Leading News Portal in Kerala

തിരുവനന്തപുരം വക്കത്ത് പഞ്ചായത്തംഗവും അമ്മയും ജീവനൊടുക്കി; വ്യാജക്കേസിൽ കുടുക്കിയെന്ന് കുറിപ്പ്| thiruvananthapuram vakkom panchayat member and mother found dead


Last Updated:

പഞ്ചായത്തംഗങ്ങൾക്ക് കുറിപ്പ് വാട്സാപ്പിൽ അയച്ചുകൊടുത്തതിനുശേഷമാണ് അരുൺ മരിച്ചത്. നിലവിൽ അരുൺ വക്കം ഗ്രാമ പഞ്ചായത്തിലെ 8-ാം വാർഡ് മെമ്പറാണ്

അരുൺ, വത്സലഅരുൺ, വത്സല
അരുൺ, വത്സല

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തംഗത്തെയും അമ്മയെയും വീടിനോട് ചേർന്ന ചായ്പ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്തംഗം നെടിയവിള വീട്ടിൽ അരുൺ (42), അമ്മ വത്സല (71) എന്നിവരാണ് തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പഞ്ചായത്തംഗങ്ങൾക്ക് കുറിപ്പ് വാട്സാപ്പിൽ അയച്ചുകൊടുത്തതിനുശേഷമാണ് അരുൺ മരിച്ചത്. നിലവിൽ അരുൺ വക്കം ഗ്രാമ പഞ്ചായത്തിലെ 8-ാം വാർഡ് മെമ്പറാണ്. കോൺഗ്രസ് ജനപ്രതിനിധിയായിരുന്നു.

തനിക്കെതിരെ വ്യാജ ജാതിക്കേസും മോഷണക്കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് കുറിപ്പിൽ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നാണ് കുറിപ്പിൽ പറയുന്നത്. സജി മണിലാൽ എന്ന വ്യക്തിയാണ് വ്യാജമോഷണക്കേസ് നൽകിയതെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

ഈ കേസുകൾ കാരണം തനിക്ക് ജോലികൾ ചെയ്യാൻ കഴിയുന്നില്ല, പാസ്‌പോർട്ട് എടുക്കാൻ കഴിയുന്നില്ല, ഭാര്യയുടെയും കുട്ടിയുടെയും ജീവിതം ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് ജീവനൊടുക്കുകയാണെന്നാണ് അരുണിന്റെ കുറിപ്പിലുളളത്. പഞ്ചായത്ത് അംഗത്തിന്റെ ലെറ്റർ ഹെഡിലാണ് കത്തെഴുതിയത്. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു. വ്യാജക്കേസിൽ കുടുക്കിയതിൽ അരുൺ മനോവിഷമത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)