പ്രണയപ്പകയിൽ യുവാവിനെ കുടുക്കാന്‍ ഗുജറാത്തിലടക്കം 12 സംസ്ഥാനങ്ങളിൽ 21 ബോംബ് ഭീഷണിയുമായി തമിഴ്നാട് എഞ്ചിനീയറുടെ പ്രതികാരം|Robotics Engineer Sends 21 Bomb Threats To Gujarat To Frame Man She Loved
റെനെ ജോഷില്‍ഡ എന്ന റോബോട്ടിക് എഞ്ചിനീയര്‍ ആണ് അറസ്റ്റിലായത്. തന്നെ വിവാഹം കഴിക്കുമെന്ന് സ്വപ്‌നം കണ്ട വ്യക്തി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിനുള്ള പ്രതികാരമാണ് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും അയാളുടെ ജീവിതം നശിപ്പിക്കാനും ഉദ്ദേശിച്ചുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍. റെനെയുടെ പ്രണയം അദ്ദേഹം നിരസിച്ചതില്‍ നിന്നുണ്ടായ കടുത്ത നിരാശയെ തുടര്‍ന്നാണിത്.
വ്യാജ ഇമെയില്‍ ഐഡികളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകളും ഡാര്‍ക്ക് വെബ് എന്നിവ ഉപയോഗിച്ചാണ് പ്രതിയായ റെനെ ബോംബ് ഭീഷണി മുഴക്കികൊണ്ടുള്ള ഇമെയിൽ സന്ദേശങ്ങള്‍ അയച്ചതെന്ന് പോലീസ് പറയുന്നു. തന്റെ ഐഡന്റിന്റിയും സ്ഥലവും മറയ്ക്കുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും പോലീസ് പറയുന്നു. താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ദിവിജ് പ്രഭാകറിന്റെ പേരിലാണ് ചില വ്യാജ ഇമെയിലുകള്‍ സൃഷ്ടിച്ചതെന്ന് റെനെ ജോഷില്‍ഡ പറഞ്ഞതായി ജോയിന്റ് കമ്മീഷണര്‍ (ക്രൈം) ശരദ് സിംഗാള്‍ പറഞ്ഞു.
വിപുലമായ സാങ്കേതിക അന്വേഷണങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച ചെന്നൈയിലെ അവരുടെ വസതിയില്‍ നിന്ന് അഹമ്മദാബാദ് സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റോബോട്ടിക്‌സില്‍ പരിശീലനം നേടിയ എഞ്ചിനീയറായ ജോഷില്‍ഡ 2022 മുതല്‍ ചെന്നൈയില്‍ ബഹുരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ്.
ദിവിജ് പ്രഭാകറിനെ അവര്‍ പ്രണയിച്ചിരുന്നു. അദ്ദേഹത്തെ വിവാഹം ചെയ്യാനും ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അവരുടെ പ്രണയം നിരസിക്കപ്പെടുകയാണുണ്ടായതെന്നും പ്രണയം ജോഷില്‍ഡയ്ക്ക് മാത്രമായിരുന്നുവെന്നും ജോയിന്റ് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഫെബ്രുവരിയിലാണ് ദിവിജ് പ്രഭാകര്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഇതോടെ സ്വപ്‌നങ്ങള്‍ തകര്‍ന്ന ജോഷില്‍ഡയ്ക്ക് അയാളോട് വെറുപ്പും പകയുമായി. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജ ഇമെയില്‍ ഐഡികള്‍ സൃഷ്ടിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌നേഹം നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്ന ജോഷില്‍ഡ തന്റെ സാങ്കേതിക പരിജ്ഞാനം കുറ്റകൃത്യത്തിനായി വിനിയോഗിക്കുകയായിരുന്നു. വ്യാജ ഇമെയിലുകള്‍ കാരണം നിരപരാധികളായ ചിലര്‍ ഇതിന്റെ ഇരകളായി. നരേന്ദ്ര മോദി സ്റ്റേഡിയം, ബിജെ മെഡിക്കല്‍ കോളേജ്, അഹമ്മദാബാദിലെ രണ്ട് സ്‌കൂളുകള്‍ എന്നിവ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോഷില്‍ഡ അജ്ഞാത അക്കൗണ്ടുകളില്‍ നിന്ന് ഇമെയിലുകള്‍ അയച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗുജറാത്തിന് പുറമേ മറ്റ് 11 സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലേക്കും ഇവര്‍ വ്യാജ ഇമെയിലുകള്‍ അയച്ചതായാണ് ആരോപണം. ചില മതപരമായ ഘോഷയാത്രകള്‍ക്കും വിഐപികളുടെ സന്ദര്‍ശനത്തിന് മുന്നോടിയുമായിട്ടാണ് ഇത്തരം ഇമെയിലുകള്‍ അയച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അഹമ്മദാബാദിലെ സൈബര്‍ ക്രൈം പോലീസുമായി ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. പ്രതി വ്യാജ ഇമെയില്‍ സൃഷ്ടിക്കാന്‍ വെര്‍ച്വല്‍ നമ്പറുകളും ഡാര്‍ക്ക് വെബും ഉപയോഗപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. വെര്‍ച്വാല്‍ ടോം ആന്‍ഡ് ജെറി ഗെയിം കളിക്കുന്നത് പോലെ ജോഷില്‍ഡ തന്റെ നീക്കങ്ങള്‍ സമര്‍ത്ഥമായി നടത്തിയെന്നും പോലീസ് പറയുന്നു.
ജോഷില്‍ഡയുടെ ഭാഗത്തുനിന്നുണ്ടായ ചെറിയ പിഴവാണ് അന്വേഷണം ഇവരിലേക്ക് എത്തിച്ചത്. പോലീസ് വളരെക്കാലമായി ഇവരെ പിന്തുടരുകയായിരുന്നു. അവര്‍ ചെയ്ത ചെറിയൊരു പിഴവ് കാരണം പോലീസിന് അവരെ ട്രാക്ക് ചെയ്യാനായി. ഒടുവില്‍ ചെന്നൈയിലെ വീട്ടില്‍ നിന്ന് പിടികൂടി. ജോഷില്‍ഡയാണ് പ്രതിയെന്ന് ഉറപ്പിക്കുന്ന ഡിജിറ്റല്‍, പേപ്പര്‍ തെളിവുകളും പോലീസ് കണ്ടെത്തി.
2025 ജൂണ്‍ മൂന്നിന് ഒരു സ്‌കൂളിന് ബോംബ് ഭീഷണി അയച്ചതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സര്‍ഖേജ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. 2023-ല്‍ ഹൈദരാബാദിലെ ലെമണ്‍ ട്രീ ഹോട്ടലില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിങ്ങളുടെ സ്‌കൂളില്‍ സ്‌ഫോടനം നടത്താന്‍ പോകുകയാണെന്നായിരുന്നു ഇമെയില്‍ സന്ദേശം. നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് 13 ഭീഷണി ഇമെയിലുകളും ജനീവ ലിബറല്‍ സ്‌കൂളിലേക്ക് നാലെണ്ണവും ദിവ്യ ജ്യോതി സ്‌കൂളിലേക്ക് മൂന്നെണ്ണവും ബിജെ മെഡിക്കല്‍ കോളേജിലേക്ക് ഒരു ഭീഷണി ഇമെയിലും പ്രതി അയച്ചതായി പോലീസ് പറഞ്ഞു.
ഇതിനു പുറമേ, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, കേരളം, ബീഹാര്‍, തെലങ്കാന, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങള്‍ ലക്ഷ്യമാക്കി ബോംബ് സ്‌ഫോടന ഭീഷണി ഇമെയിലുകള്‍ അയച്ചതായും പോലീസ് പറഞ്ഞു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ബോംബ് വിജയകരമായി സ്ഥാപിച്ചുവെന്നും കഴിയുമെങ്കില്‍ സ്റ്റേഡിയം സംരക്ഷിക്കുകയെന്നുമാണ് ഒരു ഇമെയിലില്‍ പറഞ്ഞിരുന്നത്. എയര്‍ ഇന്ത്യ വിമാനാപകടത്തിന് ശേഷമാണ് ബിജെ മെഡിക്കല്‍ കോളേജിലേക്ക് മറ്റൊരു മെയില്‍ അയച്ചത്. “ഇപ്പോള്‍ നിങ്ങള്‍ക്ക് അധികാരം എന്താണെന്ന് അറിയാമെന്ന് കരുതുന്നു. ഇന്നലത്തെ മെയിലില്‍ പറഞ്ഞതുപോലെ എയര്‍ ഇന്ത്യ വിമാനത്തിനൊപ്പം മുന്‍ മുഖ്യമന്ത്രിയയെും സ്‌ഫോടനത്തില്‍ തകര്‍ത്തു. വിമാനാപകടം ഒരു തട്ടിപ്പാണെന്ന് പോലീസ് കരുതി അത് അവഗണിച്ചിരിക്കും. ഞങ്ങളുടെ പൈലറ്റിന് അഭിനന്ദനങ്ങള്‍. ഇപ്പോള്‍ ഞങ്ങള്‍ വെറുതെ കളിപറയുകയല്ലെന്ന് നിങ്ങള്‍ക്കറിയാം”, ഇതായിരുന്നു ആ ഇമെയില്‍ സന്ദേശം.
June 24, 2025 10:56 AM IST
പ്രണയപ്പകയിൽ യുവാവിനെ കുടുക്കാന്‍ ഗുജറാത്തിലടക്കം 12 സംസ്ഥാനങ്ങളിൽ 21 ബോംബ് ഭീഷണിയുമായി തമിഴ്നാട് എഞ്ചിനീയറുടെ പ്രതികാരം