കാനഡയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും PM Narendra Modi accepts newly elected Canadian Prime Minister Mark Carneys invitation will attend G7 summit
Last Updated:
ഇന്ത്യയും കാനഡയും പരസ്പര ബഹുമാനത്തോടെയും പുതിയ വീര്യത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം അവസാനം കാനഡയിലെ കനനാസ്കിസിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കും. നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് മാർക്ക് കാർണി ഔദ്യോഗികമായി ക്ഷണിച്ചത്.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയിൽ നിന്ന് ഫോൺ കോൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും ഈ മാസം അവസാനം കനനാസ്കിസിൽ നടക്കുന്ന G7 ഉച്ചകോടിയിലേക്ക് തന്നെ ക്ഷണിച്ചതിന് നന്ദി പറയുകയും ചെയ്തെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, ഇന്ത്യയും കാനഡയും പരസ്പര ബഹുമാനത്തോടെയും പുതിയ വീര്യത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഉച്ചകോടിയിലെ കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
മുൻ സെൻട്രൽ ബാങ്കറും കാലാവസ്ഥാ ധനകാര്യ അഭിഭാഷകനുമായ മാർക്ക് കാർണി, അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചാണ് കാനഡയുടെ പ്രധാനമന്ത്രിയായത്.
51-ാമത് G7 ഉച്ചകോടി ജൂൺ 15 മുതൽ 17 വരെ കാനഡയിലെ കനനാസ്കിസിൽ നടക്കും. ഇത് രണ്ടാം തവണയാണ് കനനാസ്കിസ് ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 2002 ലാണ് ആദ്യ സമ്മേളനം നടന്നത്. ലോകത്തിലെ ഏറ്റവും വികസിത സമ്പദ്‌വ്യവസ്ഥകളായ കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്ന G7 ന്റെ 50-ാം വാർഷികത്തിലാണ് ഈ വർഷത്തെ ഉച്ചകോടി നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. യൂറോപ്യൻ യൂണിയനും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ, ആഗോള സമാധാനവും സുരക്ഷയും, സാമ്പത്തിക പ്രതിരോധശേഷി, കാലാവസ്ഥാ പ്രവർത്തനം, ഡിജിറ്റൽ പരിവർത്തനം എന്നിവയുൾപ്പെടെ നിരവധി അടിയന്തര വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ബ്രസീൽ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ഉക്രെയ്ൻ എന്നിവ ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളാണ്.
New Delhi,Delhi
June 06, 2025 10:25 PM IST