Leading News Portal in Kerala

യുഎസിലേക്കുള്ള ട്രംപിന്റെ ക്ഷണം നിരസിച്ചത് എന്തുകൊണ്ടെന്ന് നരേന്ദ്ര മോദി|PM Modi Explains why he declined the invitation of Donald Trump to visit Washington


Last Updated:

രണ്ട് ദിവസം മുമ്പ് ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കാനഡയിലായിരുന്നു മോദി

News18News18
News18

അമേരിക്ക സന്ദര്‍ശിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതിന്റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഗന്നാഥ് മഹാപ്രഭുവിന്റെ നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ചതിനാലാണ് ട്രംപിന്റെ ക്ഷണം സ്വീകരിക്കാതിരുന്നതെന്ന് മോദി വെള്ളിയാഴ്ച പറഞ്ഞു. ഒഡീഷയില്‍ ബിജെപി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഭുവനേശ്വറില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയിലായിരുന്നപ്പോള്‍ ട്രംപ് തന്നെ അത്താഴത്തിനും ചര്‍ച്ചകള്‍ക്കുമായി വാഷിംഗ്ടണിലേക്ക് ക്ഷണിച്ചതായി മോദി പറഞ്ഞു. എന്നാല്‍ ജൂണ്‍ 20-ന് ഒഡീഷ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് തിരിക്കേണ്ടതിനാല്‍ അദ്ദേഹത്തിന്റെ ക്ഷണം വിനയപൂര്‍വ്വം നിരസിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

രണ്ട് ദിവസം മുമ്പ് ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കാനഡയിലായിരുന്നു മോദി. കാനഡയില്‍ നിന്നും വാഷിംഗ്ടണിലേക്ക് കൂടി എത്തി മടങ്ങാനായിരുന്നു ട്രംപിന്റെ ക്ഷണം. വളരെ നിര്‍ബന്ധിച്ചാണ് ട്രംപ് ക്ഷണിച്ചതെന്നും മോദിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ക്ഷണത്തിന് നന്ദി പറഞ്ഞ മോദി മഹാപ്രഭുവിന്റെ നാട്ടിലേക്ക് പോകേണ്ടത് വളരെ പ്രധാനമാണെന്ന് പറഞ്ഞാണ് ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും വ്യക്തമാക്കി. മഹാപ്രഭുവിനോടുള്ള നിങ്ങളുടെ സ്‌നേഹവും ഭക്തിയുമാണ് തന്നെ ഈ നാട്ടിലേക്ക് കൊണ്ടുവന്നതെന്നും മോദി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒഡീഷയിലെ ബിജെപി സര്‍ക്കാര്‍ അവിടുത്തെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റിയെന്നും മോദി റാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഒഡീഷയിലെ പ്രഥമ ബിജെപി സര്‍ക്കാര്‍ നല്ല ഭരണത്തിലൂടെയും പൊതുജന സേവനങ്ങളിലൂടെയും ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷ സന്ദര്‍ശനത്തിന്റെ ഭാഗമായി 18,600 കോടി രൂപ ചെലവ് വരുന്ന വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു. ബൗദ് ജില്ലയിലേക്കുള്ള ആദ്യ പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പെടെയുള്ള പുതിയ ട്രെയിന്‍ സര്‍വീസുകളും അദ്ദേഹം ഫ്ളാഗ്ഓഫ് ചെയ്തു. ‘ഒഡീഷ വിഷന്‍ ഡോക്യുമെന്റ്’ അദ്ദേഹം അനാച്ഛാദനം ചെയ്യുകയും ലഖ്പതി ദീദിസിനെ ആദരിക്കുകയും ചെയ്തു.

കാനഡയില്‍ ജി7 ഉച്ചകോടി നടക്കുന്നതിനിടെ ഡൊണാള്‍ഡ് അവിടെ നിന്നും വേഗത്തില്‍ മടങ്ങിപോയിരുന്നു. അതിനുശേഷം മോദിയുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് ട്രംപ് അദ്ദേഹത്തെ യുഎസ് സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. 35 മിനിറ്റോളം മോദി ട്രംപുമായി ഫോണില്‍ സംസാരിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ട്രംപും മോദിയും സംസാരിക്കുന്നത്. ഇരുവരുമായി നടന്ന ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കുവെച്ചു. കാനഡയില്‍ നിന്ന് മടങ്ങുമ്പോള്‍ പ്രധാനമന്ത്രി മോദിക്ക് യുഎസില്‍ തങ്ങാന്‍ കഴിയുമോ എന്ന് പ്രസിഡന്റ് ട്രംപ് അന്വേഷിച്ചു. നോരത്തെ നിശ്ചയിച്ചുറപ്പിച്ച പരിപാടികള്‍ കാരണം മോദി അതിന് കഴിയാത്തതായി അറിയിച്ചു. സമീപഭാവിയില്‍ കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കാമെന്ന് ഇരു നേതാക്കളും അറിയിച്ചതായും മിസ്രി വിശദീകരിച്ചു.