വനത്തിലെ ഗുഹയ്ക്കടുത്ത് വസ്ത്രങ്ങള്‍; ആത്മീയത തേടിയ റഷ്യന്‍ യുവതിയെയും രണ്ട് പെണ്‍മക്കളെയും പോലീസ് കണ്ടെത്തി Police rescued Russian woman and two daughters living in remote Karnataka cave seeking spirituality
Last Updated:
റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ബിസിനസ് വിസയില്‍ എത്തിയതായിരുന്നു യുവതി
കുന്നിന്‍ മുകളിലുള്ള ഒറ്റപ്പെട്ട ഗുഹയില്‍ നിന്നും റഷ്യന്‍ യുവതിയെയും രണ്ട് പെണ്‍മക്കളെയും പോലീസ് കണ്ടെത്തി. 40-കാരിയായ നീന കുട്ടിനയും അവരുടെ ആറും നാലും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയുമാണ് പോലീസ് കണ്ടെത്തിയത്. കര്‍ണാടകയിലെ കുംത താലൂക്കിലെ രാമതീര്‍ത്ഥ കുന്നിന്‍ മുകളിൽ ഏകദേശം രണ്ടാഴ്ചയോളം ഗുഹയില്‍ ഒറ്റപ്പെട്ടുകഴിയുകയായിരുന്നു ഇവർ. പട്രോളിങ്ങിനിടെ വനത്തിനുള്ളില്‍ കണ്ടെത്തിയ ഇവരെ ഗോകര്‍ണ പോലീസ് രക്ഷപ്പെടുത്തി.
റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ബിസിനസ് വിസയില്‍ എത്തിയ യുവതി ഹിന്ദു മതത്തിലും ആത്മീയ പാരമ്പര്യങ്ങളിലും ആകൃഷ്ടയായി ആത്മീയത തേടിയുള്ള യാത്രയിലായിരുന്നു.
മോഹി എന്നുവിളിക്കുന്ന നീന കുട്ടിനയും പ്രേയ, അമ എന്നു പേരുള്ള കുട്ടികളും തീര്‍ത്തും ഒറ്റപ്പെട്ടാണ് വന്യജീവികളും വിഷപാമ്പുകളുമുള്ള ആ കാട്ടില്‍ രണ്ടാഴ്ചയോളം കഴിഞ്ഞത്. ഗോവയില്‍ നിന്നും ഗോകര്‍ണത്തേക്ക് ആത്മീയ ഏകാന്തത തേടിയുള്ള യാത്രയിലായിരുന്നു മോഹിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ബിസിനസ് വിസയില്‍ എത്തിയ ഇവര്‍ ഹിന്ദു മതത്തിലും ആത്മീയ പാരമ്പര്യങ്ങളിലും ആകൃഷ്ടയായി ആത്മീയത തേടിയുള്ള യാത്രയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആത്മീയതയുടെ ഭാഗമായി ഒരു രുദ്ര വിഗ്രഹവും മോഹി ഗുഹയില്‍ സൂക്ഷിച്ചിരുന്നു. പ്രകൃതിയില്‍ നിന്നും ആത്മസമാധാനം തേടിയ അവര്‍ പൂജയിലും ധ്യാനത്തിലും മുഴുകി ഗുഹയില്‍ ദിവസങ്ങള്‍ ചെലവഴിച്ചുവെന്നും അവരുടെ കൊച്ചുകുട്ടികള്‍ മാത്രമാണ് ആ കാട്ടില്‍ അവര്‍ക്ക് കൂട്ടിനുണ്ടായിരുന്നതെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗോകര്‍ണ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീധറും സംഘവും രാമകീര്‍ത്ഥ കുന്നിന്‍ പ്രദേശത്ത് നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് യുവതിയെയും കുട്ടികളെയും കണ്ടെത്തിയത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ ഗുഹയ്ക്ക് സമീപം വസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതാണ് കുടുംബത്തിന് രക്ഷയായത്.
ഗുഹയ്ക്ക് പുറത്ത് ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ കണ്ടാണ് പോലീസ് സംഘം ഗുഹയ്ക്കടുത്തേക്ക് പോയതെന്നും അവിടെ മോഹിയെയും കുട്ടികളെയും കാണുകയായിരുന്നുവെന്നും ഉത്തര കന്നഡ പോലീസ് സൂപ്രണ്ട് എം. നാരയണ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ കുടുംബം ഈ കൊടുകാട്ടില്‍ എങ്ങനെയാണ് അതിജീവിച്ചതെന്നും എന്താണ് കഴിച്ചതെന്നും വളരെ അദ്ഭുതകരമാണെന്നും ഭാഗ്യത്തിന് മൂന്ന്‌പേര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹി ഗോവയില്‍ നിന്നാണ് രാമതീര്‍ത്ഥ കുന്നിലെ ഗുഹയിലേക്ക് എത്തിയതെന്ന് പോലീസ് പറയുന്നു. 2017-ല്‍ അവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നുവെന്നും ഇവര്‍ എത്രകാലം ഇന്ത്യയില്‍ താമസിച്ചുവെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
വനത്തില്‍ നിന്നും രക്ഷപ്പെടുത്തിയ റഷ്യന്‍ കുടുംബത്തിന് ഒരു ആശ്രമത്തില്‍ താമസസൗകര്യം ഒരുക്കിയതായും പോലീസ് സൂപ്രണ്ട് അറിയിച്ചു. ഗോകര്‍ണകത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് എത്തിച്ച് ഇവരെ റഷ്യയിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഒരു പ്രാദേശിക എന്‍ജിഒയുടെ സഹായത്തോടെ റഷ്യന്‍ എംബസിയുമായി ബന്ധപ്പെടുകയും ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
July 14, 2025 11:57 AM IST
വനത്തിലെ ഗുഹയ്ക്കടുത്ത് വസ്ത്രങ്ങള്‍; ആത്മീയത തേടിയ റഷ്യന്‍ യുവതിയെയും രണ്ട് പെണ്‍മക്കളെയും പോലീസ് കണ്ടെത്തി