‘സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ല’: പാകിസ്ഥാൻ ‘പട്ടിണിയിലാകുമെന്ന്’ അമിത് ഷാ|Amit Shah says Pakistan will starve Indus Water Treaty will never be restored
Last Updated:
പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ഒരു കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അന്യായമായി ലഭിക്കുന്ന വെള്ളത്തിന്റെ അഭാവം പാകിസ്ഥാനെ വലയ്ക്കുമെന്നും അമിത് ഷാ
പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്യായമായി ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അഭാവം ഇസ്ലാമാബാദിനെ വലയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെന്നും എന്നാൽ അത് നിർത്തലാക്കാനുള്ള അവകാശം ഉണ്ടായിരുന്നു.
അത് തങ്ങൾ ചെയ്തിട്ടുണ്ട്. ഉടമ്പടിയുടെ ആമുഖത്തിൽ അത് ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണെന്ന് പരാമർശിക്കുന്നു, എന്നാൽ ഒരിക്കൽ അത് ലംഘിക്കപ്പെട്ടുകഴിഞ്ഞാൽ, സംരക്ഷിക്കാൻ ഒന്നും ശേഷിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
” ഇല്ല, അത് ഒരിക്കലും പുനഃസ്ഥാപിക്കില്ല. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല, പക്ഷേ അത് നിർത്തലാക്കാനുള്ള അവകാശം ഞങ്ങൾക്ക് ഉണ്ടായിരുന്നു, അത് ഞങ്ങൾ ചെയ്തിട്ടുണ്ട്. ഉടമ്പടിയുടെ ആമുഖത്തിൽ അത് ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണെന്ന് പരാമർശിക്കുന്നു, എന്നാൽ ഒരിക്കൽ അത് ലംഘിക്കപ്പെട്ടുകഴിഞ്ഞാൽ, സംരക്ഷിക്കാൻ ഒന്നും ശേഷിക്കില്ല.”ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞു.
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായതിനെത്തുടർന്ന്, പാകിസ്ഥാൻ പൗരന്മാരെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നയതന്ത്ര തീരുമാനങ്ങളുടെ ഒരു പരമ്പര ഇന്ത്യ കൈക്കൊണ്ടിരുന്നു. അത്തരത്തിൽ സിന്ധു നദീജല കരാറും നിർത്തിവച്ചു.
“ഇന്ത്യയ്ക്ക് അവകാശപ്പെട്ട വെള്ളം ഞങ്ങൾ ഉപയോഗിക്കും. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ഒരു കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. അന്യായമായി ലഭിക്കുന്ന വെള്ളത്തിന്റെ അഭാവം പാകിസ്ഥാനെ വലയ്ക്കും,” ഷാ കൂട്ടിച്ചേർത്തു.
‘കശ്മീരിലെ സമാധാനം തകർക്കാനുള്ള മനഃപൂർവ ശ്രമം’
പഹൽഗാം ആക്രമണത്തെ അപലപിച്ച ഷാ, “കശ്മീരിലെ സമാധാനം തകർക്കാനും, വർദ്ധിച്ചുവരുന്ന ടൂറിസം തടയാനും, കശ്മീർ യുവാക്കളുടെ ശ്രദ്ധ തിരിക്കാനും ഉള്ള മനഃപൂർവമായ ശ്രമമാണിത്” എന്ന് പറഞ്ഞു. കശ്മീർ താഴ്‌വര മുമ്പ് ഒരിക്കലും ഇന്ത്യയോട് ഇത്രയും ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പാകിസ്ഥാൻ എന്ത് തീരുമാനിച്ചാലും അതിനെതിരെ നടപടിയെടുക്കാൻ ഞങ്ങൾ മടിക്കില്ല,” അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികൾ കശ്മീരിലേക്കുള്ള യാത്രകൾ പുനരാരംഭിച്ചു. ഇന്ത്യയിലെ സിവിലിയൻ സ്ഥലങ്ങൾ പാകിസ്ഥാൻ ആക്രമിച്ചുവെന്നും, എന്നാൽ അവരുടെ വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ വരുത്തി ഇന്ത്യ ഉചിതമായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
New Delhi,Delhi
June 21, 2025 12:45 PM IST