‘കഞ്ഞി’യെ കൈവിട്ട് ‘പുട്ട’ടിക്കുന്ന മലയാളി; സാരിക്ക് ഡിമാൻഡില്ല; പ്രിയങ്കരമായി പർദ; പാന്റിനോട് പിടിച്ചുനിൽക്കുന്ന മുണ്ട്|See how kerala changed in 15 years kssp survey findings
Last Updated:
കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ കേരളപഠനം 2.0യിലാണ് രസകരമായ കണക്കുകളുള്ളത്
കാലം മാറുമ്പോള്‍ മലയാളിയുടെ ശീലങ്ങളും മാറുകയാണ്.ആഹാരത്തിലും വസ്ത്രധാരണത്തിലുമൊക്കെ ഈ മാറ്റം പ്രകടമാണ്. കഞ്ഞിയെയും കപ്പയെയും പിന്‍തള്ളി പുട്ടും ദോശയും ഇഡലിയുമൊക്കെ പ്രാതലിന്റെ പ്രധാന വിഭവമായി മാറി. പുട്ടാണ് ഏറ്റവുമധികം മലയാളി വീടുകളിലെ ബ്രേക്ക് ഫാസ്റ്റ്.
മലയാളി പുരുഷന്‍മാരുടെ ഇടവേഷമായി പാന്റ്‌സ് മാറിയപ്പോള്‍ പര്‍ദ്ദ ഉപയോഗിയ്ക്കുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ കേരളപഠനം 2.0യിലാണ് രസകരമായ കണക്കുകളുള്ളത്. 2004 മുതല്‍ 2019 വരെയുള്ള മലയാളി ജീവിതത്തിന്റെ മാറ്റങ്ങളാണ് പഠനത്തിലുള്ളത്.
2004 ല്‍ നിന്ന് നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ 17.9 ശതമാനം വീടുകളിലും പുട്ടാണ് പ്രഭാത ഭക്ഷണം.7.7 ശതമാനത്തില്‍ നിന്ന് 10.1 ശതമാനത്തിലേക്ക് ഉയര്‍ന്ന ഇഡലി നില മെച്ചപ്പെടുത്തി. ബ്രേക്ക് ഫാസ്റ്റായി കഞ്ഞിയും ചോറും കഴിച്ചിരുന്ന മദ്ധ്യകേരളത്തിലെ കുടുംബങ്ങള്‍ കഞ്ഞിയെ കൈവിട്ടകാലം കൂടിയാണ് 21 ശതമാനത്തില്‍ നിന്നും ഒറ്റയടിയ്ക്ക് 11 ശതമാനമായാണ് ഇടിഞ്ഞത്.ഈ വിടവിലാണ് പുട്ടും ദോശയും ഇഡലിയും ഇടിച്ചുകയറിയത്.
ഇടുക്കിയിലെയും കോട്ടയത്തെയും ഇഷ്ടഭക്ഷണമായ കപ്പ 1.4 ശതമാനം പേരാണ് പ്രഭാത ഭക്ഷണമായി കഴിയ്ക്കുന്നത്.10 ശതമാനത്തില്‍ നിന്നാണ് കപ്പ കൂപ്പുകുത്തിയത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പലഹാരങ്ങളേക്കാള്‍ പ്രാതല്‍ വിഭവം കഞ്ഞിയും ചോറും തന്നെയാണ്.
ഉച്ചഭക്ഷണത്തില്‍ ചോറിന് വലിയ ഇടിവു വന്നിട്ടില്ല .95 ശതമാനം വീടുകളിലും ഉച്ചയ്ക്ക് ചോറുതന്നെയാണ് ഭക്ഷണം. അത്താഴത്തില്‍ എന്നാല്‍ ചോറിന് വന്‍ ഇടിവാണ് വന്നിരിയ്ക്കുന്നത്. 2004ലെ 80 ശതമാനത്തില്‍ നിന്ന് 68 ശതമാനമായാണ് ഇടിഞ്ഞത്. 20 ശതമാനത്തിലധികം വീടുകളിലെ രാത്രി ഭക്ഷണം ചപ്പാത്തിയായി മാറി.
സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളില്‍ മത്സ്യഉപഭോഗം വര്‍ദ്ധിച്ചപ്പോള്‍. മധ്യകേരളത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.66 ശതമാനത്തില്‍ നിന്ന് 44 ശതമാനമായാണ് ഇടിഞ്ഞത്.ഈ ഇടിവ് മാംസ ഉപയോഗത്തിലെ വര്‍ദ്ധനയായി രേഖപ്പെടുത്തുകയും ചെയ്യുന്നു.മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ 2004 ല്‍ 8.9 ശതമാനമായിരുന്നു മാംസ ഉപയോഗം ഒന്നരപതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ 30.9 ശതമാനമായി ഉയര്‍ന്നു.
ഉപയോഗത്തില്‍ ഇടിവുണ്ടെങ്കിലും അരിതന്നെയാണ് മലയാളികളുടെ പ്രധാന ആഹാരം എന്നാല്‍ സ്വന്തമായി നെല്ലുല്‍പ്പാദിപ്പിയ്ക്കുന്ന കുടുംബങ്ങള്‍ 4.3 ശതമാനത്തില്‍ നിന്ന് 2.1 ശതമാനമായി കുറഞ്ഞു. മലയാളികളുടെ വസ്ത്രധാരണത്തിലും വലിയ മാറ്റങ്ങളുണ്ടായ കാലമാണിത്.ശതമാനക്കണക്കില്‍ ഇടിവുണ്ടായെങ്കിലും 65 ശതമാനം മുതിര്‍ന്ന പുരുഷന്‍മാര്‍ മുണ്ട് തന്നെയാണ് ധരിയ്ക്കുന്നത്.മുന്‍തലമുറയില്‍ 1.8 ശതമാനമായിരുന്ന പാന്റ്‌സ് 2004 ല്‍ 25 ശതമാനമായും 2019 ല്‍ 34 ശതമാനമായും കുതിച്ചുകയറി.
ഇടത്തരം കുടുംബംഗക്കാരിലെ 54.6 ശതമാനം പുരുഷന്‍മാരുടെയും വസ്ത്രം പാന്റ്‌സായി മാറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മലയാളി സ്ത്രീകളുടെ ഇഷ്ടവസ്ത്രമായ സാരിയ്ക്കും ഇടിവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത് 77 ശതമാനം സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന സാരി 57 ശതമാനമായി കുറഞ്ഞു.ചുരിദാറാണ് ഈ സ്ഥാനം കയ്യടക്കിയിരിയ്ക്കുന്നത്.51 ശതമാനം മുതിര്‍ന്ന മുസ്ലിം സ്ത്രീകളും 2004 ല്‍ പുറത്തുപോകുമ്പോള്‍ ധരിച്ചിരുന്നത് സാരിയായിരുന്നെങ്കില്‍ 2019 ല്‍ 66 ശതമാനം മുസ്ലിം സ്ത്രീകളും പര്‍ദ്ദ ധരിച്ചാണ് പുറത്തുപോകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Thiruvananthapuram,Kerala
July 13, 2025 10:18 PM IST
‘കഞ്ഞി’യെ കൈവിട്ട് ‘പുട്ട’ടിക്കുന്ന മലയാളി; സാരിക്ക് ഡിമാൻഡില്ല; പ്രിയങ്കരമായി പർദ; പാന്റിനോട് പിടിച്ചുനിൽക്കുന്ന മുണ്ട്