Leading News Portal in Kerala

ഇറാനില്‍ നിന്നും കൊണ്ടുവന്നപ്പോൾ യാത്രാ സൗകര്യം മോശമെന്ന് കശ്മീരി വിദ്യാർത്ഥികൾ; ഡീലക്സ് ബസ് നൽകാൻ മുഖ്യമന്ത്രി ഉത്തരവ്|Kashmiri students complain about poor travel facilities when brought from Iran CM orders deluxe bus


Last Updated:

ഇറാനില്‍ നിന്ന് അര്‍മേനിയ, ദോഹ വഴി നാല് ദിവസത്തെ ദുഷ്‌കരമായ യാത്രയ്ക്ക് ശേഷമാണ് കശ്മീരി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്

News18News18
News18

സംഘര്‍ഷ ബാധിതമായ ഇറാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി ഇന്ത്യയില്‍ മടങ്ങിയെത്തി. സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയതിന് വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറഞ്ഞു, എന്നാല്‍, ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മോശം ഗതാഗത ക്രമീകരണങ്ങളെ വിദ്യാര്‍ത്ഥികള്‍ വിമര്‍ശിച്ചു. ഇതോടെ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ബസുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതില്‍ നിരാശരായ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് ദിവസങ്ങളോളം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം മെച്ചപ്പെട്ട സൗകര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി പറഞ്ഞു. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ബസുകളുടെ മോശം അവസ്ഥ കാണിക്കുന്ന ഒരു വീഡിയോയും ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റില്‍ പങ്കിട്ടു.

ഇറാനില്‍ നിന്ന് അര്‍മേനിയ, ദോഹ വഴി നാല് ദിവസത്തെ ദുഷ്‌കരമായ യാത്രയ്ക്ക് ശേഷമാണ് കശ്മീരി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ എസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടിടുകയായിരുന്നുവെന്ന് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പോസ്റ്റില്‍ പറയുന്നു. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിമാനത്താവള സൗകര്യങ്ങള്‍, പരിചരണം, കണക്ഷന്‍ ഫ്ളൈറ്റുകള്‍ എന്നിവ ഒരുക്കിയാണ് സ്വീകരിച്ചതെന്നും പോസ്റ്റില്‍ പറയുന്നു.

“ക്ഷീണിതരായി, ദുരിതത്തിലായി, അവഗണിക്കപ്പെട്ടു. ഇതാണോ അവരുടെ സഹിഷ്ണുതയ്ക്കുള്ള പ്രതിഫലം? ജമ്മു കശ്മീര്‍ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിന്ന് തടയുന്നത് എന്താണ്? ലോജിസ്റ്റിക്‌സാണോ? ഇച്ഛാശക്തിയാണോ? അതോ വെറും നിസ്സംഗതയാണോ? ഫണ്ടിനെക്കുറിച്ചാണെങ്കില്‍ ഉറക്കെ പറയുക, ഞങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനായി ഒരു ധനസമാഹരണം ആരംഭിക്കും. മുന്‍ കാലങ്ങളിലും പരിമിതികളില്‍ നിന്ന് വലിയ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്”, അസോസിയേഷൻ പോസ്റ്റില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ യാത്രയ്ക്കായി ശരിയായ ഡീലക്‌സ് ബസുകള്‍ ക്രമീകരിക്കുന്നതിന് ജമ്മു കശ്മീര്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിച്ചു. 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ഇസ്രായേലുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും തിരിച്ചെത്തിച്ചത്. ഇതില്‍ 90 പേരും കശ്മീരില്‍ നിന്നുള്ളവരാണ്.

ഉര്‍മിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍. കശ്മീരി വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇവര്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന ഇടങ്ങളിലൊന്നാണ് ഇറാന്‍. ചെലവ് കുറഞ്ഞ വിദ്യാഭ്യാസവും സാംസ്‌കാരിക സമാനതകളുമാണ് ഇതിന് പ്രേരിപ്പിക്കുന്ന ഘടകം. നിലവില്‍ 4,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനില്‍ പഠിക്കുന്നുണ്ട്. ഇതില്‍ പകുതി പേരും കശ്മീരില്‍ നിന്നുള്ളവരാണ്. ടെഹ്‌റാന്‍, ഷിറാസ്, ക്വോം തുടങ്ങിയ നഗരങ്ങളില്‍ ഇവര്‍ മെഡിസിനും മറ്റ് കോഴ്‌സികളിലുമായി പഠിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

ഇറാനില്‍ നിന്നും കൊണ്ടുവന്നപ്പോൾ യാത്രാ സൗകര്യം മോശമെന്ന് കശ്മീരി വിദ്യാർത്ഥികൾ; ഡീലക്സ് ബസ് നൽകാൻ മുഖ്യമന്ത്രി ഉത്തരവ്