിവരവിന്റെ തെളിവുമാണെന്ന് എഐഎസ്എഫ് പറഞ്ഞു. അധ്യാപകർ വിദ്യാർത്ഥികളുടെ ബൗദ്ധിക വളർച്ചയ്ക്ക് നേതൃത്വം നൽകേണ്ടതിനുപകരം, അവരെ അടിമ മനസ്സുള്ളവരാക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ രാജ്യത്തിന്റെ ഭാവിയെ തന്നെ വെല്ലുവിളിക്കുകയാണെന്നും വിദ്യാഭ്യാസസ്ഥാപനങ്ങൾ ദൈവികാരാധനയുടെയോ വ്യക്തിപരമായ ആരാധനാനിരീക്ഷണത്തിന്റെയോ സ്ഥലമല്ലെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.

വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്തയ്ക്കും മാനസികാധികാരത്തിനും നേരെയുള്ള അക്രമമാണ് ഇത്തരം ഒറ്റപ്പെട്ട സഭവങ്ങളെന്നും ഫാസിസ്റ് പ്രവണതകൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കുകയും, വിദ്യാലയങ്ങളിൽ മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയുമാണ് ചെയ്യേണ്ടതെന്നും എഐഎസ്എഫ് പ്രസ്താവനയിലൂടെ അവിശ്യപ്പെട്ടു.