കാര്‍ഷിക ഭീകരവാദമോ ? യുഎസിലേക്ക് ഫംഗസ് കടത്താന്‍ നടത്തിയ ശ്രമം ആശങ്കയുയര്‍ത്തുന്നു | Agricultural terrorism Attempt to smuggle fungus into US raises concerns
ചൈനീസ് പൗരനായ സുന്യോങ് ലിയു(34) 2024 ജൂലൈയില്‍ തന്റെ കാമുകി യുന്‍കിംഗ് ജിയാനെ(33) സന്ദര്‍ശിക്കുന്നതിനിടെയാണ് ഫംഗസിനെ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. ജിയാനെ ജോലി ചെയ്തിരുന്ന മിഷിഗണ്‍ സര്‍വകലാശാലയിലെ ലബോറട്ടറിയില്‍ ഗവേഷണം നടത്തുന്നതിനായി ഫംഗസിനെ കടത്തിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.ഗൂഢാലോചന, അമേരിക്കയിലേക്ക് വസ്തുക്കൾ കടത്തല്‍, വ്യാജ മൊഴി, വിസ തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
ഈ സംഭവത്തെ ഗുരുതരമായ ദേശീയ സുരക്ഷാ ഭീഷണി എന്നാണ് എഫ്ബിഐ വിശേഷിപ്പിച്ചത്. ഭക്ഷ്യവിതരണ സംവിധാനങ്ങളെ ലക്ഷ്യമിടുന്ന ഈ ഫംഗസുകള്‍ സമ്പദ്യ വ്യവസ്ഥയെ തകര്‍ക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
ഒരു രാജ്യത്തിന്റെ ഭക്ഷ്യ വിതരണത്തിലോ കാര്‍ഷിക മേഖലയിലോ സാമ്പത്തിക തകര്‍ച്ച, ഭക്ഷ്യക്ഷാമം അല്ലെങ്കില്‍ സാമൂഹികമായ അരക്ഷിതാവസ്ഥ എന്നിവ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കീടങ്ങള്‍, രോഗകാരികള്‍, രോഗങ്ങള്‍ എന്നിവയെ ബോധപൂര്‍വം എത്തിക്കുന്നതിനെയാണ് കാര്‍ഷിക ഭീകരത അഥവാ അഗ്രിക്കള്‍ച്ചറല്‍ ടെററിസം എന്നത് അര്‍ത്ഥമാക്കുന്നത്.
പരമ്പരാഗത രീതിയിലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത് ലക്ഷ്യമിടുന്നത് മനുഷ്യരെയോ അല്ലെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളെയോ അല്ല. മറിച്ച് സസ്യസമ്പത്ത്, കന്നുകാലികള്‍, വളരെ പ്രധാനപ്പെട്ട ഭക്ഷ്യ സംവിധാനങ്ങള്‍ എന്നിവയെയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖല ആഗോളതലത്തില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് കണക്കിലെടുക്കുമ്പോള്‍ ഒരു പ്രാദേശിക പകര്‍ച്ചവ്യാധി പോലും സമ്പദ് വ്യവസ്ഥകളിലും അന്താരാഷ്ട്ര വിപണികളിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലെ വിളകളെ ഇതിനോടകം തന്നെ ഈ ഫംഗസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റുരാജ്യങ്ങളിലേക്ക് ഇത് കൊണ്ടുപോകുമ്പോള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. പുതിയ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതോ അനുമതിയില്ലാതെ ഗവേഷണങ്ങള്‍ക്കോ ഇത് ഉപയോഗിക്കുന്നത് താരത്യമേന ദുര്‍ബലമായ വിളകളെ ബാധിച്ചേക്കും. ഇത് വളരെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഇത് ഫ്യൂസേറിയം ഹെഡ് ബ്ലൈറ്റ് എന്ന സ്‌കാബ് ഉണ്ടാക്കുന്നു. ഇത് ഗോതമ്പ്, ബാര്‍ലി, ഓട്‌സ്, ചോളം തുടങ്ങിയ ധാന്യവിളകളെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ്. ഈ ഫംഗസ് ചെടികളുടെ പൂക്കള്‍ ഉണ്ടാകുന്ന ഭാഗങ്ങളെ(Flowering head) ആക്രമിക്കുകയും ധാന്യവളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വിളവില്‍ ഗണ്യമായ കുറവ് ഉണ്ടാകും. എന്നാല്‍, ഇതുകൊണ്ടും പ്രശ്‌നം അവസാനിക്കുന്നില്ല. രോഗം ബാധിച്ച ധാന്യങ്ങളില്‍ പലപ്പോഴും മൈക്കോടോക്‌സിനുകള്‍ എന്നറിയപ്പെടുന്ന വിഷ സംയുക്തകള്‍, പ്രത്യേകിച്ച് വോമിറ്റോക്‌സില്‍ എന്ന് അറിയപ്പെടുന്ന ഡിയോക്‌സിനിവാലനോള്‍ ഉത്പാദിപ്പിക്കപ്പെടും. ഇവ വയറ്റിലെത്തുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷകരമാണ്. വിളവ് കേട് കൂടാതെ ഇരുന്നാല്‍ പോലും വലിയൊരു ഭാഗം ഭക്ഷ്യയോഗ്യമല്ലാതായി മാറുന്നു.
ആഗോളതലത്തില്‍ ഈ ഫംഗസ് ബാധ മൂലം കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് കാര്‍ഷിക മേഖലയിലുണ്ടാകുന്നത്. അമേരിക്കയില്‍ മാത്രം ഫംഗസ് ബാധ മൂലം ബാര്‍ലി കര്‍ഷകര്‍ക്ക് 1990 മുതല്‍ മൂന്നൂറ് കോടി ഡോളര്‍ മുതല്‍ നാനൂറ് കോടി ഡോളറിന്റെ വരെ നഷ്ടമുണ്ടായിട്ടുണ്ട്. 1993, 1998 എന്നീ വര്‍ഷങ്ങളില്‍ ഫംഗസ് ബാധ അതിരൂക്ഷമാകുകയും ചില ഇടങ്ങളില്‍ 50 ശതമാനം വരെ വിളവ് നഷ്ടമുണ്ടാക്കുകയും ചെയ്തു. നേരിട്ടുള്ള വിള നഷ്ടത്തിന് പുറമെ വിഷ സംയുക്തങ്ങളുടെ സാന്നിധ്യം മൂലം വിളകള്‍ മുഴുവനായി ഉപേക്ഷിക്കാനോ അവ കൂട്ടത്തോടെ സംസ്‌കരിക്കാനോ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഇത് കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഭക്ഷ്യ സംസ്‌കരണ മേഖലയിലും കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കി.
‘ദ ലാസ്റ്റ് ഓഫ് അസ്’ എന്ന പരമ്പരയില്‍ പരിവര്‍ത്തനം വരുത്തിയ ഒരു ഫംഗസ് മനുഷ്യരാശിയെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുന്ന കഥയാണ് പറയുന്നത്. അമേരിക്കയില്‍ ഫംഗസ് പിടിച്ചെടുത്ത സംഭവവും സീരിസും സമാനമായ കാര്യമാണ് പറയുന്നത്.
യുഎസിലേക്ക് കടത്തിയ ഫൂസേറിയം ഗ്രാമിനാരം മനുഷ്യരെ അല്ല മറിച്ച് വിളകളെയാണ് ലക്ഷ്യമിടുന്നത്. ഇത് പകര്‍ച്ചവ്യാധിയുണ്ടാക്കുകയെന്ന ലക്ഷ്യമല്ല, മറിച്ച് സാമ്പത്തികരംഗത്തെയും കാര്‍ഷികമേഖലയുടെയും തളർത്തുക എന്ന ലക്ഷ്യമാണ് പിന്തുടരുന്നത്. ഈ ഫംഗസ് ഗോതമ്പ്, ബാര്‍ലി, ധാന്യങ്ങള്‍ എന്നിവയെയാണ് ബാധിക്കുന്നത്. ഇത് വിളവെടുപ്പിനെ ബാധിക്കുകയും ഭക്ഷ്യവസ്തുക്കള്‍ മലിനമാക്കുകയും ചെയ്യുന്നു. ഇത് കൂടിയ അളവില്‍ ബാധിക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയും വിപണികളെ അസ്ഥിരപ്പെടുത്തുകയും ചെയ്യും. ഇത് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അതിനാലാണ് വിദഗ്ധര്‍ ഇതിനെ ഒരു കാര്‍ഷിക ഭീകരവാദ ഏജന്റായി കണക്കാക്കുന്നത്.
ഭക്ഷ്യ സുരക്ഷ ദേശീയ സുരക്ഷയുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഈ ലോകത്ത്, ആഗോളവത്കരണം ആഴത്തില്‍ വേരൂന്നിയിരിക്കുന്ന ഈ സാഹചര്യത്തില്‍ അപകടസാധ്യതകള്‍ കരുതുന്നതിനേക്കാൾ വലുതായിരിക്കും.
വലിയ തോതിലുള്ള കാര്‍ഷിക ഭീകരാക്രമണങ്ങള്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതിനാല്‍ പതിറ്റാണ്ടുകളായി രഹസ്യാന്വേഷണ വിഭാഗവും ബയോസെക്യൂരിറ്റി ഏജന്‍സികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചിരിക്കുന്നതിനാലും എളുപ്പത്തില്‍ തടസ്സമുണ്ടാക്കാന്‍ കഴിയുന്നതിനാലും ഒരിക്കല്‍ അണുബാധയോ മറ്റോ ഉണ്ടായാല്‍ വീണ്ടെടുക്കല്‍ മന്ദഗതിയിലായിരിക്കുമെന്നതും കാര്‍ഷിക മേഖല വളരെ വലിയ ഭീഷണിയാണ് നേരിടുന്നത്.
രജനീഷി കള്‍ട്ട് ആക്രമണം(ഓറിഗണ്‍, 1984): കാര്‍ഷിക ഭീകരതയുടെ സ്ഥിരീകരിച്ച കേസുകളില്‍ ഒന്നാമത്തെ കേസാണിത്. രജനീഷി കള്‍ട്ടിലെ അംഗങ്ങള്‍ ഓറിഗോണിലെ ഡാലസിലുള്ള സാലഡ് ബാറുകളില്‍ മനപ്പൂര്‍വം സാല്‍മണെല്ല ബാക്ടീരിയ ഉപയോഗിച്ച് മലിനമാക്കി. 750 പേരെയാണ് ഇത് രോഗികളാക്കിയത്. അടുത്ത് നടക്കാനിരുന്ന പ്രാദേശിക വോട്ടെടുപ്പില്‍ വോട്ടര്‍മാരെ നിര്‍ജീവമാക്കി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ഇത് മനുഷ്യരെയാണ് ലക്ഷ്യം വെച്ചതെങ്കിലും രാഷ്ട്രീയപരമായതോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലക്ഷ്യങ്ങള്‍ക്കായോ ഭക്ഷ്യവസ്തുക്കളെ എങ്ങനെ ആയുധമാക്കി മാറ്റാമെന്നതിന്റെ ഒരു ഉദാഹരമായി നിലകൊള്ളുന്നു.
ഇറാഖിന്റെ ജൈവായുധ പദ്ധതി(1990): ഇറാഖിലെ സദ്ദാം ഹുസൈന്‍ ഭരണകൂടം അതിന്റെ വിപുലമായ ജൈവ ആയുധ ഗവേഷണത്തിന്റെ ഭാഗമായി സസ്യങ്ങളിലും ജന്തുക്കളിലും രോഗങ്ങള്‍ പരത്തുന്ന രോഗകാരികളെ ശേഖരിച്ചുവെച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവ ഒരിടത്തും വിന്യസിച്ചിട്ടില്ലെങ്കിലും, വിളകളെയും കന്നുകാലികളെയും ലക്ഷ്യമിട്ടുള്ള രോഗകാരികള്‍ ഇറാഖിന്റെ ശേഖരത്തിലുണ്ടെന്ന് യുഎന്നിന്റെ ആയുധ പരിശോധന വിഭാഗം(യുഎന്‍എസ്‌സിഒഎം) വ്യക്തമാക്കിയിട്ടുണ്ട്.
ഓം ഷിന്‍ റിക്യോയുടെ പരീക്ഷണങ്ങള്‍(ജപ്പാന്‍): 1995ലെ ജാപ്പനീസ് ഡൂംസ്‌ഡേ കള്‍ട്ട് അഥവാ 1995ലെ ടോക്യോ സബ് വേ സരിന്‍ ഗ്യാസ് ആക്രമണവും ജൈവ ആയുധ ഏജന്റുകള്‍ ഉപയോഗിച്ചാണ് നടത്തിയത്. ഭക്ഷ്യവിതരണത്തിന് കേടുപാടുകള്‍ വരുത്തുന്ന രോഗകാരികളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇവരുടെ ശ്രമങ്ങളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു.
അല്‍ ഖ്വയ്ദ പോലെയുള്ള ഭീകര സംഘടനകള്‍ കാര്‍ഷിക മേഖലയെ ലക്ഷ്യമിട്ട് രോഗകാരികളെ നിര്‍മിക്കാന്‍ പര്യവേഷണം നടത്തിയതായി രഹസ്യാന്വേഷണ സംഘടനകള്‍ വളരെക്കാലം മുമ്പ് സൂചന നല്ഡകിയിട്ടുണ്ട്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും എഫ്ബിഐയും ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടുണ്ട്. വളരെ വൈകി മാത്രമെ ഇതിന്റെ കാരണം കണ്ടെത്താന്‍ കഴിയൂവെന്നത് ആഘാതം വര്‍ധിപ്പിക്കും. രോഗകാരി കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തുന്നത് വരെ അതിനെ കണ്ടെത്താന്‍ കഴിയില്ല. ഇത് പ്രതിരോധം വളരെ പ്രയാസകരമാക്കും.
ഫ്യൂസേറിയം ഗ്രാമിനാരം കടത്തിയത് ആകസ്മികമായ ഒരു കാര്യമല്ല. മിഷിഗണിലെ ഒരു ലാബില്‍ അനുമതിയില്ലാതെ ഗവേഷണം നടത്തുന്നതിനാണ് പ്രതി ഫംഗസിനെ യുഎസിലേക്ക് കൊണ്ടുവന്നതെന്ന് എഫ്ബിഐ പറയുന്നു. അക്കാദമിക് ഗവേഷണത്തിന്റെ മറവില്‍ നിലവിലെ ആഗോള സാഹചര്യത്തില്‍ യുഎസിന്റെ ഭക്ഷ്യസുരക്ഷയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്ന് എഫ്ബിഐ വിശ്വസിക്കുന്നു. അറിയപ്പെടുന്ന ഒരു കാര്‍ഷിക ഭീകരവാദ ഏജന്റിനെ യുഎസിലേക്ക് കടത്തുന്നത് നിയമലംഘനം മാത്രമല്ലെന്നും ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.
June 04, 2025 3:50 PM IST