Leading News Portal in Kerala

അവിവാഹിതയായ 22കാരി പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞ നിലയിൽ അയൽപക്കത്തെ പറമ്പിൽ| body of infant girl delivered by an unmarried woman found in pathanamthitta


Last Updated:

വീട്ടുകാര്‍ക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി. ഗർഭിണിയായത് കാമുകനിൽ നിന്നാണെന്നും വിവരം വീട്ടുകാരോട് മറച്ചുവെച്ചതായും മൊഴി

News18News18
News18

അവിവാഹിത പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞനിലയിൽ അയൽപക്കത്തെ പറമ്പിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലി ആലക്കോടാണ് സംഭവം. രക്തസ്രാവത്തെത്തുടർന്ന് യുവതി ചൊവ്വാഴ്ച ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൂട്ടിയിട്ടിരിക്കുന്ന അയൽവീടിന്റെ പിന്നിൽ, വാഴയുടെ ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയെ രക്തസ്രാവത്തെത്തുടർന്ന് ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്ന് ചെങ്ങന്നൂരിലെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രസവം നടന്നതായി ഡോക്ടർക്ക് ബോധ്യപ്പെട്ടെങ്കിലും ഇക്കാര്യം യുവതി സമ്മതിച്ചില്ല. കുഞ്ഞ് എവിടെയാണെന്നും എന്തുചെയ്‌തെന്നും ചോദിച്ചെങ്കിലും യാതൊന്നും പറഞ്ഞില്ല. ഒടുവിൽ സീനിയർ നഴ്‌സിനോട് പ്രസവിച്ചെന്നും കുഞ്ഞിനെ വീടിനടുത്തുള്ള പറമ്പിനോട് ചേർന്നുള്ള മതിലിന് സമീപം വെച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.

യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രസവിച്ചത് ചൊവ്വാഴ്ച പുലർച്ചെ നാലിനെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പൊക്കിൾകൊടി തനിയെ ആണ് മുറിച്ചത്. കരഞ്ഞ കുഞ്ഞിന്റെ വായപൊത്തിപ്പിടിച്ചു. ശൗചാലയത്തിൽകൊണ്ടുവെച്ച ശേഷം മൃതശരീരം ചേമ്പിലയിലാക്കി അയൽവീടിന്റെ പരിസരത്തേക്ക് മാറ്റി. ഗർഭിണിയായത് കാമുകനിൽ നിന്നാണെന്നും വിവരം വീട്ടുകാരോട് മറച്ചുവെച്ചതായും ഇവരുടെ മൊഴിയിലുണ്ട്.‌

‌ശ്വാസംമുട്ടിച്ച് കൊന്നതെന്ന് അമ്മ

കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് 22കാരിയായ മാതാവ് കുറ്റസമ്മതം നടത്തി. കൗണ്‍സിലിങ്ങിനിടെയാണ് യുവതി മൊഴി നല്‍കിയത്. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചു. കുഞ്ഞിന് അനക്കമില്ലാതായപ്പോള്‍ അടുത്ത പുരയിടത്തില്‍ കൊണ്ടുപോയി കളഞ്ഞുവെന്നും യുവതി പറഞ്ഞു. പ്രസവിക്കുന്ന സമയം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി കൗണ്‍സിലിങ്ങിനിടെ പറഞ്ഞു.

Summary: Body of infant girl delivered by an unmarried woman found in Pathanamthitta