എടിഎഫ് (ഏവിയേഷൻ ടർബൈൻ ഫ്യൂവൽ) വെയ്റ്റ് ചാർജിൽ ഉണ്ടാകുന്ന വ്യത്യാസമാണ് ഇത്രയധികം നിരക്കു വ്യത്യാസം ഉണ്ടാകുന്നതിന് പ്രധാന കാരണം. ഉത്തർപ്രദേശിൽ ഒരു ശതമാനം മാത്രം എടിഎഫ് വെയ്റ്റ് ചാർജാണ് ഈടാക്കുന്നതെങ്കിൽ ഡൽഹിയിൽ ഈ നികുതി 25 ശതമാനമാണ്. ചുരുക്കിപ്പറഞ്ഞാൽ, ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനു പകരം നോയിഡ ഇന്റർനാഷണൽ എയർപോർട്ട് തിരഞ്ഞെടുക്കുമ്പോൾ ടിക്കറ്റ് നിരക്കിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടാകും. ഇത് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് ആശ്വാസമാകും.
ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ടിക്കറ്റ് നിരക്ക് 3,500 രൂപ ആണെന്നിരിക്കട്ടെ, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 2,800 രൂപയ്ക്ക് ലഖ്‌നൗവിലെത്താം.
നിർമാണം പുരോഗമിക്കുന്ന നോയിഡ ഇന്റർനാഷണൽ എയർപോർട്ട്, അടുത്ത വർഷം ഫെബ്രുവരിയോടെ പൂർണമായി പ്രവർത്തനക്ഷമമാകുമെന്നും ഒക്ടോബറിൽ പാസഞ്ചർ സർവീസുകൾ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. ഉദ്ഘാടന ദിവസം മുതൽ തന്നെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുറഞ്ഞത് 65 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന്റെ റൺവേയും എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവറും 2024 മാർച്ചോടെ പൂർണ സജ്ജമാകും, റൺവേയുടെ നിർമാണ പ്രവൃത്തികൾ ഇതിനകം 70 ശതമാനം പൂർത്തിയായതായി ഒക്ടോബറിൽ പുറത്തിറക്കിയ ഔദ്യോഗിക റിലീസിൽ പറയുന്നു.
1,334 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നതാണ് നോയിഡ വിമാനത്താവളം. ആറ് റൺവേകൾ പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നു കൂടിയായി ഇത് മാറും. 2021 നവംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
ഒരു വ്യാവസായിക കേന്ദ്രവും ടെക്നോളജി ഹബ്ബുമെന്ന നിലയിൽ നോയിഡയുടെ വളർച്ചയ്ക്ക് വിമാനത്താവളത്തിന്റെ വരവ് വലിയ പങ്കാണ് വഹിക്കുന്നത്. എച്ച്‌സിഎൽ, ടെക് മഹീന്ദ്ര, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ ഈ മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 3,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 1,800 കോടി രൂപ നിക്ഷേപിക്കാനും മൈക്രോസോഫ്റ്റിന് പദ്ധതിയുണ്ട്. സാംസങ്, ഡിക്‌സൺ, എൽജി, ഓപ്പോ, വിവോ, ലാവ, ഒപ്റ്റിമസ് തുടങ്ങിയവരും സംസ്ഥാനത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.
New Delhi,New Delhi,Delhi
November 01, 2023 8:25 PM IST