Leading News Portal in Kerala

അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷികം: ആ കറുത്ത ദിനങ്ങൾക്ക് ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചതെന്ത്? രണ്ടു കൊല്ലം സംഭവിച്ചതെന്ത്? | What happened in India in the two years time of emergency period


1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശം പ്രകാരം രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ജൂണ്‍ 25ന് 50 വർഷങ്ങൾ പൂര്‍ത്തിയായിരിക്കുകയാണ്. ഏകദേശം രണ്ടു വര്‍ഷത്തോളം, കൃത്യമായി പറഞ്ഞാല്‍ 21 മാസമാണ് രാജ്യത്ത് അടിയന്തരാവസ്ഥ നിലനിന്നത്. ഈ കാലയളവില്‍ ആയിരക്കണക്കിന് ആളുകളെ ജയിലിലടച്ചു. പൗരാവകാശങ്ങള്‍ റദ്ദാക്കിയത് എല്ലാവരുടെയും ജീവിതത്തെ ബാധിച്ചു.

ഇന്ദിരയുടെ ഉദ്യേശ്യങ്ങള്‍, പ്രഖ്യാപിച്ചതും സംശയിക്കുന്നതും

1971ലെ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്തതിന് ഇന്ദിരാ ഗാന്ധി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് 1975ല്‍ അലഹാബാദ് ഹൈക്കോടതി അവരെ പദവിയില്‍ നിന്ന് അയോഗ്യയാക്കിയിരുന്നു. ഇതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ച പ്രധാന കാരണം. അപ്പോഴേക്കും അവര്‍ ഒട്ടേറെ വര്‍ഷങ്ങള്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ഈ കോടതി വിധിക്ക് നാല് വര്‍ഷം മുമ്പ് പാകിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യ നിര്‍ണായകമായ വിജയം നേടിയിരുന്നു.

രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ അവര്‍ ബുദ്ധിമുട്ടുമ്പോഴാണ് 1975ലെ അലഹബാദ് ഹൈക്കോടതി വിധി വന്നത്. ഇന്ദിരയുടെ ഭരണത്തിനെതിരേ വലിയൊരു വികാരം രാജ്യത്ത് ഇതിനോടകം ആരംഭിച്ചിരുന്നു. ബീഹാറിലെ വിദ്യാര്‍ഥികളാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് ഇന്ദിരയുടെ പിതാവും രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അടുത്തയാളുമായ സ്വാതന്ത്രസമര സേനാനി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഇത് ശക്തമായി. യുവാക്കളുടെ തൊഴിലില്ലായ്മ വര്‍ധിച്ചതും സര്‍ക്കാര്‍ അഴിമതിയും കാര്യക്ഷമതയില്ലായ്മയും എന്നിവയെല്ലാം ഭരണവിരുദ്ധ വികാരമായി രാജ്യത്ത് പ്രവര്‍ത്തിച്ചു.

സാങ്കേതിക കാരണങ്ങളാല്‍ കോടതി ഇന്ദിരയെ അയോഗ്യാക്കിയപ്പോള്‍ അവര്‍ക്ക് ധാര്‍മിക അടിത്തറ നഷ്ടപ്പെട്ടതായും തിരഞ്ഞെടുപ്പിലെ സ്വാധീനം നഷ്ടപ്പെട്ടതായും മനസ്സിലായി. തുടര്‍ന്ന് ഹൈക്കോടതി വിധി റദ്ദാക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ പൂര്‍ണ ആശ്വാസം ലഭിച്ചില്ല.

എംപി എന്ന നിലയിലുള്ള എല്ലാ പദവികളും പിന്‍വലിക്കാന്‍ 1975 ജൂണ്‍ 24ന് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍, അന്തിമ വിധി വരുന്നത് വരെ അവര്‍ക്ക് പ്രധാനമന്ത്രിയായി തുടരാന്‍ അനുവാദം നല്‍കി. പ്രധാനമന്ത്രി പദത്തില്‍ തുടര്‍ന്നത് അവര്‍ക്ക് ചില അധികാരങ്ങള്‍ നല്‍കി. ഉടനടി അവര്‍ അത് ഉപയോഗപ്പെടുത്തുകയായിരുന്നു.

അര്‍ധരാത്രിയോടെ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ജനാധിപത്യത്തിന് കോട്ടം സംഭവിച്ചു

പാര്‍മെന്റിന്റെ പരമോന്നതമായ അധികാരം നഷ്ടപ്പെട്ടു. പകരം ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എക്‌സിക്യുട്ടീവില്‍ അധികാരം നിക്ഷിപ്തമായിരുന്നു. അവര്‍ ഒരു സേച്ഛാധിപതിയായി മാറാന്‍ ശ്രമിച്ചു. തന്റെ അടുത്ത പിന്‍ഗാമിയായി ഇന്ദിര കരുതിയിരുന്ന സഞ്ജയ് ഗാന്ധിയും അവര്‍ക്കൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂട്ട് നിന്നു. സഞ്ജയ് ഗാന്ധി പിന്നീട് ആകസ്മികമായി കൊല്ലപ്പെടുകയായിരുന്നു.

ദൂരവ്യാപകമായ ഒരു നീക്കമായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ നടന്നത്. മൗലികാവകാശങ്ങള്‍, നിയമത്തിനു മുന്നില്‍ എല്ലാവരെയും തുല്യതയോടെ കാണുന്ന ആര്‍ട്ടിക്കിള്‍ 14, ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 21, സംസാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ആര്‍ട്ടിക്കിള്‍ 19 എന്നിവ പോലെയുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും റദ്ദുചെയ്യപ്പെട്ടു. പൗരന്മാര്‍ക്ക് തങ്ങളെ അറസ്റ്റ് ചെയ്താല്‍ പോലും അതിനെതിരായി കോടതികളെ സമീപിക്കാന്‍ അവകാശമുണ്ടായിരുന്നില്ല എന്നതാണ് ഇത് അർത്ഥമാക്കുന്നത്.

മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്(മിസ) ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം ആളുകളെ വിചാരണ കൂടാതെ ജയിലുകളില്‍ അടച്ചു. ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവും തടവിലാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പിന്നീട് തനിക്ക് ജനിച്ച മകള്‍ക്ക് അദ്ദേഹം ‘മിസ’ എന്ന് പേര് നല്‍കിയിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടരില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍ ജയപ്രകാശ് നാരായണന്‍ ആയിരുന്നു. കൂടാതെ ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിലെ നിരവധിയാളുകളും അറസ്റ്റു ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായിയും മുന്‍ കോണ്‍ഗ്രസ് അംഗങ്ങളും ട്രേഡ് യൂണിയന്‍ അംഗങ്ങളും സോഷ്യലിസ്റ്റുകളുമെല്ലാം അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

മാധ്യമങ്ങളെയും വലിയ തോതില്‍ നിയന്ത്രിച്ചു. ചില ശ്രദ്ദേയമായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാനായത്.

ജസംഖ്യാനിയന്ത്രണത്തിന്റെ പേരില്‍ നിര്‍ബന്ധിത വന്ധ്യംകരണ നടപടികള്‍ ആരംഭിച്ചു. വന്ധ്യംകരണത്തിനുള്ള ലക്ഷ്യങ്ങളും അന്തരഫലവും കാറ്റില്‍പറത്തി അവിവാഹിതരും കുട്ടികളില്ലാത്തവരുമായ പുരുഷന്മാരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുകയും അത് അവര്‍ക്ക് ഒരിക്കലും കുട്ടികളുണ്ടാകാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയ്‌ക്കെതിരായ ഒരു ജനകീയ വികാരത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഇത് മാറി.

ഡല്‍ഹിയിലെ തുര്‍ക്കമാന്‍ ഗേറ്റിലെ ഏറ്റവും കുപ്രസിദ്ധമായ ചേരികള്‍ ഉള്‍പ്പെടെ പലതും പൊളിച്ചുമാറ്റി. നഗര സൗന്ദര്യ വത്കരണവും വികസനവും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. ഇവിടം വിടാന്‍ വിസമ്മതിച്ച നിരവധിയാളുകള്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടു.

അധികാരം കേന്ദ്രീകരിക്കാനുള്ള ശ്രമത്തിനിടെ നിരവധി സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ രാജിവയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുകയോ അല്ലെങ്കില്‍ പിരിച്ചുവിടുകയോ ചെയ്തു. ജുഡീഷ്യറിയും വിമര്‍ശനങ്ങള്‍ നേരിട്ടു.

ഇന്ദിരാ ഗാന്ധിക്കെതിരേ പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും സമ്മര്‍ദമുണ്ടായി. ലഘുലേഖകളും വാര്‍ത്താകുറിപ്പുകളും ഉപയോഗിച്ച് ഒളിഞ്ഞിരുന്നുള്ള പ്രതിരോധ പ്രസ്ഥാനങ്ങളും അവര്‍ക്കെതിരേ പ്രവര്‍ത്തിച്ചു. വിവിധ വിദേശ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ആഗോളമാധ്യമങ്ങളും ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തിലും സമ്മര്‍ദവും വിമര്‍ശനവും വര്‍ധിച്ചു.

1977 മാര്‍ച്ച് 21ന് ഇന്ദിര അടിയന്തരാവസ്ഥ പിന്‍വലിക്കുകയും പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ അവരുള്‍പ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വന്‍ പരാജയം നേരിടേണ്ടി വന്നു. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ നേരിട്ട ആദ്യ പരാജയമാണിത്.

പുതുതായി രൂപീകരിച്ച ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു. കോണ്‍ഗ്രസിലെ ഇന്ദിര വിരുദ്ധ വിഭാഗങ്ങള്‍, അടല്‍ ബിഹാരി വാജ്‌പേയിയുടെയും എല്‍.കെ. അദ്വാനിയുടെയും നേതൃത്വത്തിലുള്ള ജനസംഘം, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയെല്ലാം ഒന്നിച്ച് നിന്നു. മുന്‍ കോണ്‍ഗ്രസ് നേതാവായ മൊറാര്‍ജി ദേശായി ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി.

എന്നാല്‍ ആഭ്യന്തരമായി നിലനിന്ന പ്രശ്‌നങ്ങളും കോണ്‍ഗ്രസ് പുറത്തുപോയതോടെ പുതിയതായി ഉയര്‍ന്നുവന്ന പദ്ധതികളും കാരണം ആ സര്‍ക്കാരിന് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തില്‍ തുടരാനായില്ല.

1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിര വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ്-ജനാധിപത്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി മാറി.

നാശനഷ്ടങ്ങള്‍ നികത്തപ്പെടുന്നു

ജനതാ പാര്‍ട്ടി ഭരണത്തിലിരുന്ന കാലത്ത് 1978ല്‍ പാര്‍ലമെന്റ് ഭരണഘടനയില്‍ 44ാമത്തെ ഭേദഗതി നടത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അടിസ്ഥാന കാരണങ്ങള്‍ സായുധ കലാപം, യുദ്ധം, അല്ലെങ്കില്‍ രാജ്യത്തിന്റെ പുറത്തുനിന്നുള്ള ആക്രമണം എന്നിവയായി പരിമിതപ്പെടുത്തി. മറ്റ് കാര്യങ്ങള്‍ക്കൊപ്പം മൗലികാവകാശങ്ങളും റദ്ദാക്കാന്‍ കഴിയില്ലെന്ന് ഇത് ഉറപ്പാക്കി.

രാഷ്ട്രീയപരമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ തുടക്കമായാണ് അടിയന്തരാവസ്ഥക്കാലത്തെ പലരും നോക്കിക്കാണുന്നത്. പിന്നീട് 1984ലെ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വമ്പിച്ച ഭൂരിപക്ഷം ലഭിച്ചിരുന്നു. അടിയന്തരാവസ്ഥയെച്ചൊല്ലി പാര്‍ട്ടി ക്ഷമാപണം നടത്തുകയും മറ്റും ചെയ്തിട്ടും അതിന്റെ പ്രതിഫലനം ഇല്ലാതാക്കാന്‍ അവര്‍ നന്നേ പാടുപെട്ടു. ഇന്നും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനയെ അട്ടിമറിക്കുന്നതായി കോണ്‍ഗ്രസ് നേതാവും ഇന്ദിരയുടെ കൊച്ചുമകനുമായ രാഹുല്‍ ഗാന്ധി ആരോപിക്കുമ്പോള്‍ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം അടിയന്തരാവസ്ഥക്കാലം രാജ്യത്തെ ഇളക്കിമറിച്ചു. 50 വർഷങ്ങൾ പൂർത്തിയായിട്ടും ഇന്നും പുറത്തിറങ്ങുന്ന പുസ്തകങ്ങളിലും സിനിമകളിലും അതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു. എന്നാല്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പരാമര്‍ശിക്കുന്നതിന് മൂന്ന് പതിറ്റാണ്ടോളം സമയമെടുത്തു. 2007ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് ഇതിന് നേതൃത്വം നല്‍കിയത്.

അടിയന്തരാവസ്ഥയ്ക്ക് വളരെ സങ്കീര്‍ണമായ ഒരു ചരിത്രമാണുള്ളത്. ഇന്ദിരാ ഗാന്ധിയുടെ അധികാര ദുര്‍വിനിയോഗം മുതല്‍ രാഷ്ട്രപതിയുടെ അംഗീകാരം വരെയും ജനകീയ പ്രക്ഷോഭങ്ങളും ഒടുവില്‍ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടതും മൂന്ന് വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തിയതുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷികം: ആ കറുത്ത ദിനങ്ങൾക്ക് ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചതെന്ത്? രണ്ടു കൊല്ലം സംഭവിച്ചതെന്ത്?