Leading News Portal in Kerala

നേരം ഇത്തിരി വൈകിയാലും ലോക്കോപൈലറ്റ് ട്രെയിൻ വേഗത വര്‍ധിപ്പിക്കാത്തത് എന്തുകൊണ്ടെന്ന് അറിയാമോ?


Last Updated:

ഒട്ടേറെ ഗുണങ്ങള്‍ ട്രെയിൻ യാത്രയ്ക്കുണ്ടെങ്കിലും വൈകിയോടുന്ന ട്രെയിനുകൾ ഒരുപോരായ്മ തന്നെയാണ്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗതാഗതമേഖലയിലും സമ്പദ് വ്യവസ്ഥയിലും രാജ്യത്തിന്റെ നട്ടെല്ലാണ് ഇന്ത്യന്‍ റെയില്‍വേ. ചെലവ് കുറവായതിനാലും സേവനം എളുപ്പത്തില്‍ ലഭിക്കുമെന്നതിനാലും ആളുകള്‍ വിമാനത്തേക്കാള്‍ കൂടുതല്‍ ട്രെയിനിനെയാണ് മിക്കപ്പോഴും ആശ്രയിക്കാറുള്ളത്. ഒട്ടേറെ ഗുണങ്ങള്‍ ട്രെയിൻ യാത്രയ്ക്കുണ്ടെങ്കിലും വൈകിയോടുന്ന ട്രെയിനുകൾ ഒരുപോരായ്മ തന്നെയാണ്. അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്‌നങ്ങള്‍, കാലാവസ്ഥയിലെ മാറ്റം, കനത്ത ട്രാഫിക്, സാങ്കേതിക തകരാറുകള്‍ തുടങ്ങി ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.

മഞ്ഞുകാലത്ത് ടെയിനുകള്‍ വൈകിയോടുന്ന കേസുകള്‍ നിരവധിയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയാത്തത് എന്താണെന്ന് പലരെയും ആശ്ചര്യപ്പെടുത്താറുണ്ട്. ട്രെയിൻ വൈകിയാല്‍ വണ്ടിയുടെ വേഗത കൂട്ടി സമയത്തിന് എത്തിക്കാന്‍ ലോക്കോ പൈലറ്റ് ശ്രമിക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് ക്വോറയിൽ ചിലർ ചോദിച്ചിരിക്കുന്നത്. ആളുകള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനുമുള്ള മീഡിയ പോര്‍ട്ടലാണ് ക്വോറ.

നഷ്ടപ്പെട്ട സമയം വീണ്ടെടുക്കുന്നതിന് ലോക്കോ പൈലറ്റ് വണ്ടിയുടെ വേഗത കൂട്ടാത്തത് എന്തുകൊണ്ടാണെന്ന് പലർക്കും തോന്നിയിട്ടുണ്ടാകാം. എന്നാൽ ഈ ചോദ്യത്തിന് ക്വോറയില്‍ ആളുകള്‍ നല്‍കിയ ഉത്തരങ്ങള്‍ നമുക്കു പരിശോധിക്കാം. ബസ് അല്ലെങ്കില്‍ ട്രക്കിന്റെ പ്രവര്‍ത്തനവും ട്രെയിനിന്റെ പ്രവര്‍ത്തനവും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന് ഉത്തം മാളവ്യയെന്ന ആള്‍ പറഞ്ഞു. ബസിന്റെയോ ട്രക്കിന്റെയോ വേഗത ഡ്രൈവറുടെ ഇഷ്ടത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എന്നാൽ ഒരു ട്രെയിനിന്റെ വേഗത എത്രയെന്ന് മൂന്‍കൂട്ടി തീരുമാനിക്കും.

അതിന്റെ ചാര്‍ട്ട് ലോക്കോ പൈലറ്റിന് നല്‍കിയിട്ടുണ്ടാകും. ഈ വേഗപരിധി അനുസരിച്ചാണ് പൈലറ്റ് ട്രെയിൻ ഓടിക്കേണ്ടത്, മാളവ്യ പറഞ്ഞു. ഇക്കാരണത്താല്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗത കൂട്ടണമെന്ന് ആഗ്രഹിച്ചാലും അത്തരം നിയന്ത്രണങ്ങള്‍ കാരണം അവര്‍ക്ക് കഴിയില്ല. ഇന്ത്യന്‍ റെയില്‍വേ നിശ്ചയിക്കുന്ന വേഗപരിധി ലംഘിച്ചാല്‍ ലോക്കോ പൈലറ്റിനെ ശിക്ഷിക്കാനും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും കഴിയും. അതുകൊണ്ട് തന്നെ ട്രെയ്‌നുകള്‍ സ്ഥിരമായി വൈകുന്നതിന് ഇതൊരു കാരണമായിരിക്കാം.

സുബ്രമണ്യം എവി എന്നയാളാണ് ട്രെയിനുകള്‍ വൈകിയോടുന്നതിനുള്ള മറ്റൊരു കാരണം പറഞ്ഞത്. ഒരു റെയിൽവെ സോണില്‍ ഒട്ടേറെ ട്രെയിനുകളുണ്ടാകും. ഈ ട്രെയ്‌നുകള്‍ കൃത്യസമയം പാലിക്കേണ്ടതിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം റെയിൽവേ സോണുകള്‍ക്കാണ്.

‘മറ്റൊരു സോണിലെ ട്രെയിനും അതേ സോണിലെ ട്രെയിനും ഒരു റെയില്‍വേ സോണിലെ സ്റ്റേഷനില്‍ വൈകി എത്തിയാല്‍, അതേ സോണിലെ ട്രെയിനിനായിരിക്കും മുന്‍ഗണന നല്‍കുക. ശേഷമായിരിക്കും മറ്റ് സോണിലെ ട്രെയിനിന് പരിഗണന നല്‍കുക, സുബ്രമണ്യം പറഞ്ഞു. ഇതിന് പുറമെ, സോണുകളിലെ കാലാവസ്ഥ, അറ്റകുറ്റപ്പണികള്‍, സിഗ്നല്‍ ലഭിക്കാത്ത അവസ്ഥ എന്നിവയെല്ലാം ട്രെയിൻ വൈകിയോടുന്നതിന് കാരണങ്ങളാണെന്നും സുബ്രമണ്യം പറഞ്ഞു.