യുപിഐ മാറ്റങ്ങള്‍; ഗൂഗിള്‍ പേയും ഫോണ്‍ പേയും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക|New UPI rules starting from November google pay, phone pay and other users should note
Last Updated:
നവംബര്‍ ഒന്നുമുതല്‍ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്
നവംബര്‍ ഒന്ന് മുതല്‍ സുപ്രധാന മാറ്റങ്ങളുമായി എത്തുകയാണ് യുപിഐ. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഈ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ യുപിഐയില്‍ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിര്‍ദേശപ്രകാരം ഉപയോക്താക്കള്‍ക്ക് പിന്‍ നമ്പര്‍ നല്‍കാതെ തന്നെ 1000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാകും. മുമ്പ് ട്രാന്‍സാക്ഷന്‍ പരിധി 500 രൂപയായിരുന്നു. പ്രതിദിന ഇടപാടുകളുടെ പരിധി 4000 ആണ്. പരമാവധി വാലറ്റ് ബാലന്‍സ് പരിധി 2000ല്‍ നിന്ന് 5000 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്.
ഒരു നിശ്ചിത തുകയെക്കാള്‍ യുപിഐ ലൈറ്റിലെ ബാലന്‍സ് താഴ്ന്നാല്‍ ഓട്ടോ ടോപ് അപ്പ് ഫീച്ചറിലൂടെ ഓട്ടോമാറ്റിക്കായി പണം റീചാര്‍ജ് ചെയ്യപ്പെടും. ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം അഞ്ച് ഓട്ടോമാറ്റിക് റീചാര്‍ജുകളുടെ ടോപ്പ് അപ്പ് തുക സജ്ജീകരിക്കാനാകും. ഈ സംവിധാനത്തിലൂടെ യുപിഐ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ പറയുന്നത്.
ഈ സൗകര്യം ലഭ്യമാകുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും യുപിഐ ലൈറ്റ് വാലറ്റ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പണം എത്തുന്ന തരത്തില്‍ യുപിഐ ആപ്പിലെ മാന്‍ഡേറ്റ് ക്രമീകരിക്കാവുന്നതാണ്. പിന്നീട് എപ്പോള്‍ വേണമെങ്കിലും ഇത് റദ്ദാക്കാനും സാധിക്കും.
അതേസമയം ഇക്കഴിഞ്ഞ ഒക്ടോബറില്‍ 16.58 ബില്യണ്‍ യുപിഐ ട്രാന്‍സാക്ഷനാണ് എന്‍സിപിഐ രേഖപ്പെടുത്തിയത്. സെപ്റ്റംബറിനെക്കാള്‍ പത്ത് ശതമാനം അധികമായിരുന്നു ഇതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
New Delhi,Delhi
November 04, 2024 10:12 AM IST