Leading News Portal in Kerala

ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് പാകിസ്ഥാന്‍; തല്‍ക്കാലം പറ്റില്ലെന്ന് മലേഷ്യ | Pakistans religion card against India flops in Malaysia


Last Updated:

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സമീപനത്തെക്കുറിച്ചുള്ള ബ്രീഫിംഗിന് ഇന്ത്യന്‍ സര്‍വകക്ഷി സംഘത്തിന് മലേഷ്യ നന്ദി പറഞ്ഞു

മലേഷ്യയിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം (ചിത്രം: പി‌ടി‌ഐ)മലേഷ്യയിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം (ചിത്രം: പി‌ടി‌ഐ)
മലേഷ്യയിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം (ചിത്രം: പി‌ടി‌ഐ)

ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലീങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം നിരാകരിച്ച് മലേഷ്യ. മുസ്ലീം ഐക്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രതിനിധി സംഘവുമായുള്ള എല്ലാ ആശയവിനിമയ പരിപാടികളും റദ്ദാക്കാന്‍ പാകിസ്ഥാന്‍ മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍, പാകിസ്ഥാന്റെ ഈ ആവശ്യം മലേഷ്യ നിരസിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ പ്രതിനിധി സംഘാംഗങ്ങളുമായുള്ള യോഗങ്ങള്‍ റദ്ദാക്കണമെന്ന ആഹ്വാനത്തെ പിന്തുണയ്കക്കുന്നതിന് പാകിസ്ഥാന്‍ ‘ഐക്യരാഷ്ട്ര സഭയിലെ കശ്മീര്‍ വിഷയം’ ഉദ്ധരിച്ചുവെന്നും ഇന്ത്യാ ടുഡെയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

”ഞങ്ങള്‍ ഒരു ഇസ്ലാമിക രാജ്യമാണ്, നിങ്ങളും ഒരു ഇസ്ലാമിക രാജ്യമാണ്. ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ശ്രദ്ധിക്കരുത്. മലേഷ്യയിലെ അവരുടെ എല്ലാ പരിപാടികളും റദ്ദു ചെയ്യുക,”മലേഷ്യയിലെ പാക് എംബസി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടും മലേഷ്യ സമാധാനത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സമീപനത്തെക്കുറിച്ചുള്ള ബ്രീഫിംഗിന് ഇന്ത്യന്‍ സര്‍വകക്ഷി സംഘത്തിന് മലേഷ്യ നന്ദി പറയുകയും ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ അന്താരാഷ്ട്രതലത്തിലും സ്വതന്ത്രവുമായയ അന്വേഷണം നടത്തുന്നതിന് മലേഷ്യ പാകിസ്ഥാന് പിന്തുണ അറിയിച്ചിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തെ മലേഷ്യ പിന്തുണയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് വാദത്തെ ഫോൺ സംഭാഷണത്തിനിടെ പാക് പ്രധാനമന്ത്രി തള്ളിയിരുന്നു.

ഇന്ത്യന്‍ പ്രതിനിധി സംഘം മലേഷ്യയിൽ

ജെഡിയു എംപി സഞ്ജയ് കുമാര്‍ ഝായുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘമാണ് മലേഷ്യയിലെത്തി. മലേഷ്യൻ പാര്‍ലമെന്റ് പ്രതിനിധി സഭ സ്പീക്കര്‍ വൈ ബി ടാന്‍ ശ്രീ ദാതോ(ഡോ) ജോഹാരി ബിന്‍ അബ്ദുളുമായി അവര്‍ കൂടിക്കാഴ്ച നടത്തി. തീവ്രവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തെക്കുറിച്ച് വിശദീകരിച്ചു. തീവ്രവാദത്തിനെതിരായ കൂട്ടായ പോരാട്ടത്തില്‍ മലേഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സഹകരണം തേടുകയും ചെയ്തു.

പാര്‍ലമെന്റ് അംഗവും വിദേശ ബന്ധം, വ്യാപാരം എന്നിവ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി പ്രത്യേക സമിതിയുടെ ചെയര്‍മാനുമായ വൈ ബി വോംഗ് ചെന്നുമായി ഇന്ത്യന്‍ സംഘം കൂടിക്കാഴ്ച നടത്തി. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിക്കുകയും തീവ്രവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കാനാണ് ഭരണ, പ്രതിപക്ഷ കക്ഷികളിലെ നേതാക്കന്മാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഇന്ത്യ പ്രതിനിധി സംഘങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുന്നത്. ഏഴ് പ്രതിനിധി സംഘങ്ങള്‍ 33 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/World/

ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് പാകിസ്ഥാന്‍; തല്‍ക്കാലം പറ്റില്ലെന്ന് മലേഷ്യ