Leading News Portal in Kerala

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 60 കാരന് 145 വർഷം കഠിനതടവും 8.77 ലക്ഷം രൂപ പിഴയും 60-year-old man sentenced to 145 years in rigorous imprisonment for sexually assaulting 12-year-old girl in Malappuram


Last Updated:

2022 പകുതി മുതൽ 2023 പകുതി വരെയുള്ള കാലയളവിൽ മിഠായി നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 60 വയസ്സുകാരന് 145 വർഷം കഠിനതടവും 8.77 ലക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്സോ അതിവേഗ കോടതി. മലപ്പുറം അരീക്കോട് കാവന്നൂർ പള്ളിയാളിതൊടി വീട്ടിൽ കൃഷ്ണൻ (നിലവിൽ കോട്ടപ്പടി വലിയവരമ്പ് എമ്പസി ക്വാർട്ടേഴ്സിൽ താമസം) എന്നയാളെയാണ് ജഡ്ജി അഷ്‌റഫ്‌ എ.എം. ശിക്ഷിച്ചത്.

2022 പകുതി മുതൽ 2023 പകുതി വരെയുള്ള കാലയളവിൽ മിഠായി നൽകി പ്രലോഭിപ്പിച്ച് ക്വാർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി മുറിയിൽ തടങ്കലിൽ വെച്ച് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും അശ്ലീല വീഡിയോകൾ കാണിക്കുകയും എതിർത്തപ്പോൾ മർദിക്കുകയും ചെയ്തതായും മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) വിവിധ വകുപ്പുകൾ പ്രകാരമാണ് ആകെ 145 വർഷം കഠിനതടവ്.ഇതിനു പുറമെ 8.77 ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 4 മാസവും അധിക തടവ് അനുഭവിക്കണം. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

പ്രതിയുടെ റിമാൻഡ് കാലയളവ് ശിക്ഷയായി പരിഗണിക്കും. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും, വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയോട് നിർദ്ദേശിക്കാനും കോടതി ഉത്തരവിട്ടു. അതിജീവിതയുടെ അമ്മയെ രണ്ടാം പ്രതിയായി കുറ്റപത്രം നൽകിയിരുന്നെങ്കിലും കോടതി കുറ്റവിമുക്തയാക്കി.

കേസിൽ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജനി എം ആണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുഷമ. സി പി കേസന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.

പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സൽമ. എൻ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി തവനൂർ ജയിലിലാണ് ശിക്ഷ അനുഭവിക്കേണ്ടത്.