മൂന്നു ലക്ഷം ചോദിച്ചു; ഒന്നര ലക്ഷത്തിന് കച്ചവടമുറപ്പിച്ചു; കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും വാങ്ങിയവരും അറസ്റ്റിൽ| tamil nadu couple sold infant for money arrested by kerala police in tirur malappuram
Last Updated:
വാങ്ങിയത് വളര്‍ത്താനാണ് എന്നാണ് കുഞ്ഞിനെ വാങ്ങിയ യുവതി പൊലീസിനോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
മലപ്പുറം തിരൂരില്‍ കൈക്കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ തമിഴ് ദമ്പതികള്‍ കസ്റ്റഡിയില്‍. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. തിരൂര്‍ പൊലീസാണ് കുഞ്ഞിനെ വീണ്ടെടുത്തത്. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന് ശിവ, കുട്ടിയെ വാങ്ങിയ തമിഴ്നാട് സ്വദേശി ആദിലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
സേലം സ്വദേശികളായ കീര്‍ത്തനയും ശിവയും തിരൂരിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്. കുഞ്ഞിനെ കാണാനില്ലാത്തത് അയൽക്കാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇവർ സംശയം പ്രകടിപ്പിച്ച് തിരൂര്‍ പൊലീസില്‍ പരാതിയും നല്കി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ രക്ഷിതാക്കള്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം തുറന്നുപറഞ്ഞത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിക്കാണ് കുഞ്ഞിനെ കൈമാറിയതെന്ന് കീര്‍ത്തനയും ശിവയും പൊലീസിനോട് പറഞ്ഞു. പിന്നാലെ കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തിയത്.
മൂന്നുലക്ഷം രൂപയാണ് കുഞ്ഞിനെ വില്ക്കാന് ദമ്പതികൾ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. വാങ്ങിയത് വളര്‍ത്താനാണ് എന്നാണ് കുഞ്ഞിനെ വാങ്ങിയ യുവതി പൊലീസിനോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
Malappuram,Malappuram,Kerala
June 18, 2025 6:46 AM IST
മൂന്നു ലക്ഷം ചോദിച്ചു; ഒന്നര ലക്ഷത്തിന് കച്ചവടമുറപ്പിച്ചു; കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും വാങ്ങിയവരും അറസ്റ്റിൽ