Leading News Portal in Kerala

മാരുതി സുസുക്കിക്ക് വൻ ലാഭം; രണ്ടാം പാദത്തിലെ അറ്റാദായം 80 ശതമാനം ഉയർന്ന് 3,717 കോടി രൂപയായി


Last Updated:

വിൽപന ഉയർന്നതും, ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളുമാണ് ലാഭം ഉയർന്നതിന്റെ പ്രധാന കാരണങ്ങൾ.

വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് രണ്ടാം പാദത്തിൽ വൻ ലാഭം. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായം 80.3 ശതമാനം വർധിച്ച് 3,716.5 കോടി രൂപയിലെത്തി. വിൽപന ഉയർന്നതും, ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളുമാണ് ലാഭം ഉയർന്നതിന്റെ പ്രധാന കാരണങ്ങൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 2,061.5 കോടി രൂപയായിരുന്നുവെന്ന് പ്രസ്താവനയിൽ മാരുതി സുസുക്കി ഇന്ത്യ പറഞ്ഞു.

രണ്ടാം പാദത്തിൽ മാരുതി സുസുക്കി 35,535.1 കോടി രൂപയുടെ മൊത്ത വിൽപന (net sale) നടത്തി. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ 28,543.50 കോടി രൂപയുടെ മൊത്ത വിൽപനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ മാരുതി സുസുക്കി 5,17,395 യൂണിറ്റുകളാണ് വിറ്റതെങ്കിൽ ഈ പാദത്തിൽ 5,52,055 വാഹനങ്ങളാണ് കമ്പനി വിറ്റത്.

ഈ വർഷം ജൂലൈ – സെപ്റ്റംബർ കാലയളവിൽ വിറ്റ 5,52,055 വാഹനങ്ങളിൽ 4,82,731 യൂണിറ്റുകളും ആഭ്യന്തര വിപണിയിൽ വിറ്റതാണ്. 69,324 കാറുകൾ കയറ്റുമതി ചെയ്തു. തങ്ങളുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വിൽപനയും മൊത്തവിൽപനയുമാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയതെന്ന് കമ്പനി അറിയിച്ചു.