മറ്റൊരാളുമായുള്ള അമ്മയുടെ ബന്ധം കണ്ടത് പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരനെ മർദിച്ചതിന് കഠിനതടവ്|Court awards imprisonment to mother and lover for assault on son who witnessed their sexual activity
Last Updated:
വീട്ടിൽ വെച്ച് ഒരിക്കൽ ഇരുവരും ബന്ധപ്പെടുന്നത് കണ്ട കുട്ടി പിന്നീട് ഇത് ആവർത്തിച്ചപ്പോൾ പിതാവിനെ അറിയിക്കും എന്ന് പറഞ്ഞതാണ് പ്രകോപനം ആയത്
പത്തനംതിട്ട : അമ്മ മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് കണ്ട കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ കുട്ടിയുടെ അമ്മയ്ക്കും അവരുടെ ആൺസുഹൃത്തിനും 3 മാസം വീതം കഠിനതടവും പിഴയും. കോട്ടാങ്ങൽ സ്വദേശികളുമായ 47 കാരിയും അവരുടെ കൂട്ടുകാരനായ 38 കാരനുമാണ് ശിക്ഷ ലഭിച്ചത്.
2023 ൽ പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ പത്തനംതിട്ട അതിവേഗസ്പെഷ്യൽ കോടതി ജഡ്ജി റ്റി മഞ്ജിത്ത് ആണ് ശിക്ഷ വിധിച്ചത്. പ്രതികൾ ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. കുട്ടിയും മാതാവും താമസിക്കുന്ന വീട്ടിൽ 2023 ഏപ്രിൽ 6 നും 9 നുമിടയിലാണ് സംഭവം.
കുട്ടിയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടയാളായ മാതാവ് ഒന്നാം പ്രതിയും മർദിച്ച സുഹൃത്ത് രണ്ടാം പ്രതിയുമായാണ് കേസ്. മാതാവ് ഒരു ദിവസം രാത്രി വീട്ടിലെത്തിയ സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മകൻ കാണാനിടയായി. തുടർന്നുള്ള ദിവസങ്ങളിലും ഇരുവരും ഇത്തരത്തിൽ ചെയ്യുന്നത് കണ്ടപ്പോൾ കുട്ടി പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞു.
ഇതിൽ പ്രകോപിതനായ അമ്മയുടെ സുഹൃത്ത് വീട്ടിനുള്ളിൽ വച്ച് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. കുതറി ഓടിയ കുട്ടിയെ അയാൾ പിന്നാലെ ചെന്ന് വീട്ടുമുറ്റത്ത് കിടന്ന് കമ്പെടുത്ത് പുറത്തടിച്ചു. മാതാവാകട്ടെ ഇക്കാര്യം പിതാവിനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ആൺസുഹൃത്തിൽ നിന്നും കുട്ടിക്ക് ദേഹോപദ്രവം ഏൽക്കാൻ അവസരമൊരുക്കുകയും ചെയ്തു.
മർദനത്തിനും ഭീഷണിപ്പെടുത്തിയതിനും പോക്സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് പെരുമ്പെട്ടി എസ്ഐ റ്റി സുമേഷ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. എസ് ഐ ജിജിൻ സി ചാക്കോ ആയിരുന്നു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഒന്നാം പ്രതിക്ക് മൂന്ന് മാസം കഠിനതടവും 5000 രൂപയും, രണ്ടാം പ്രതിക്ക് മൂന്നുമാസം കഠിനതടവും ആയിരം രൂപ പിഴയുമാണ് കോടതി ശീക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ യഥാക്രമം അഞ്ചുദിവസവും ഒരു ദിവസവും വീതം അധിക കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് കോടതിയിൽ ഹാജരായി.എ എസ് ഐ ഹസീന കോടതി നടപടികളിൽ പങ്കാളിയായി.
Pathanamthitta,Kerala
July 13, 2025 8:06 AM IST