Leading News Portal in Kerala

കൊച്ചി മെട്രോ ഇനി രാജനഗരിയിലേക്ക് കുതിക്കും; പരീക്ഷണയോട്ടം ഇന്ന്|kochi metro trial run today from sn junction to tripunithura


Last Updated:

എസ് എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്നു മുതല്‍ ആരംഭിക്കും.

കൊച്ചി: തൃപ്പൂണിത്തുറയിലേയ്ക്കുള്ള കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം ഇന്ന്. രാത്രി 11.30നാണ് പരീക്ഷണയോട്ടം ആരംഭിക്കുക. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷനാണ് പ്രവര്‍ത്തനത്തിന് സജ്ജമാകുന്നത്.

എസ്.എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 1.18 കിലോമീറ്ററിന്റെ നിർമ്മാണമാണ് നിലവിൽ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്,ടെലികോം,ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയൽ റൺ ഉടൻ ആരംഭിക്കും.

റെയിൽവേയുടെ സ്ഥലം കൂടി ലഭ്യമായതോടെ മെയ് 2022ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണത്തിന് വേഗതയേറിയത്. ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 60 മീറ്റർ മേഖലയിലാണ്.

ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക. 1.35 ലക്ഷം ചതുരശ്ര അടിയിൽ വിസ്തീർണ്ണമുള്ള തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.