Leading News Portal in Kerala

‘സിന്ധു നദീജല കരാർ റദ്ദാക്കിയത് പുനഃപരിശോധിക്കണം’: ഇന്ത്യയ്ക്ക് നാല് കത്തയച്ച് പാക്കിസ്ഥാൻ Suspension of Indus Water Treaty should be reconsidered Pakistan Sent 4 Letters To India


Last Updated:

പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ പാക്കിസ്ഥാൻ ലോകബാങ്കിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്

News18News18
News18

സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ചും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും പാകിസ്ഥാൻ ഇന്ത്യയ്ക്ക് കത്തയച്ചു. നാല് കത്തുകളാണ് ഇതുവരെ പാകിസ്ഥാൻ അയച്ചത്. ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുന്നതിന് മുൻപായിയിരുന്നു ആദ്യ കത്തയച്ചത്. ശേഷം മൂന്നു കത്തുകൾ കൂടി അയച്ചു. എല്ലാ കത്തിടപാടുകളും ജൽശക്തി മന്ത്രാലയം വഴി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് പാകിസ്ഥാനിലെ റാബി വിളകളെ സാരമായി ബാധിക്കുമെന്ന് വിവിധ റിപ്പേർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഖാരിഫ് സീസണിനെ താരതമ്യേന ബാധിക്കില്ല. കൃഷിക്ക് പുറമേ, കരാർ റദ്ദാക്കിയത് ദൈനംദിന ജീവിതത്തെയും ബാധിച്ചേക്കാം. പാകിസ്ഥാനിലെ ജലലഭ്യതയിലും പ്രതിസന്ധിയുണ്ടാകാം. പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ ലോകബാങ്കിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, കരാറിലെ പങ്കാളിത്തം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ആഭ്യന്തര തീരുമാനത്തിൽ ഇടപെടാൻ ലോകബാങ്ക് ഇതുവരെ സമ്മതിച്ചിട്ടില്ലെന്നാണ് വിവരം.

പഹൽഗാം ആക്രമണത്തിന് ശേഷം, വ്യാപാരവും ഭീകരതയും, വെള്ളവും രക്തവും, വെടിയുണ്ടകളും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യൻ ജലശക്തി മന്ത്രാലയ സെക്രട്ടറി ദേബശ്രീ മുഖർജി പാകിസ്ഥാൻ ജലമന്ത്രാലയ സെക്രട്ടറി സയ്യിദ് അലി മുർതാസയ്ക്ക് കത്തെഴുതിയിരുന്നു. പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന അതിർത്തി കടന്നുള്ള ഭീകരതയുടെ ഇരയായി ഇന്ത്യ ഇപ്പോഴും തുടരുന്നുവെന്ന് കത്തിൽ വ്യക്തക്കുകയും അന്താരാഷ്ട്ര ജലവൈദ്യുത ഉടമ്പടിയിലെ പങ്കാളിത്തം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനവും ഇന്ത്യ കത്തിൽ അറിയിച്ചിരുന്നു. 1960 ലെ ഉടമ്പടിക്ക് അടിസ്ഥാനമായ പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും മനോഭാവത്തെ പാകിസ്ഥാൻ ദുർബലപ്പെടുത്തിയെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാനുമായുള്ള കരാർ റദ്ദാക്കിയതിന് ശേഷം  ജലം ഇന്ത്യക്ക് കൂടുതൽ പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ബിയാസ് നദിയെ ഗംഗാ കനാലുമായി ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത 130 കിലോമീറ്റർ കനാലും യമുന നദിയിലേക്കുള്ള ഒരു നിർദ്ദിഷ്ട വിപുലീകരണവുമാണ് ഒരു പ്രധാന പദ്ധതി. ഏകദേശം 200 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ 12 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു തുരങ്കവും ഉൾപ്പെടുന്നുണ്ട്. ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും സർക്കാർ അറിയിച്ചു. വിശദമായ പദ്ധതി റിപ്പോർട്ടും (ഡിപിആർ) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.