India Vs England 1st ODI: ഏകദിനത്തിലും ഫോം കൈവിടാതെ ഇന്ത്യ; ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് തകർത്തു| India Vs England 1st ODI Shubman Gill Leads By Example As ind Secure 4 Wicket Win
Last Updated:
അർധസെഞ്ചുറി നേടിയ ശുഭ്‌മാൻ ഗില്ലാണ് ഇന്ത്യയുടെ വിജയ ശിൽപി. ഗിൽ 96 പന്തിൽ 87 റൺസെടുത്തു. അക്ഷർ പട്ടേൽ (47 പന്തിൽ 52), ശ്രേയസ് അയ്യർ (36 പന്തിൽ 59) എന്നിവരും അർധ സെഞ്ചുറി നേടി
ട്വന്റി 20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യക്ക് തകർപ്പൻ വിജയം. 4 വിക്കറ്റിനാണ് നാഗ്പൂരിൽ ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. ഇതോടെ മൂന്നു മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
കാൽമുട്ടിനു പരിക്കേറ്റ വിരാട് കോഹ്ലിയും ഋഷഭ് പന്തും നാഗ്പൂരിൽ കളിച്ചില്ല. തകർപ്പൻ അർധസെഞ്ചുറി നേടിയ ശുഭ്‌മാൻ ഗില്ലാണ് ഇന്ത്യയുടെ വിജയ ശിൽപി. ഗിൽ 96 പന്തിൽ 87 റൺസെടുത്തു. അക്ഷർ പട്ടേൽ (47 പന്തിൽ 52), ശ്രേയസ് അയ്യർ (36 പന്തിൽ 59) എന്നിവരും അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ രോഹിത് ശർമ (7 പന്തിൽ 2), വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽരാഹുൽ (9 പന്തിൽ 2) എന്നിവർക്ക് രണ്ടക്കം കടക്കാനായില്ല. അരങ്ങേറ്റ മത്സരം കളിച്ച ഓപ്പണർ യശസ്വി ജയ്‌സ്വാൾ 22 പന്തിൽ 15 റൺസെടുത്ത് പുറത്തായി. പുറത്താകാതെ 6 പന്തിൽ 9 റണ്‍സെടുത്ത ഹാർദിക് പാണ്ഡ്യ , 10 പന്തിൽ 12 റൺസെടുത്ത രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. ഇംഗ്ലണ്ടിനായി സാഖിത് മഹ്‌മൂദ് , ആദിൽ റഷീദ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്ര ആർച്ചർ, ജേക്കബ് മെത്തൽ എന്നിവർ ഓരോ വിക്കറ്റ് നേടി.
ഇംഗ്ലണ്ടിനായി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. എന്നാല്‍ ഓപ്പണിങ് വിക്കറ്റിൽ 75 റൺസടിച്ച് ഫിലിപ് സോൾട്ട് – ബെൻ ഡക്കറ്റ് സഖ്യം നൽകിയ മിന്നുന്ന തുടക്കം മുതലാക്കാനാകാതെയാണ് ഇംഗ്ലണ്ട് ഇന്നിങ്സ് 240 റൺസിൽ അവസാനിച്ചത്. 53 പന്തിൽനിന്നാണ് ഇംഗ്ലിഷ് ഓപ്പണർമാർ 75 റൺസടിച്ചത്. തകർപ്പൻ ഫീൽഡിങ്ങിലൂടെ സോൾട്ടിനെ റണ്ണൗട്ടാക്കി ശ്രേയസ് അയ്യരാണ് നിർണായക ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് യശസ്വി ജയ്‌സ്വാളിന്റെ മികച്ചൊരു ക്യാച്ചിൽ സഹ ഓപ്പണർ ബെൻ ഡക്കറ്റും പുറത്തായി.
അഞ്ചാം വിക്കറ്റിൽ ജോസ് ബട്‌ലർ – ജേക്കബ് ബെത്തൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് പിന്നീട് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 87 പന്തിൽ ഇരുവരും ഇംഗ്ലണ്ട് സ്കോർ ബോർഡിൽ എത്തിച്ചത് 59 റൺസ്. പിന്നീട് വാലറ്റത്ത് 18 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 21 റൺസടിച്ച് പുറത്താകാതെ നിന്ന ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിനെ 240 കടത്തിയത്.
അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബട്‍ലർ 67 പന്തിൽ നാലു ഫോറുകളോടെ 52 റൺസെടുത്തു. ജേക്കബ് ബെത്തൽ 64 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 51 റണ്‍സെടുത്തും പുറത്തായി.
ഇന്ത്യയിൽ ഇതുവരെ കളിച്ച 17 ഏകദിന ഇന്നിങ്സുകളിൽ ബട്‍ലറിന്റെ ഉയർന്ന സ്കോറാണിത്. ഇന്ത്യൻ മണ്ണിൽ അർധസെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ ഇംഗ്ലണ്ട് താരമെന്ന റെക്കോർഡ് ജേക്കബ് ബെത്തലും സ്വന്തമാക്കി. ജോ റൂട്ട് (31 പന്തിൽ 19), ബ്രൈഡൻ കാഴ്സ് (18 പന്തിൽ 10), ജോഫ്ര ആർച്ചർ (18 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 21) എന്നിവരുടെ സംഭാവനകൾ കൂടി ചേർന്നതോടെയാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഹാരി ബ്രൂക്ക് (0), ലിയാം ലിവിങ്സ്റ്റൺ (10 പന്തിൽ 5) എന്നിവർ നിരാശപ്പെടുത്തി. ആദിൽ റഷീദ് 16 പന്തിൽ എട്ടു റൺസെടുത്തു. സാഖിബ് മഹ്മൂദ് നാലു പന്തിൽ രണ്ടു റൺസെടുത്ത് പുറത്തായി.
ഇന്ത്യയ്‌ക്കായി അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ഹർഷിത് റാണ ഏഴ് ഓവറിൽ 53 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഒരു ഓവറിൽ 26 റൺസ് വഴങ്ങി അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ ബൗളറുടെ മോശം ഓവറെന്ന നാണക്കേട് വഴങ്ങിയ ശേഷമായിരുന്നു 3 വിക്കറ്റ് വീഴ്ത്തി റാണയുടെ മികച്ച തിരിച്ചുവരവ്. രവീന്ദ്ര ജഡേജ 9 ഓവറിൽ 26 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലും മൂന്നാം മത്സരം 12ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലും നടക്കും.
Nagpur,Nagpur,Maharashtra
February 06, 2025 9:22 PM IST