Leading News Portal in Kerala

ഇനി കുട്ടികൾ രണ്ടിൽ നിർത്തണ്ടാ; പതിറ്റാണ്ടുകളായി തുടരുന്ന നയം അവസാനിപ്പിച്ച് വിയറ്റ്‌നാം | Vietnam ends two-child policy as birth rate hits record low


Last Updated:

ഓരോ കുട്ടിക്കും ഇടയില്‍ എത്ര പ്രായവ്യത്യാസം വേണം എന്നുള്ള കാര്യങ്ങളും ദമ്പതികളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കാം

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജനനനിരക്ക് നിയന്തിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടപ്പാക്കിയ രണ്ട് കുട്ടി നയം വിയറ്റ്‌നാം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒരു കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് 37 വര്‍ഷം മുമ്പാണ് വിയറ്റ്‌നാം കുട്ടികളുടെ എണ്ണം രണ്ടിൽ നിർത്തണമെന്ന പരിധി നിശ്ചയിച്ച് നിയമം നടപ്പാക്കിയത്.

1988-ലാണ് നിയമം ആദ്യം നടപ്പാക്കിയത്. അന്ന് വിയറ്റ്‌നാമിലെ ജനന നിരക്ക് ഒരു സ്ത്രീക്ക് നാല് കുട്ടികളില്‍ കൂടുതല്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ രാജ്യത്തെ ജനന നിരക്ക് കുറയുന്നത് തടയാനാണ് പതിറ്റാണ്ടുകളായി തുടരുന്ന നിയമം വിയറ്റ്‌നാം പിന്‍വലിച്ചത്. ജനസംഖ്യാപരമായ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഭാവിയിലെ വളര്‍ച്ചാ സാധ്യതകളെ വരെ ദുര്‍ബലപ്പെടുത്തിയേക്കാവുന്ന ഒരു നയത്തിന് ഇതോടെ അവസാനമായി.

ഹാനോയില്‍ ചൊവ്വാഴ്ച നടന്ന ദേശീയ അസംബ്ലി സ്റ്റാന്‍ഡിങ് കമ്മിറ്റി പുതുക്കിയ നയം അംഗീകരിച്ചു. ഇതോടെ ഇനി എത്ര കുട്ടികള്‍ വേണമെന്ന് ദമ്പതികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം. എപ്പോള്‍ കുട്ടികള്‍ ഉണ്ടാകണം, ഓരോ കുട്ടിക്കും ഇടയില്‍ എത്ര പ്രായവ്യത്യാസം വേണം എന്നുള്ള കാര്യങ്ങളും ദമ്പതികളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കാം.

പഴയ നിയമം അനുസരിച്ച് ദമ്പതികള്‍ക്ക് രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ലായിരുന്നു. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനും നിയമം ആവശ്യപ്പെട്ടിരുന്നു. ബോണസ് വെട്ടിക്കുറയ്ക്കുക, പദവിയില്‍ നിന്ന് പുറത്താക്കുക തുടങ്ങിയ വ്യവസ്ഥകളും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കായി നടപ്പാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡിസംബറില്‍ വിയറ്റ്‌നാമിലെ ജനന നിരക്ക് റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് എത്തിയതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനന നിരക്ക് ഒരു സ്ത്രീക്ക് 1.91 കുട്ടികള്‍ എന്ന നിരക്കിലേക്ക് കുറഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ജനന നിരക്ക് കുറഞ്ഞതോടെയാണ് നിയമം മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശം ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെച്ചത്.