Leading News Portal in Kerala

മേയ് ഒന്നു മുതല്‍ എടിഎം ഫീ വര്‍ധിക്കും; സൗജന്യ പരിധി കവിഞ്ഞാല്‍ ഇടപാടിന് അധികമായി ഈടാക്കുന്നത് | ATM usage fee to go up starting May 1 all you need to know


പുതിയ നിരക്ക് വര്‍ദ്ധന മേയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള സൗജന്യ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്നും രണ്ട് രൂപ വീതം അധികമായി ഈടാക്കും. എടിഎം പരിപാലിക്കുന്നതിനും പ്രവര്‍ത്തനസജ്ജമാക്കുന്നതിനുമുള്ള ചെലവും ബാങ്ക് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ചെലവും എടിഎം നിരക്കില്‍ ഉള്‍പ്പെടും.

നിലവില്‍ 21 രൂപയാണ് സൗജന്യ പ്രതിമാസ പരിധി കവിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്ക് ഈടാക്കുന്നത്. നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നതോടെ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 23 രൂപ നല്‍കണം. നിരക്ക് വര്‍ദ്ധനയ്ക്ക് അനുമതി നല്‍കികൊണ്ടുള്ള വിജ്ഞാപനം തിങ്കളാഴ്ചയാണ് ആര്‍ബിഐ പുറത്തിറക്കിയത്.

സൗജന്യ എടിഎം ഇടപാടുകള്‍

* എല്ലാ മാസവും മാതൃ ബാങ്ക് എടിഎമ്മുകളില്‍ (ഉപഭോക്താവിന് അക്കൗണ്ടുള്ള ബാങ്കിന്റെ തന്നെ എടിഎം) അഞ്ച് ഇടപാടുകള്‍ സൗജന്യമായി നടത്താം.

* മെട്രോ നഗരങ്ങളിലെ മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ മൂന്ന് ഇടപാടുകള്‍ സൗജന്യമായി നടത്താം.

* മെട്രോ ഇതര നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും അഞ്ച് തവണ ഉപഭോക്താവിന് സൗജന്യമായി പണം പിന്‍വലിക്കാം.

സൗജന്യ ഇടപാട് പരിധികളില്‍ മാറ്റമില്ല

സൗജന്യ എടിഎം ഇടപാട് പരിധികളില്‍ മാറ്റമില്ലെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഇത് ബാധകമാണ്. നിലവില്‍, സൗജന്യ പരിധി കവിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത് 21 രൂപയാണ്. 2022 മുതലാണ് ഈ നിരക്ക് ഈടാക്കി തുടങ്ങിയത്.

ഉപഭോക്താക്കള്‍ക്ക് അവരുടെ സൗജന്യ ഇടപാട് പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്ക് മാത്രമേ നിരക്ക് വര്‍ദ്ധനയുള്ളൂ. അതായത് മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും പ്രതിമാസം മൂന്ന് തവണയും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ച് തവണയും സൗജന്യമായി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം.

നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍സിപിഐ) ശുപാര്‍ശകളെ തുടര്‍ന്നുള്ള ആര്‍ബിഐ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് എടിഎം നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നത്. എടിഎം പരിപാലനത്തിനുള്ള വര്‍ദ്ധിച്ച ചെലവ് നികത്തുന്നതിന് ബാങ്കുകളും എടിഎം ഓപ്പറേറ്റര്‍മാരും നിരക്ക് വര്‍ദ്ധനയ്ക്കുവേണ്ടി ആവശ്യമുന്നയിച്ചിരുന്നു.

ചെറുകിട ബാങ്കുകളെ എടിഎം നിരക്ക് വര്‍ദ്ധനവ് സാരമായി ബാധിച്ചേക്കും. ഇത്തരം ചെറു ബാങ്കുകള്‍ക്ക് കുറച്ച് എടിഎമ്മുകള്‍ മാത്രമേയുള്ളൂ. മാത്രമല്ല, പണം പിന്‍വലിക്കുന്നതിനായി ഈ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്ക് എടിഎമ്മുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് പരിശോധിക്കുന്നതിനും സ്വന്തം ബാങ്കിന്റെ എടിഎമ്മിനു പുറമേ മറ്റ് ബാങ്കുകളുടെ എടിഎമ്മിനെ ആശ്രയിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ചെലവ് കൂടും. സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 23 രൂപ നല്‍കേണ്ടതായി വരും.