Last Updated:
‘ചാവേർ’ സിനിമയുടെ പോസ്റ്റർ പുലികള്‍ ഉയർത്തിപ്പിടിച്ചത് കാഴ്ചക്കാരിൽ ആവേശം നിറച്ചു
ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പുലികളി മഹോത്സവത്തിനിടയിൽ തരംഗമായി ‘ചാവേർ’. ഇത്തവണത്തെ അഞ്ച് ടീമുകളിൽ വിയ്യൂർ സെൻട്രൽ പുലികളി ടീമിന്‍റെ ആവേശത്തോടൊപ്പം പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും ‘ചാവേർ’ ടീമും എത്തിച്ചേർന്നത് വേറിട്ട കാഴ്ചയായി. പുലികളിയുടെ ഫ്ലാഗ് ഓഫ് വേദിയിൽ ഇതോടെ ‘ചാവേർ’ വീര്യം ആളിപ്പടർന്നു.
പ്രേക്ഷകർക്കായ് വന്യമായ തിയേറ്റർ കാഴ്ചകള്‍ സമ്മാനിക്കും എന്നുറപ്പിച്ച ‘ചാവേർ’ സിനിമയുടെ പോസ്റ്റർ പുലികള്‍ ഉയർത്തിപ്പിടിച്ചത് കാഴ്ചക്കാരിൽ ആവേശം നിറച്ചു. പോസ്റ്ററുകള്‍ പതിച്ച പ്രത്യേക വണ്ടികളും പുലികളിക്കിടയിൽ പുതുമ നിറച്ചു. ഇതാദ്യമായാണ് പുലികളിക്കിടയിൽ ഒരു സിനിമയുടെ അണിയറപ്രവർത്തകര്‍ സിനിമയുടെ പ്രചരണാർത്ഥം എത്തിച്ചേരുന്നത്.
300 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ ചെണ്ടയുടെ താളത്തിന് ഒപ്പം നൃത്തം വെക്കുന്നത്. കരിമ്പുലി, വരയന്‍ പുലി, പുള്ളിപ്പുലി ഫ്ലൂറസന്‍റ്പുലി തുടങ്ങി പലവിധ പുലികള്‍ നഗരത്തില്‍ കൗതുകകാഴ്ചകള്‍ വിതറി. വിയ്യൂര്‍ ദേശത്ത് നിന്നും പെണ്‍പുലികളും ഇറങ്ങുന്നു.
സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ചാവേർ’. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘സ്വാതന്ത്യ്രം അര്‍ദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ സിനിമകൾ സമ്മാനിച്ച തിയേറ്റർ വൈബ് തന്നെയാണ് ‘ചാവേറി’നായി കാത്തിരിക്കാൻ ഏവരേയും പ്രേരിപ്പിക്കുന്നൊരു ഘടകം.
സെപ്റ്റംബര്‍ 21നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
Thiruvananthapuram,Kerala
September 02, 2023 8:48 AM IST