Last Updated:
ആക്രമണ ദൃശ്യങ്ങൾ വൈറലായതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ പ്രതിഷേധത്തിന് തുടക്കം കുറിച്ചു
കറാച്ചിയില്‍ ഹിന്ദു യുവാവിനെ മര്‍ദ്ദിച്ച ബയോണിക് ഫിലിംസ് ഉടമയായ പാക്കിസ്ഥാനി മാധ്യമ വ്യവസായി സല്മാന് ഫറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. സുധേര് ദുന്‍ രാജിനെയാണ് ഫറൂഖ് സല്മാന് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സല്‍മാനെ അറസ്റ്റ് ചെയ്തത്.
കറാച്ചി ഡിഫന്‍സ് സൊസൈറ്റി മേഖലയിലാണ് സംഭവം നടന്നത്. സുധേര് ദുന്‍ രാജ് അദ്ദേഹത്തിന്റെ സഹോദരി കല്പനയുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. ഇത്തേഹാദ് പരിസരത്ത് എത്തിയപ്പോള്‍ സല്മാന് ഫറൂഖിന്റെ വാഹനത്തിലേക്ക് സുധേറിന്റെ ബൈക്ക് ഇടിച്ചതാണ് പ്രശ്നത്തിന് കാരണമായത്.
തുടര്‍ന്നുണ്ടായ രോഷത്തിലാണ് സുധേറിനെ സല്മാന് ക്രൂരമായി മര്‍ദ്ദിച്ചത്. വാഹനപകടത്തെ തുടര്‍ന്നുണ്ടായ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്. സല്‍മാനും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും സുധേറിനെ ശാരീരികമായി ഉപദ്രവിക്കുന്നതും സഹോദരി ഉപദ്രവിക്കരുതെന്ന് പറഞ്ഞ് അപേക്ഷിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സുധേറിനെ കൈകള്‍ സല്മാന് പിടിച്ച് വെക്കുന്നതും അയാള്‍ക്കൊപ്പമുള്ളവര്‍ അദ്ദേഹത്തെ തുടര്‍ച്ചയായി അടിക്കുന്നതും വീഡിയോയിലുണ്ട്. സഹോദരി കല്പന കൈക്കൂപ്പി അയാളോട് അപേക്ഷിക്കുന്നുണ്ട്. ഇത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അയാള്‍ അവരുടെ അഭ്യര്‍ത്ഥ അവഗണിച്ച് ആക്രമണം തുടരുകയാണ്.
Disgusting. #SalmanFarooqui, CEO of #BionicFilms, proves how heartless the elite can be. Over a minor incident, he chose violence while the victim’s sister PLEADED for mercy. How cruel can you be? This isn’t power, it’s inhumanity.🔥pic.twitter.com/rFcPEDLcU5
— Mansoor Dhillon 🇵🇸 (@MansoorDhillon_) June 2, 2025
ദൃക്സാക്ഷി മുഹമ്മദ് സലീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗിസ്രി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. വധഭീഷണി, ശാരീരിക ആക്രമണം, വാക്കാലുള്ള അധിക്ഷേപം, ഒരു സ്ത്രീയെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ സല്മാന് ഫറൂഖിനെയും മറ്റൊരു പ്രതിയെയും കറാച്ചി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. നിരവധി ഉപയോക്താക്കള്‍ ഒരു ഹിന്ദു യുവാവിനെ മതപരമായി ലക്ഷ്യം വച്ചതിനെ അപലപിച്ചു.
June 05, 2025 1:39 PM IST