വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ AI പകര്‍പ്പ്; തീര്‍ത്ഥാടകരുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ |AI offers pilgrims and visitors enhanced experience of St Peter s Basilica
Last Updated:
അടുത്ത വർഷം ബസിലിക്കയുടെ വാര്‍ഷികാഘോഷങ്ങള്‍ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നൂതനപദ്ധതി നടപ്പിലാക്കുന്നത്
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ എഐ പകര്‍പ്പുമായി ബന്ധപ്പെട്ട പദ്ധതി തിങ്കളാഴ്ച അനാച്ഛാദനം ചെയ്തു. തീര്‍ത്ഥാടകരുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളൊരുക്കുന്ന പ്രോജക്ടിന് മൈക്രോസോഫ്റ്റും ഹെറിറ്റേജ് ഡിജിറ്റലൈസേഷന്‍ കമ്പനിയായ Iconem- ആണ് നേതൃത്വം നല്‍കിയത്. അടുത്ത വർഷം ബസിലിക്കയുടെ വാര്‍ഷികാഘോഷങ്ങള്‍ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നൂതനപദ്ധതി നടപ്പിലാക്കുന്നത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ എഐ പകര്‍പ്പ് വിര്‍ച്വല്‍ ടൂറുകള്‍ക്കും ഡിജിറ്റല്‍ എക്‌സിബിഷനുകള്‍ക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റായ കര്‍ദിനാള്‍ മൗറോ ഗാംബെറ്റി മാധ്യമങ്ങളോട് പറഞ്ഞു.
വേനല്‍ക്കാലത്തെ രാത്രികളില്‍ നക്ഷത്രങ്ങള്‍ തിങ്ങിനിറഞ്ഞ ആകാശത്ത് നോക്കുന്നത് പോലെയുള്ള അനുഭൂതിയാണ് എഐ പകര്‍പ്പിലൂടെ ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വത്തിക്കാനും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നതിലൂടെ വിശ്വാസത്തിലും പൈതൃകത്തിലും സാങ്കേതികവിദ്യയുടെ നൂതന ഉപയോഗങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുമെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും ബന്ധിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുന്നുവെന്ന് സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
‘റോമിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ ആത്മീയാനുഭവം ഇത് വര്‍ധിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,” സ്മിത്ത് പറഞ്ഞു. ഈ വിര്‍ച്വല്‍ അനുഭവത്തിലൂടെ ഇതുവരെ കാണാന്‍ കഴിയാതിരുന്ന ബസിലിക്കയുടെ ഭാഗങ്ങള്‍ കാഴ്ചക്കാര്‍ക്ക് കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ എക്‌സിബിഷനിലൂടെ സന്ദര്‍ശകര്‍ക്ക് ബസിലിക്കയുടെ എത്തിച്ചേരാന്‍ കഴിയാത്ത ഭാഗങ്ങള്‍ കാണാനും കഴിയും.
ബസിലിക്കയുടെ ഓരോ കോണും അത്യാധുനിക ഡ്രോണ്‍, ക്യാമറ, ലേസര്‍ സ്‌കാനിംഗ് സാങ്കേതിക വിദ്യ എന്നിവയുപയോഗിച്ചാണ് വിര്‍ച്വല്‍ പകര്‍പ്പ് സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിപുലമായ എഐ അല്‍ഗോരിതവും ഇതിനായി ഉപയോഗപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള ജനങ്ങളെ സാംസ്‌കാരികമായും ചരിത്രപരമായും ആത്മീയപരമായും സ്വാധീനിക്കുന്ന ബസിലിക്കയുടെ എഐ പകര്‍പ്പ് റോം സന്ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്കും മികച്ച അനുഭവം പ്രദാനം ചെയ്യുമെന്ന് സ്മിത്ത് പറഞ്ഞു. വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനുള്ള മാര്‍ഗമായി പുത്തന്‍ സാങ്കേതിക വിദ്യയെ സ്വീകരിക്കാന്‍ വത്തിക്കാന്‍ സന്നദ്ധത കാണിച്ചതിന്റെ ഫലമാണ് ഈ പദ്ധതിയെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
New Delhi,Delhi
November 12, 2024 3:20 PM IST
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ AI പകര്‍പ്പ്; തീര്‍ത്ഥാടകരുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍