‘വാതുവയ്പ് കേസിൽ കുറ്റവിമുക്തനാകാത്ത ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട’: കേരള ക്രിക്കറ്റ് അസോസിയേഷൻ| Kerala Cricket Association against former indian cricketer S Sreesanth
Last Updated:
‘അച്ചടലംഘനം ആരു നടത്തിയാലും അനുവദിക്കാൻ സാധിക്കില്ല. അസോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞ് അപകീർത്തി ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കും’
കൊച്ചി: മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് കാരണംകാണിക്കൽ നോട്ടിസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) രംഗത്തെത്തി. സഞ്ജു സാംസണിനെ പിന്തുണച്ചതിനല്ല ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയതെന്നും കെസിഎയ്ക്കെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടിസ് നൽകിയതെന്നും കെസിഎ പറയുന്നു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കെസിഎയ്ക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണെന്നും സംഘടന വിശദീകരിച്ചു.
കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ്. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണ്.
താരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ എന്നും സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായമായിരുന്ന വാതുവയ്പ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിഷൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ആജീവനാന്ത വിലക്ക് ബിസിസിഐ ഓംബുഡ്സ്മാൻ ഏഴു വർഷമായി കുറക്കുകയായിരുന്നു.
കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്തെങ്കിലും വാതുവയ്പ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തിൽ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉൾപ്പടെ ഉള്ള മത്സങ്ങളിൽ കെസിഎ വീണ്ടും അവസരങ്ങൾ നല്‍കിയത് അസോസിയേഷന്റെ സംരക്ഷകനിലപാടുകൊണ്ടു മാത്രമാണ്. വാതുവയ്പ്പിൽ ഉൾപ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകൾ ഇങ്ങനെ അനുകൂല സമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാൽ അറിയാവുന്നതാണ്. ശ്രീശാന്ത് കേരള ക്ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയിൽ അസോസിയേഷൻ കളിക്കാർക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ വാനോളം പുകഴ്ത്തിയിരുന്നു.
സഞ്ജു സാംസണിനു ശേഷം ഇന്ത്യൻ ടീമിൽ ആരു വന്നു എന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്ന സജീവന്, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ അണ്ടർ 19 ലോകകപ്പ് ജേതാക്കളുടെ ടീമിൽ വി.ജെ. ജോഷിത, അണ്ടർ 19 ടീമില്‍ സി.എം.സി. നജ്ല, അണ്ടർ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരളാ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നു.
അച്ചടലംഘനം ആരു നടത്തിയാലും അനുവദിക്കാൻ സാധിക്കില്ല. അസോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞ് അപകീർത്തി ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുന്നതുമാണ്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
February 07, 2025 1:37 PM IST
‘വാതുവയ്പ് കേസിൽ കുറ്റവിമുക്തനാകാത്ത ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട’: കേരള ക്രിക്കറ്റ് അസോസിയേഷൻ