Leading News Portal in Kerala

‘കേന്ദ്രനിയമത്തിന്റെ പേരിൽ കാമറ വെക്കുന്ന ഗതാഗതവകുപ്പ് കേന്ദ്ര നിയമത്തിൽ ഓടുന്ന ബസ് പിടിക്കുന്നു’ റോബിൻ ബസ് വിവാദം


Last Updated:

തിങ്കളാഴ്ച രാവിലെ 5.30ന് റാന്നി പൊലീസ് സ്റ്റേഷന്‍പടിയിൽ വച്ചാണ് ‘റോബിൻ’ ബസ് പിടിച്ചെടുത്തത്. പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി

റോബിൻ ബസ് എംവിഡി ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾറോബിൻ ബസ് എംവിഡി ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ
റോബിൻ ബസ് എംവിഡി ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ

പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ടൂറിസ്റ്റ് ബസ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും വാഹന ഉടമയും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.

‘കേന്ദ്ര നിയമം ഉണ്ടെന്ന് പറഞ്ഞ് കാമറയുടെ പേരിൽ റോഡിൽ കാശ് പിരിക്കുന്നവർ എന്തിനാണ് ഉള്ള കേന്ദ്ര നിയമത്തിന്റെ പേരിൽ റോഡിൽ ഓടിക്കുന്ന ബസ് പിടിക്കുന്നത്?’ എന്നാണ് ബസ് ഉടമകളുടെ ചോദ്യം.

തിങ്കളാഴ്ച രാവിലെ 5.30ന് റാന്നി പൊലീസ് സ്റ്റേഷന്‍പടിയിൽ വച്ചാണ് ‘റോബിൻ’ ബസ് പിടിച്ചെടുത്തത്. പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. കോയമ്പത്തൂര്‍‌ ബോര്‍ഡ് വച്ചാണ് 6 യാത്രക്കാരുമായി ബസ് വന്നത്. യാത്രക്കാരുടെ വിശദാംശങ്ങള്‍‌ ശേഖരിച്ചശേഷം അവരെ ഇറക്കിവിട്ടു. കഴിഞ്ഞ മാസം ഒന്നിനും ഇതേ ബസ് ഫിറ്റ്‌നസ്സില്ലെന്ന കാരണം പറഞ്ഞ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചിരുന്നു.

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നാണ് സ്വകാര്യബസുടമകളുടെ വാദം. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നുമാണ് ബസുടമകള്‍ അവകാശപ്പെടുന്നത്. എന്നാല്‍, കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഓടുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നിലപാട്.

ബോർഡ് വെച്ച് സർവീസ് നടത്താമെന്ന് ബസുടമ

പുതുക്കിയ കേന്ദ്ര നിയമം അനുസരിച്ചു ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസിന് ബോര്‍ഡ് വെച്ച് സര്‍‌വീസ് നടത്താമെന്ന് ഉടമ ഗിരീഷ് പറയുന്നു. സ്റ്റാന്‍ഡുകളില്‍ കയറാനും യാത്രക്കാരെ എടുക്കാനും ഇതുപ്രകാരം അനുമതിയുണ്ട്. ബസിന് 1.28 ലക്ഷം രൂപ നികുതി അടച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ തടസ്സം പറഞ്ഞിരുന്നില്ലെന്നും സുപ്രീംകോടതിയില്‍നിന്ന് ഇക്കാര്യത്തിൽ അനുകൂലമായ വിധിയുണ്ടെന്നും ഗിരീഷ് ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും ബസുടമ വ്യക്തമാക്കി.

ബോർഡ് വെച്ച് ആളെ കയറ്റാനാകില്ലെന്ന് എംവിഡി

റാന്നി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജയ് കുമാറാണ് റോബിൻ ബസിനെതിരെ നടപടി സ്വീകരിച്ചത്. പെര്‍മിറ്റിലെ നിര്‍ദേശം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് പുറത്തുവന്ന ചെല്ലാന്റെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. സ്റ്റേജ് കാര്യേജ് ബസുകള്‍ പോലെ ബോര്‍‌ഡ് വച്ച് ഇടയ്ക്കുനിന്ന് ആളെ കയറ്റി ഓടാന്‍ കഴിയില്ലെന്നാണ് മോട്ടര്‍ വാഹന വകുപ്പ് അധികൃതരുടെ വാദം. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും അവര്‍ വാദിക്കുന്നു.

കേന്ദ്രനിയമം പറയുന്നത്

കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) റൂൾ 85 (6) മുതൽ 85 (9) വരെയുള്ള ഭാഗത്താണ് കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റാൻഡുകളിൽ കയറുകയോ ഇടയ്ക്കുനിന്നു യാത്രക്കാരെ എടുക്കുകയോ ഇറക്കുകയോ ചെയ്യരുതെന്നു പറയുന്നത്. എന്നാൽ പുതിയതായി വന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നിയമത്തിൽ ഇവയ്ക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര നിയമത്തിലെ 82 മുതൽ 85 എ വരെയുള്ള ചട്ടങ്ങൾ പുതിയ പെർമിറ്റ് എടുക്കുന്ന വാഹനങ്ങൾക്ക് ബാധകമല്ലെന്ന് നിയമത്തിലുണ്ടെന്ന് ബസുടമകൾ പറയുന്നു.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസിന് സീറ്റൊന്നിന് 3000 രൂപയും സ്റ്റേജ് കാരിയേജ് ബസിന് 600 രൂപയുമാണ് നികുതി നിരക്ക്. അങ്ങനെയിരിക്കെ, ടൂറിസ്റ്റ് ബസുകൾ ബോർഡ് വച്ചു സർവീസ് നടത്തിയാൽ കെഎസ്ആർടിസിയെ ബാധിക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും ബസ് ഉടമകൾ പറയുന്നു. ടൂറിസ്റ്റ് ബസുകൾക്കു കുറഞ്ഞ നിരക്കിൽ ഓടാൻ കഴിയില്ല. ദീർഘദൂര യാത്രക്കാർക്കു മികച്ച യാത്രാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര സർക്കാർ നിയമം പരിഷ്കരിച്ചതെന്നാണു വാദം.

മലയാളം വാർത്തകൾ/ വാർത്ത/Auto/

‘കേന്ദ്രനിയമത്തിന്റെ പേരിൽ കാമറ വെക്കുന്ന ഗതാഗതവകുപ്പ് കേന്ദ്ര നിയമത്തിൽ ഓടുന്ന ബസ് പിടിക്കുന്നു’ റോബിൻ ബസ് വിവാദം