Leading News Portal in Kerala

സോഷ്യൽ മീഡിയയിലെ സിനിമാ നിരൂപകരെ നിയന്ത്രിക്കണം: AIYF സംസ്ഥാന നേതാവ് എൻ. അരുൺ


Last Updated:

നിവിൻ പോളി നായകനായ രാമചന്ദ്രബോസ് ആൻഡ് കോ എന്ന സിനിമയെ ചില റിവ്യുവർമാർ ആക്രമിച്ചത് തീർത്തും മോശമായി

എൻ. അരുൺ, രാമചന്ദ്ര ബോസ് ആൻഡ് കോഎൻ. അരുൺ, രാമചന്ദ്ര ബോസ് ആൻഡ് കോ
എൻ. അരുൺ, രാമചന്ദ്ര ബോസ് ആൻഡ് കോ

സാമൂഹ്യ മാധ്യമങ്ങളിലെ സിനിമാ നിരൂപകരുടെ അതിരുവിട്ട പ്രകടനത്തെ വിമർശിച്ച്‌ ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എൻ. അരുൺ. മലയാള സിനിമയെ ഗ്രസിക്കുന്ന വൻ വിപത്തായി സോഷ്യൽ മീഡിയാ രംഗത്തെ വലിയ ഒരു വിഭാഗം സിനിമാ നിരൂപകൻമാർ മറുകയാണെന്ന് അരുൺ പറഞ്ഞു.

സോഷ്യൽ മീഡിയക്ക് വലിയ സ്വാധീനമുള്ള ഈ കാലത്ത് ഫോളോവർമാരെ തന്ത്രപൂർവ്വം സൃഷ്ടിക്കുവാനും അതുവഴി യാഥാർത്ഥ്യവിരുദ്ധമായ എന്തും പ്രചരിപ്പിക്കുവാനും ഇക്കൂട്ടർക്ക് ശ്രമിക്കുകയാണ്.

പണത്തിൻ്റെയും മറ്റ് താൽപ്പര്യങ്ങളുടെയും സ്വാധീനത്തിൽ സിനിമകളെ പൊതുജനങ്ങൾക്കിടയിൽ വളരെ മോശമായി ചർച്ച ചെയ്യിക്കുവാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ചിലർ ഉപയോഗിക്കുന്ന ഭാഷയും ആംഗ്യവും വരെ തീർത്തം സംസ്കാര ശൂന്യവും അപരിഷ്കൃതവുമാണ്.

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ എത്ര സിനിമകളെ ഇവർ താറടിപ്പിച്ച് നശിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച റിലീസ് ആയ ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിൻ പോളി നായകനായ രാമചന്ദ്രബോസ് ആൻഡ് കോ എന്ന സിനിമയെ എത്ര മോശമായാണ് ചില റിവ്യുവർമാർ ആക്രമിച്ചത്.

ഒരു മെച്ചപ്പെട്ട എന്റർടെയ്നർ സിനിമയാണ് രാമചന്ദ്ര ബോസ് ആൻഡ് കോ എന്നാണ് ആ സിനിമ കണ്ട ഒരു പ്രേക്ഷകൻ എന്ന അടിസ്ഥാനത്തിൽ എനിക്ക് പറയാനുള്ളത്.

പക്ഷെ എന്തോ പകപോക്കും പോലെ ഈ സിനിമയെയും മികച്ച യുവചലച്ചിത്രകാരനായ ഹനീഫ് അദേനിയെയും ജനപ്രീതിയുള്ള നടനായ നിവിൻ പോളിയെയും ചിലർ സോഷ്യൽ മീഡിയയിലൂടെ പിച്ചിച്ചീന്തുന്ന കാഴ്ചയാണ് കണ്ടത്.

നൂറു കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അന്നം നൽകുന്ന ഒരു തൊഴിൽ മേഖല കൂടിയാണ് സിനിമ. നിരൂപണം എന്നത് സിനിമയെ തകർക്കുവാനുള്ള ഉപാധിയായി ചിലർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

അത്തരം പ്രവർത്തനങ്ങളിൽ കർശനമായ നടപടികൾ അനിവാര്യമാണ്.

സിനിമ ഇറങ്ങുന്നതിനു മുൻപേ ഡിഗ്രേഡ് ചെയ്യുവാനുള്ള ആയുധങ്ങൾ തയ്യാറാക്കി വയ്ക്കുന്നവരെ നിയന്ത്രിക്കണം, അതിന് നിയമപരമായ നടപടികൾ അനിവാര്യമാണ്. സിനിമാ സംഘടനകൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും എൻ. അരുൺ പറഞ്ഞു. സിനിമാ സംഘടനകൾ ആർക്ക് വേണ്ടി, എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പറയണമെന്നും അരുൺ ആവശ്യപ്പെട്ടു.

Summary: AIYF state president N Arun slams social media critics who purposefully degrade Malayalam movies