റസീന ജീവനൊടുക്കിയ സംഭവം: അറസ്റ്റിലായ യുവാക്കളുടെ ഭീഷണിയെക്കുറിച്ച് വ്യക്തമായി കുറിപ്പിലുണ്ടെന്ന് പൊലീസ്
Last Updated:
യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നും റസീനയുടെ ഉമ്മ ആരോപിച്ചിരുന്നു
കണ്ണൂരിലെ റസീനയുടെ ആത്മഹത്യക്കുറിപ്പിൽ അറസ്റ്റിലായ യുവാക്കളുടെ ഭീഷണിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്ന് പൊലീസ്. ‘‘ജീവിക്കാനാകാത്ത സാഹചര്യമാണ്. തന്റെ മരണവുമായി സുഹൃത്തിന് ബന്ധമില്ലെന്നും യുവാക്കൾ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്’’എന്നും കുറിപ്പിൽ ഉള്ളതായാണ് സൂചന.
അറസ്റ്റിലായവർ നിരപരാധികളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞിരുന്നു. യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ പോലീസ് പറയുന്നതനുസരിച്ച് ചേരിക്കമ്പനിക്കു സമീപം കൂത്തുപറമ്പ് പറമ്പായി റസീന മൻസിലിൽ റസീന(40 )യും സുഹൃത്ത് റഹീസും സംസാരിച്ച് നിൽക്കുമ്പോൾ മൂന്നു ബൈക്കുകളിലായെത്തിയ സംഘം ഭീഷണിപ്പെടുത്തി.
സുഹൃത്തിന്റെ മൊബൈൽ പിടിച്ചെടുത്തു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സംബന്ധിച്ച് മോശമായി സംസാരിച്ചു. ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ആത്മഹത്യയെന്ന്, ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ടെന്ന് ഡിസിപി നിഥിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു. സംസാരിച്ച് നിൽക്കുമ്പോൾ യുവാക്കൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്നും റഹീസിനെ സംഘം കൂട്ടിക്കൊണ്ടുപോയെന്നും റസീനയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. ഭീഷണിപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്തു. ഭീഷണിക്ക് ആവശ്യമായ തെളിവ് പൊലീസിന് ലഭിച്ചു.
കൂടുതൽ ആൾക്കാരുടെ പങ്ക് മനസ്സിലാക്കേണ്ടതുണ്ട്. അതിനാൽ സംഭവ സ്ഥലത്തേക്ക് ആരൊക്കെ വന്നെന്ന് വിശദമായി അന്വേഷിക്കും. പ്രതികളിലൊരാൾ യുവതിയുടെ ബന്ധുവാണ്. സുഹൃത്ത് കാരണമാണ് മരണമെന്ന് ആത്മഹത്യക്കുറിപ്പിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. റഹീസ് പണം തട്ടിയെടുത്തെന്ന യുവതിയുടെ ബന്ധുക്കളുടെ ആക്ഷേപം പരിശോധിക്കും. ആത്മഹത്യക്കുറിപ്പിൽ അക്കാര്യം ഇല്ല. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ഇവർ ഇടപെട്ടതും. ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. റസീനയുടെ സുഹൃത്തായ യുവാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മർദിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
June 20, 2025 2:36 PM IST
റസീന ജീവനൊടുക്കിയ സംഭവം: അറസ്റ്റിലായ യുവാക്കളുടെ ഭീഷണിയെക്കുറിച്ച് വ്യക്തമായി കുറിപ്പിലുണ്ടെന്ന് പൊലീസ്