Leading News Portal in Kerala

Ind vs Aus 5th Test: ബുംറയും കോൺസ്റ്റാസും നേർക്കുനേർ; പിന്നാലെ ഖവാജയെ പുറത്താക്കി മറുപടി; സിഡ്നിയിൽ കളിമാറും| Jasprit Bumrah Aggressive Celebration After Taking Usman Khawaja Wicket turned his attention to Sam Konstas


Last Updated:

ബൗളിങ് എൻഡിൽ നിന്നും ബുംറ കോൺസ്റ്റാസിന്‍റെ നേർക്ക് പാഞ്ഞടുത്തു. കോൺസ്റ്റാസ് തിരിച്ചും. അമ്പയർ കൃത്യമായി ഇടപ്പെട്ട് പ്രശ്നം രൂക്ഷമാക്കാതെ നോക്കുകയായിരുന്നു

(Picture Credit: Screengrab, AP)(Picture Credit: Screengrab, AP)
(Picture Credit: Screengrab, AP)

ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിൽ വരും ദിവസങ്ങളിൽ തീപാറുമെന്നുറപ്പ്. അത്തരത്തിൽ ഒരു തീപ്പൊരിയിട്ടാണ് ആദ്യ ദിനം കളി അവസാനിച്ചത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറയും ഓസ്ട്രേലിയൻ യുവതാരം സാം കോൺസ്റ്റാസും കൊമ്പുകോർത്തിരുന്നു. ആദ്യദിനത്തിലെ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ ഉസ്മാൻ ഖവാജ ബാറ്റിങ്ങിന് തയ്യാറെടുക്കാൻ പതിവിലും കൂടുൽ സമയമെടുക്കുന്നുണ്ടായിരുന്നു. ഇക്കാര്യം ബുംറ ചൂണ്ടിക്കാട്ടിയപ്പോൾ നോൺസ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന കോൺസ്റ്റാസ് ബുംറയോട് എന്തോ പിറുപിറുത്തു.

ബൗളിങ് എൻഡിൽ നിന്നും ബുംറ കോൺസ്റ്റാസിന്‍റെ നേർക്ക് പാഞ്ഞടുത്തു. കോൺസ്റ്റാസ് തിരിച്ചും. അമ്പയർ കൃത്യമായി ഇടപ്പെട്ട് പ്രശ്നം രൂക്ഷമാക്കാതെ നോക്കുകയായിരുന്നു. രണ്ട് പന്ത് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അടുത്ത പന്ത് ഖവാജ ലീവ് ചെയ്തു. അവസാന പന്തിൽ ഖവാജയെ സ്ലിപ്പിൽ രാഹുലിന്‍റെ കയ്യിലെത്തിച്ചാണ് ബുംറ കോൺസ്റ്റാസിന് മറുപടി നൽകിയത്.

വിക്കറ്റ് നേടിയതിന് ശേഷം ബുംറ നേരെ കോൺസ്റ്റാസിന് നേരെ തിരിയുകയായിരുന്നു. ഇന്ത്യൻ ടീമിലെ 11 താരങ്ങളും ആദ്യ വിക്കറ്റ് ഒരുപോലെ ആഘോഷിച്ചു. ബുംറയും ടീം ഒന്നടങ്കവും കോണ്‍സ്റ്റാസിന്റെ നേര്‍ക്ക് ഇരച്ചെത്തുകയായിരുന്നു. സ്ലിപ്പില്‍ നിന്ന് കോണ്‍സ്റ്റാസിന്റെ നേര്‍ക്ക് ഓടിയെത്തിയ വിരാട് കോഹ്ലി താരത്തോട് ആക്രോശിക്കുന്നതും കാണാമായിരുന്നു.

പരമ്പരയിലെ ബുംറയുടെ 31-ാം വിക്കറ്റായിരുന്നു ഇത്. ഖവാജയെ ആറാം തവണയാണ് പരമ്പരയിൽ ബുംറ പുറത്താക്കിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 185 റൺസെടുത്ത് പുറത്തായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ 1ന് 9 എന്ന നിലയിലാണ്.

40 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ 26 റൺസ് നേടി. വാലറ്റത്ത് വെടിക്കെട്ട് നടത്തിയ ബുംറ 22 റൺസ് സ്വന്തമാക്കി. കെ എൽ രാഹുൽ ( 4), യശ്വസ്വി ജയ്സ്വാൾ (10), ശുഭ്മാൻ ഗിൽ (20), വിരാട് കോഹ്ലി (17), നിതീഷ് കുമാർ റെഡ്ഡി (0), വാഷിങ്ടൺ സുന്ദർ (14), പ്രസിദ്ധ് കൃഷ്ണ (3) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്കോർ. മുഹമ്മദ് സിറാജ് മൂന്ന് റൺസുമായി പുറത്താകാതെ നിന്നു.

ഓസ്ട്രേലിയക്ക് വേണ്ടി സ്കോട്ട് ബോളണ്ട് 4 വിക്കറ്റും മിച്ചൽ സ്റ്റാർക്ക് 3വിക്കറ്റും സ്വന്തമാക്കി. ക്യപ്റ്റൻ പാറ്റ് കമ്മിൻസ് 2 വിക്കറ്റെടുത്തപ്പോൾ നേഥൻ ലയോൺ ഒരു വിക്കറ്റ് സ്വന്തമാക്കി.