Leading News Portal in Kerala

106 കോടി രൂപയ്ക്ക് സ്റ്റാര്‍ട്ടപ്പ് വിറ്റ 28 കാരൻ കുടുംബം നോക്കാന്‍ ജോലി ഉപേക്ഷിച്ചു|28-year-old who sold startup for Rs 106 crore quits job to take care of family


Last Updated:

സ്റ്റാര്‍ട്ടപ്പ് വിറ്റ് വിശ്രമ ജീവിതത്തിലേക്ക് കടന്ന 28 കാരൻ ഇപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ്

News18News18
News18

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും പിന്നീട് വലിയ മൂല്യത്തിന് വില്‍ക്കുകയും ചെയ്യുന്ന സംരംഭകരുടെ കഥകള്‍ നമുക്ക് സുപരിചിതമാണ്. തന്റെ 24-ാം വയസ്സില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ച് 28-ാം വയസ്സില്‍ അത് വില്‍ക്കുകയും കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുകയും ചെയ്യുന്ന ഫ്‌ളോറിഡയില്‍ നിന്നുള്ള ഒരു സംരംഭകന്റെ കഥയാണ് ഇപ്പോള്‍ വര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

തന്റെ 21-ാം വയസ്സില്‍ നഥാനിയേല്‍ ഫാരല്ലി എന്ന ആ യുവാവ് ഒരു നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു. 24-ാം വയസ്സില്‍ അദ്ദേഹം ഒരു ഹോം ഇന്‍ഫ്യൂഷന്‍ തെറാപ്പി കമ്പനി രൂപീകരിച്ചു. നാല് വര്‍ഷം പിന്നിട്ടപ്പോള്‍ ആ കമ്പനി അദ്ദേഹം 12.5 മില്യണ്‍ ഡോളറിന് വിറ്റു. അതായത്, ഏകദേശം 106 കോടി രൂപയ്ക്ക്.

സ്റ്റാര്‍ട്ടപ്പ് വിറ്റ് വിശ്രമ ജീവിതത്തിലേക്ക് കടന്ന 28-കാരനായ ആ സംരംഭകന്‍ ഇപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ്. 14 മില്യണ്‍ ഡോളറിന്റെ (ഏകദേശം 119 കോടി രൂപ) ആസ്തിയുണ്ട് അദ്ദേഹത്തിനിന്ന്.

‘റിവിറ്റലൈസ്’ എന്നാണ് ഫാരല്ലിയുടെ ഹോം ഇന്‍ഫ്യൂഷന്‍ തെറാപ്പി കമ്പനിയുടെ പേര്. ആന്റിബയോട്ടിക്കുകളും ഐവി മരുന്നുകളും എടുക്കുന്നതിന് രോഗികള്‍ക്ക് അവരുടെ വീടുകളിലേക്ക് നഴ്‌സുമാരെ ലഭ്യമാക്കുന്ന കമ്പനിയാണിത്. 2020-ല്‍ കോവിഡ് കാലത്ത്, ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പേടിച്ചിരുന്ന സമയത്ത് ഇത്തരം സേവനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നു. ഈ സമയത്താണ് ഫാരല്ലി തന്റെ കമ്പനി ആരംഭിച്ചത്.

കമ്പനിയുടെ തുടക്കകാലത്ത് തന്നെ ധാരാളം നിക്ഷേപ താല്‍പ്പര്യങ്ങള്‍ വന്നിരുന്നുവെന്ന് ഫാരല്ലി പറയുന്നു. കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സ്വകാര്യ ഇക്വിറ്റി സംരംഭങ്ങളില്‍ നിന്നും കോളുകള്‍ വന്നതായും അദ്ദേഹം അറിയിച്ചു. ദശലക്ഷകണക്കിന് ഡോളറുകള്‍ വാഗ്ദാനം ചെയ്ത് കമ്പനി ഏറ്റെടുക്കാനുള്ള പ്രൊപ്പോസലുകളും അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍, അദ്ദേഹം ഇത്തരം പ്രൊപ്പോസലുകള്‍ അത്ര പ്രോത്സാഹിപ്പിച്ചിരുന്നില്ല. കമ്പനി കൈമാറുന്നതിനുള്ള ശരിയായ സമയം ആയിട്ടില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

പുറത്തുനിന്നുമുള്ള സഹായമില്ലാതെ നിലവിലെ സാഹചര്യത്തില്‍ വളരാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് കമ്പനി വില്‍ക്കാന്‍ ഫാരല്ലി തീരുമാനിച്ചത്. ഒരു വലിയ കമ്പനിക്ക് തന്റെ നഴ്‌സുമാരെ മികച്ച രീതിയില്‍ പിന്തുണയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ചിന്തിച്ചു. ജീവിതത്തിലെ അടുത്ത ഘട്ടത്തെക്കുറിച്ച് താന്‍ ശരിക്കും ആലോചിക്കാന്‍ തുടങ്ങിയത് അപ്പോഴാണെന്നും ഫാരല്ലി വ്യക്തമാക്കി. കുടുംബ കാര്യങ്ങള്‍ നോക്കാനും കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും താന്‍ ആഗ്രഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2023-ലാണ് ഫാരല്ലി റിവിറ്റലൈസ് വില്‍ക്കുന്നത്. യുഎസിലെ ഏറ്റവും വലിയ ഇന്‍ഫ്യൂഷന്‍ കമ്പനികളില്‍ ഒന്നാണ് റിവിറ്റലൈസ് ഏറ്റെടുത്തത്. ഉടമസ്ഥത കൈമാറിയെങ്കിലും ഒന്നര വര്‍ഷത്തോളം അദ്ദേഹം കമ്പനിയില്‍ തുടര്‍ന്നു. ഇപ്പോള്‍ തന്റെ നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന ‘സ്‌റ്റേ അറ്റ് ഹോം രക്ഷിതാവാ’ണ് ഫാരല്ലി.

‘എന്റെ യഥാര്‍ത്ഥ വിരമിക്കല്‍ ഇതായിരുന്നു. കുടുംബത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സ്വയം വികസിക്കാനും ഈ തീരുമാനത്തിലൂടെ സാധിച്ചു’, ഫാരല്ലി സിഎന്‍ബിസിയോട് പറഞ്ഞു.

വിശ്രമ ജീവിതം ആസ്വദിക്കുന്നതിനു പുറമേ ഫാരല്ലി ഒരു ഏഞ്ചല്‍ നിക്ഷേപകന്‍ കൂടിയായി മാറി. കൂടാതെ ഒരു സുഹൃത്തിന്റെ കോഫി കമ്പനിയെയും ഒരു ഫിറ്റ്‌നസ് ആപ്പിനെയും അദ്ദേഹം പിന്തുണയ്ക്കുന്നുമുണ്ട്.