Leading News Portal in Kerala

UPS v/s NPS എന്ത് വേണം ? യുണൈറ്റഡ് പെൻഷൻ സ്കീമോ? നാഷണൽ പെൻഷൻ സ്കീമോ? തീരുമാനിക്കാൻ മൂന്ന് മാസം കൂടി സമയം Union Finance Ministry extendse deadline for central government employees to opt for Unified Pension Scheme UPS or National Pension System NPS by three months


Last Updated:

ജൂണ്‍ 30-ല്‍ നിന്ന് സെപ്റ്റംബര്‍ 30 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്

News18News18
News18

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏകീകൃത പെന്‍ഷന്‍ പദ്ധതിയോ (യുപിഎസ്) ദേശീയ പെന്‍ഷന്‍ സംവിധാനമോ (എന്‍പിഎസ്) തിരഞ്ഞെടുക്കാനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടി കേന്ദ്ര ധനമന്ത്രാലയം. ജൂണ്‍ 30-ല്‍ നിന്ന് സെപ്റ്റംബര്‍ 30 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. ജീവനക്കാരുടെ യൂണിയനുകളും വിരമിച്ചവരുടെ സംഘടനകളും ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമയപരിധി നീട്ടിയിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതലാണ് യുപിഎസ് പ്രാബല്യത്തില്‍ വന്നത്. എന്‍പിഎസില്‍ നിന്നും വ്യത്യസ്തമായി യുപിഎസ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഉറപ്പായ പ്രതിമാസ പെന്‍ഷന്‍ തുകയും റിട്ടയര്‍ ചെയ്യുമ്പോള്‍ മൊത്തം ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു. സ്ഥിരമായ ഒരു വരുമാനം എന്‍പിഎസ് ഉറപ്പുനല്‍കുന്നില്ല.

എന്‍പിഎസ് അതുപോലെ നിലനിര്‍ത്തിക്കൊണ്ട് ഓപ്ഷണലായിട്ടാണ് യുപിഎസ് അവതരിപ്പിച്ചിരിക്കുന്നത്. എന്‍പിഎസില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക് യുപിഎസിലേക്ക് മാറാനുള്ള അവസരമുണ്ട്. ഇതില്‍ ഏത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സമയപരിധിയാണ് സര്‍ക്കാര്‍ നീട്ടി നല്‍കിയിരിക്കുന്നത്. ഗുണഭോക്താക്കളില്‍ നിന്നുള്ള അപേക്ഷകള്‍ കണക്കിലെടുത്ത് സെപ്റ്റംബര്‍ 30 വരെ സമയം നീട്ടിയതായി ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ആര്‍ക്കൊക്കെ യുപിഎസ് തിരഞ്ഞെടുക്കാം

* 2025 ഏപ്രില്‍ 1 വരെയും അതിനുശേഷവും സര്‍വീസില്‍ ഉള്ളവര്‍ക്ക് യുപിഎസ് തിരഞ്ഞെടുക്കാം.

* 2025 മാര്‍ച്ച് 31-നോ അതിനു മുമ്പോ റിട്ടയര്‍ ചെയ്തവര്‍. കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും സര്‍വീസ് കാലയളവുള്ളവര്‍ക്ക് യുപിഎസ് തിരഞ്ഞെടുക്കാം. എന്നാല്‍ അടിസ്ഥാന നിയമങ്ങള്‍ പ്രകാരം വിരമിച്ചവര്‍ ആയിരിക്കണമെന്നും നിബന്ധനയുണ്ട്.

* യോഗ്യത മാനദണ്ഡങ്ങള്‍ ബാധകമായിട്ടുള്ള വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ മരണപ്പെടുകയാണെങ്കില്‍ അവരുടെ നിയമപരമായിട്ടുള്ള ജീവിത പങ്കാളിക്കും യുപിഎസ് തിരഞ്ഞെടുക്കാം.

തീരുമാനം മാറ്റാനാകില്ല

ഒരിക്കല്‍ യുപിഎസ് തിരഞ്ഞെടുത്താല്‍ പിന്നീട് എന്‍പിഎസിലേക്ക് തിരിച്ചുപോകാന്‍ ജീവനക്കാരന് കഴിയില്ല. തീരുമാനം അന്തിമമായിരിക്കും. യുപിഎസ് തിരഞ്ഞെടുക്കുന്നവര്‍ക്ക് അവരുടെ നിലവിലുള്ള എന്‍പിഎസ് തുക യുപിഎസിനു കീഴിലുള്ള ഒരു പെര്‍മനന്റ് റിട്ടയര്‍മെന്റ് എക്കൗണ്ട് നമ്പറിലേക്ക് (പ്രാന്‍) മാറ്റും.

പുതിയ ജീവനക്കാര്‍ക്കുള്ള നിര്‍ദ്ദേശം

പുതുതായി കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുള്ള ജീവനക്കാര്‍ ജോലിയില്‍ കയറി 30 ദിവസത്തിനുള്ളില്‍ എന്‍പിഎസോ യുപിഎസോ എന്ന് തീരുമാനിക്കണം.

സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ ഓപ്ഷന്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ സ്വമേധയ നിങ്ങളുടെ പെന്‍ഷന്‍ സ്‌കീം എന്‍പിഎസ് ആയി തുടരും. യുപിഎസിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെ വിപുലീകരിച്ചിരുന്നു. യുപിഎസ് തിരിഞ്ഞെടുക്കുന്നവര്‍ ഗ്രാറ്റുവിറ്റി യോഗ്യത ദീര്‍ഘിപ്പിച്ചിരുന്നു. മാത്രമല്ല റിട്ടയര്‍മെന്റിന് ശേഷമുള്ള പെന്‍ഷന്‍ സുരക്ഷയും സര്‍ക്കാര്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.