പഴയ കാർ വിൽക്കാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | Planning to sell your old car? Note these things
പഴയ കാർ വിൽക്കാൻ ശ്രമിക്കുമ്പോൾ സാധുവായ ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ കാർ വിൽക്കാൻ ശ്രമിച്ചാൽ 1-2 ശതമാനം വരെ വില കുറയാൻ കാരണമുണ്ട്.
അതുപോലെ പഴയ കാർ വിൽക്കാൻ തയ്യാറെടുക്കുമ്പോൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും ഇൻഷുറൻസിലും ഒരേ ഉടമയുടെ പേര് ഉണ്ടായിരിക്കണം. ഇതില്ലെങ്കിൽ കാർ വിൽക്കാൻ ബുദ്ധിമുട്ടേണ്ടിവരും.
വിൽക്കാൻ ഉദ്ദേശിക്കുന്ന കാറിന്‍റെ എല്ലാ നിർബന്ധിത രേഖകളും ഭൗതികമായി ലഭ്യമായിരിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇൻഷുറൻസും പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും ഉറപ്പായും ഉണ്ടായിരിക്കണം. ഇത് കാറിന് മൂല്യം കൂട്ടും.
വിൽക്കാൻ ഉദ്ദേശിക്കുന്ന കാറിന്‍റെ സർവീസുകൾ സമയബന്ധിതമായി ചെയ്തതും, അതിന്റെ സർവീസ് ഹിസ്റ്ററി സൂക്ഷിച്ച് വെക്കേണ്ടതും പ്രധാനമാണ്. രണ്ടുവർഷത്തിലേറെ സർവീസ് ചെയ്യാതെ കാർ വിൽക്കാൻ ശ്രമിച്ചാൽ അതിന്‍റെ മൂല്യം പ്രതീക്ഷിക്കുന്ന വിപണി വിലയുടെ 5-10%-ൽ താഴെയായിരിക്കും.
അപകടമോ മറ്റ് കേടുപാടുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന കാറിന് മൂല്യം കുറവായിരിക്കും. കാറിന് അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് സർവീസ് ഹിസ്റ്ററിയിലൂടെ വാങ്ങുന്ന ആൾക്ക് മനസിലക്കാനാകും. ഇത്തരത്തിൽ അപകടമുണ്ടായി പ്രധാന പാർട്സുകൾ മാറിയിട്ടുണ്ടെങ്കിൽ കാറിന് മൂല്യം വിപണി വിലയേക്കാൾ 10- 20% കുറവായിരിക്കും.
കാർ വിൽപനയ്ക്കായി പരസ്യം നൽകുകയോ, ഇടപാടുകാരെ കാണിക്കുകയോ ചെയ്യുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കുക. അകവശവും പുറംഭാഗവും വാട്ടർ സർവീസിന് നൽകുന്നതാണ് ഉചിതം. കാറിന്‍റെ വൃത്തി, ഇടപാടുകാരിൽ നല്ല മതിപ്പ് ഉണ്ടാക്കാൻ സഹായിക്കും.
വായ്പ അടിസ്ഥാനത്തിൽ വാങ്ങിയ കാർ ആണെങ്കിൽ ലോൺ അടച്ചുതീർത്തത് വ്യക്തമാക്കുന്ന എൻഒസി സർട്ടിഫിക്കറ്റ് ബാങ്കിൽനിന്ന് നേടണം. ഇത് വിൽക്കാൻ ഉദ്ദേശിക്കുന്ന കാറിന് മൂല്യം വർദ്ധിപ്പിക്കും.
കാർ വിൽക്കാനായി പരസ്യം നൽകുമ്പോൾ, അതിന്‍റെ മികച്ച ഫീച്ചറുകൾ എടുത്ത് പറയണം. ഉദാഹരണത്തിന് എയർബാഗുകൾ, സുരക്ഷാ ഫീച്ചറുകൾ, മ്യൂസിക് പ്ലേയർ, ക്രൂയിസ് കൺട്രോൾ, സൺ റൂഫ്, അലോയ് വീൽ, ആൻഡ്രോയ്ഡ്-ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റി എന്നിവയൊക്കെ പ്രത്യേകം വ്യക്തമാക്കണം. ഇത് കാറിന് മൂല്യം കൂട്ടും.
Kochi,Ernakulam,Kerala
December 15, 2023 2:40 PM IST