Leading News Portal in Kerala

Exclusive| കേരള കോൺഗ്രസിനോട് ഉദാര സമീപനം; ‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് തർക്കം പാടില്ലെന്ന് സിപിഎം| Cpm to have soft stand towards kerala congress considering special circumstancesCpm to have soft stand towards kerala congress considering special circumstances


Last Updated:

കേരള കോൺഗ്രസ് എമ്മിനെ തിരികെ എത്തിക്കാൻ യുഡിഎഫും കോൺഗ്രസും ശ്രമം തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ നിർണായക നീക്കം

മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിയും (Image: facebook)മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിയും (Image: facebook)
മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിയും (Image: facebook)

കേരള കോൺഗ്രസ് എം മുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ നിര്‍ണായക തീരുമാനവുമായി സിപിഎം. കേരള കോൺഗ്രസിനോട് ഉദാരസമീപനം സ്വീകരിക്കണമെന്ന് താഴേത്തട്ടിലുള്ള പ്രാദേശിക ഘടകങ്ങൾക്ക് സിപിഎം നിർദേശം നല്‍കി.

‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് കേരള കോണ്‍ഗ്രസിനോട് ഒരു തരത്തിലുള്ള തർക്കവും പാടില്ലെന്നാണ് കര്‍ശന നിർദേശം. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റുകൾ സംബന്ധിച്ച് യാതൊരു തർക്കവും പാടില്ല എന്നും എന്ത് പ്രകോപനം ഉണ്ടായാലും കഴിയുന്ന തരത്തിൽ ഒത്തുപോകണം എന്നും നിർദേശമുണ്ട്. കേരള കോൺഗ്രസ് എം നിർണായകമായ സ്വാധീനം ചെലുത്തുന്ന ഇടങ്ങളിലെ സിപിഎം ഘടകങ്ങൾക്കാണ് നിർദേശം. ‘പ്രത്യേക സാഹചര്യം’ എന്താണ് എന്ന് വിശദീകരിച്ചിട്ടില്ലെങ്കിലും കേരള കോൺഗ്രസ് എമ്മിനെ തിരികെ എത്തിക്കാൻ യുഡിഎഫും കോൺഗ്രസും ശ്രമം തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ നിർണായക നീക്കം.

തദ്ദേശ തിരഞ്ഞെടുപ്പ് ഏതാണ്ട് 100 ദിവസം അകലെ നിൽക്കെ കേരള കോൺഗ്രസിനെ പിണക്കാനില്ലെന്ന സൂചനയാണ് സിപിഎം നൽകുന്നത്. പ്രാദേശിക തലത്തിൽ കേരള കോൺഗ്രസ് എം കൂടുതൽ സീറ്റ് ആവശ്യപ്പെടും എന്നതാണ് ഇത്തരത്തിൽ നിർദേശത്തിനു കാരണം. ഇത്തരത്തിൽ മുതിർന്ന കേരള കോൺഗ്രസ് എം നേതാക്കൾ പ്രസ്‍താവനകൾ നടത്തിയുരുന്നു. സിപിഎമ്മിനോടും ഇടത് ഭരണത്തോടും അതൃപ്‌തയുള്ള സഭാ നേതാക്കളുടെ നിരന്തര സ്വാധീനത്താൽ അണികളിലേക്കും അത് വന്നിട്ടുണ്ട് എന്ന് കേരള കോൺഗ്രസ് എം വിലയിരുത്തുന്നു. ഇതിനെ മറികടക്കാൻ കൂടുതൽ സീറ്റ് മാത്രമാണ് പോംവഴി എന്ന് കേരള കോൺഗ്രസ് എം കണക്കാക്കുന്നു.

ഇടതുമുന്നണിയിൽ‌ തങ്ങൾ സന്തുഷ്ടരാണെന്നും മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും ജോസ് കെ മാണി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പാർട്ടി അണികളിൽ ഒരു വിഭാഗത്തിന് ഇടതുമുന്നണിയിൽ തുടരുന്നതിനോട് യോജിപ്പില്ല. സിപിഎം, സിപിഐ പാർ‌ട്ടികൾ‌ പ്രാദേശിക തലത്തിൽ തങ്ങള്‍ക്ക് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ഇത് കൂടി കണക്കിലെടുത്താണ് കേരള കോണ്‍ഗ്രസിനെ പിണക്കാതെ ഒരുമിച്ച് കൊണ്ടുപോകണമെന്ന സന്ദേശം സിപിഎം കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്നത്.

മുമ്പ് യുഡിഎഫിൽ ആയിരുന്ന കേരളാ കോൺഗ്രസ് ജോസഫ്, മാണി എന്ന നിലയിൽ പിളർന്നപ്പോൾ മാണി വിഭാഗത്തോട് കോൺഗ്രസ് കാട്ടിയ അതൃപ്തിയും അകൽച്ചയുമാണ് പിന്നീട് അവർക്ക് തിരിച്ചടി ആയതെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. മാണി പോയാൽ ഒന്നും സംഭവിക്കില്ല എന്ന തരത്തിൽ പ്രകോപനം നേതാക്കൾ തന്നെ ഇപ്പോൾ അവരുടെ പിന്നാലെ ചെല്ലുന്ന സാഹചര്യത്തെ സൃഷ്ടിച്ചിട്ടുണ്ട് എന്നും പാർട്ടി മനസിലാക്കുന്നു.

കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ 25 മണ്ഡലങ്ങളിൽ കേരള കോൺഗ്രസിന് നിർ‌ണായക സ്വാധീനമുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. കോട്ടയം ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭ എന്നിവ ഇടതുപക്ഷത്തേക്കുവന്നതും കോട്ടയത്ത് നിന്നും നിയമസഭയിലേക്ക് ഇടത് മുന്നണി ഒമ്പതിൽ അഞ്ച് സീറ്റ് നേടിയതും രണ്ടില എന്ന വൈകാരിക ഘടകത്തിന്റെ സ്വാധീനം കൊണ്ട് കൂടിയാണ് എന്ന് സിപിഎം സമ്മതിക്കുന്നു. പാലായിലെ ‘പ്രത്യേക സാഹചര്യ’ത്തിൽ ജോസ് കെ മാണി കടുത്തുരുത്തിയിലേക്ക് മാറിയിരുന്നു എങ്കിൽ ഉമ്മൻചാണ്ടിയുടെ പുതുപ്പളളിയും തിരുവഞ്ചൂരിന്റെ കോട്ടയവും ഒഴികെ ഇടത് മുന്നണി നേടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു എന്നും കരുതുന്നവരും കുറവല്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് എം 5 സീറ്റുകളിൽ വിജയിച്ചിരുന്നു. ഈ 12 സീറ്റുകളടക്കം സംസ്ഥാനത്തെ 35 ഇടത്ത് കേരള കോൺഗ്രസ് വോട്ടുകൾ നിർണായകമാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3.28 ശതമാനം വിഹിതത്തോടെ 6.84 ലക്ഷം വോട്ടുകളാണ് കേരള കോൺഗ്രസ് ‌നേടിയത്. അന്നത്തെ ഇടതു തരംഗത്തിന്റെ സ്വാധീനം മാറ്റിനിർത്തിയാലും പാർട്ടിക്ക് സ്വന്തമായി 5.5 ലക്ഷം വോട്ടുകളുണ്ടെന്നാണ് കണക്ക്. ഈ വോട്ടുകൾ ഒപ്പം നിർത്തുന്നത് 2026‌ല്‍ നിര്‍ണായകമെന്ന് സിപിഎം തിരിച്ചറിയുന്നു.