Leading News Portal in Kerala

‘നിശ്ചയിച്ച സമയം തീരുന്നു, നന്ദി ട്രംപ്’; യുഎസ് സർക്കാരിന്റെ ‘ഡോജി’ൽ നിന്ന് ഇലോൺ മസ്ക് പടിയിറങ്ങുന്നു| Elon Musk Exits Donald Trump Administration says scheduled time comes to an end


Last Updated:

ട്രംപിന് നന്ദി അറിയിച്ചാണ് മസ്ക് ഡോജ് തലപ്പത്ത് നിന്ന് മടങ്ങുന്നത്

ഇലോൺ മസ്കും ഡോണൾഡ് ട്രംപുംഇലോൺ മസ്കും ഡോണൾഡ് ട്രംപും
ഇലോൺ മസ്കും ഡോണൾഡ് ട്രംപും

വാഷിങ്ടൺ: യുഎസിലെ ഡോണൾഡ് ട്രംപ് സർക്കാരിന്റെ പ്രത്യേക സർക്കാർ ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്ന് ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക് പടിയിറങ്ങി. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചുവെന്നും അറിയിച്ചാണ് മസ്കിന്റെ മടക്കം. ട്രംപിന് നന്ദി അറിയിച്ചാണ് മസ്ക് ഡോജ് തലപ്പത്ത് നിന്ന് മടങ്ങുന്നത്.

‘ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകൾ കുറയ്ക്കാന്‍ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും’- അദ്ദേഹം എക്സിൽ കുറിച്ചു.

അതേസമയം ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഫുമായി ബന്ധപ്പെട്ട നിയമനിർമാണം, ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്ക് വിലയിരുത്തിയിരുന്നു. ബില്ലിനെ മനോഹരമാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.

ടെസ്‌ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ?

എലോൺ മസ്‌കിന്റെ സർക്കാർ റോളിലേക്കുള്ള വരവ് അദ്ദേഹത്തിന്റെ കാർ കമ്പനിയായ ടെസ്‌ലയ്‌ക്കെതിരെ വലിയ വിവാദങ്ങൾക്കും പൊതുജന പ്രതിഷേധത്തിനും കാരണമായി. എലോൺ മസ്‌കിന്റെ രാഷ്ട്രീയ ഇടപെടൽ, പ്രത്യേകിച്ച് ഭരണകൂടവുമായുള്ള അദ്ദേഹത്തിന്റെ പൊതു സഖ്യവും സർക്കാരിലെ ചെലവ് ചുരുക്കൽ ശ്രമങ്ങളും, ആഗോളതലത്തിൽ വിവിധ വിപണികളിൽ ടെസ്‌ല വാഹനങ്ങൾക്കെതിരെ പ്രതിഷേധങ്ങളും ബഹിഷ്‌കരണങ്ങളും സൃഷ്ടിച്ചു. സർക്കാർ ജോലികളിൽ എലോൺ മസ്‌ക് വ്യാപൃതനായതോടെ ആദ്യ പാദ ലാഭത്തിലും വിൽപ്പനയിലും കമ്പനിക്ക് ഗണ്യമായ ഇടിവുണ്ടായി. ടെസ്‌ലയുടെ പ്രധാന പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വ്യതിചലിക്കുമോ എന്ന ആശങ്ക ചില നിക്ഷേപകരെങ്കിലും ഉയർത്തിയിരുന്നു.