Nimisha Priya| നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി| Supreme Court To Hear Plea Seeking Halt On Execution Of Kerala Nurse Nimisha Priya In Yemen
Last Updated:
യെമനിൽ കേരള നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു
“ദയവായി ഇന്നോ നാളെയോ ഹര്‍ജി ലിസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്, കാരണം 16 വധശിക്ഷ നടപ്പാക്കുന്ന തീയതിയാണ്. നയതന്ത്ര ഇടപെടലിന് സമയം ആവശ്യമാണ്,” അഭിഭാഷകൻ പറഞ്ഞതായി ലൈവ്‌ലോ റിപ്പോർട്ട് ചെയ്യുന്നു. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി സമർപ്പിച്ചത്. നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യൻ നഴ്‌സിന്റെ മോചനം ഉറപ്പാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
2017ൽ യെമൻ പൗരനായ തലാൽ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയതിനാണ് ഇന്ത്യൻ നഴ്‌സായ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തുന്നയാളാണ് തലാൽ അബ്ദുമഹ്ദി. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്.
ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ പറഞ്ഞത്.
മൃതദേഹം നശിപ്പിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കൾ അന്വേഷണം തുടങ്ങി. നിമിഷയുടെ ചിത്രം പത്രത്തിൽ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. 2017 ല്‍ അറസ്റ്റിലായത് മുതല്‍ സനായിലെ ജയിലിലാണ് നിമിഷ പ്രിയ. 2020ലാണ് നിമിഷപ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുന്നത്.
New Delhi,New Delhi,Delhi
July 10, 2025 12:27 PM IST