Last Updated:
വിമാനങ്ങൾക്ക് ഓറഞ്ച്, ടർക്കോയ്സ് നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ബുധനാഴ്ച അവതരിപ്പിച്ചു. വിമാനങ്ങൾക്ക് ഓറഞ്ച്, ടർക്കോയ്സ് നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എഐഎക്സ് കണക്റ്റുമായി (നേരത്തെ എയര്‍ ഏഷ്യ ഇന്ത്യ എന്നാണ് അറിയപ്പെട്ടിരുന്നത്) ലയിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരികയാണ്. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ ചെലവ് കുറഞ്ഞ വിമാനകമ്പനിയായി ഇത് മാറും. എയര്‍ ഇന്ത്യ തങ്ങളുടെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ച് രണ്ട് മാസത്തിന് ശേഷമാണ് എയർ ഇന്ത്യ എക്സ്പ്രെസ് മുംബൈ വിമാനത്താവളത്തില്‍ പുതിയ നിറത്തിലും ഡിസൈനിലുമുള്ള വിമാനം പുറത്തിറക്കിയത്.
പ്രീമിയം നിറങ്ങളായ എക്‌സ്പ്രസ് ഓറഞ്ച്, എക്‌സ്പ്രസ് ടര്‍ക്കിയോസ് നിറങ്ങള്‍ക്ക് പുറമെ എക്‌സ്പ്രസ് ടാങ്കറെയ്ന്‍, എക്‌സ്പ്രസ് ഐസ് ബ്ലൂ നിറങ്ങളും കൂടിച്ചേരുന്നതാണ് പുതിയ പുതിയ ഐഡന്റിറ്റിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പത്രക്കുറിപ്പില്‍ അറിയിച്ചു. എക്‌സ്പ്രസ് ഓറഞ്ച് നിറം കമ്പനിയുടെ ഊർജസ്വലത നിറഞ്ഞ ബ്രാന്‍ഡ് മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു. അതേസമയം, എക്‌സ്പ്രസ് ടര്‍ക്കോയ്‌സ് നിറമാകട്ടെ കമ്പനിയുടെ സമകാലിക മാറ്റങ്ങളോടുള്ള യോജിപ്പും ഡിജിറ്റല്‍ ഫസ്റ്റ്സമീപനവുമാണ് പ്രതിനിധീകരിക്കുന്നത്. ബാന്ധനി ടെക്‌സ്റ്റൈല്‍ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യൂണിഫോം തയ്യാറാക്കിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.
”അജ്രഖ്, പടോല, കാഞ്ചീവരം, കലംകാരി തുടങ്ങിയ പരമ്പരാഗത പാറ്റേണുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയുടെ കലാപരമായ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന ഡിസൈനുകളാണ് വരാനിരിക്കുന്ന വിമാനത്തില്‍ ഉള്‍പ്പെടുത്തുകയെന്നും എയർലൈൻ അറിയിച്ചു. ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള പുതിയ ബോയിങ് ബി 737-8 വിമാനം അവതരിപ്പിക്കുന്നതിലൂടെ, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‌റെ വളര്‍ച്ചയില്‍ റീ-ബ്രാന്‍ഡിങ് പുതിയ ഘട്ടമായാണ് അടയാളപ്പെടുത്തുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു.
അടുത്ത 15 മാസത്തിനുള്ളില്‍ 50 വിമാനങ്ങള്‍ കൂടി പുതിയതായി ഉള്‍പ്പെടുത്തുമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം 170 ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയും തമ്മിലുള്ള ലയനം അവസാനഘട്ടത്തിലാണെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ കാംപ്‌ബെല്‍ വില്‍സണ്‍ പറഞ്ഞു. ഇതുവഴി വ്യോമയാന രംഗത്ത് വലിയ മാറ്റം പ്രകടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 10-നാണ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയായ ‘ദ വിസ്ത’ എയര്‍ ഇന്ത്യ അവതരിപ്പിച്ചത്.
തങ്ങളുടെ എയര്‍ലൈന്‍ ബിസിനസുകള്‍ ഏകീകരിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റാ ഗ്രൂപ്പ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്-എഐഎക്സ് കണക്ട് ലയനത്തിന് പുറമെ, വിസ്താരയെയും ലയിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ടാറ്റയുടെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര. ഇതില്‍ ടാറ്റയ്ക്ക് 51 ശതമാനം ഓഹരിയുണ്ട്. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് കീഴില്‍ 30 ആഭ്യന്തര, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി പ്രതിദിനം 300-ല്‍ പരം വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
New Delhi,Delhi
October 19, 2023 10:02 PM IST