Leading News Portal in Kerala

ഭാര്യയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ വിവാഹമോചനത്തിന് തെളിവായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി Wifes WhatsApp chats can be used as evidence for divorce says Madhya Pradesh High Court


Last Updated:

ചാറ്റുകളുടെ ആധികാരികത, പ്രസക്തി, വിശ്വാസ്യത എന്നിവ പരിശോധിക്കേണ്ട ഉത്തരവാദിത്തം കുടുംബ കോടതിയ്ക്കാണെന്നും ഹൈക്കോടതി വ്യക്തമാക്കി

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

1984 ലെ കുടുംബ കോടതി നിയമത്തിലെ സെക്ഷൻ 14 പ്രകാരം വിവാഹമോചന നടപടികളിൽ തെളിവായി ഒരു സ്ത്രീയുടെ സ്വകാര്യ വാട്ട്‌സ്ആപ്പ് ചാറ്റുകൾ , അവരുടെ സമ്മതമില്ലാതെ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി.ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം ഒരു മൗലികാവകാശമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, അത് സമ്പൂർണ്ണമല്ലെന്നും ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാകാമെന്നും കോടതി പറഞ്ഞു.

ഗ്വാളിയോറിൽ നിന്നുള്ള ദമ്പതികളുടെ വിവാഹ മോചന കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം

2016 ഡിസംബർ 1-നാണ് ദമ്പതികൾ വിവാഹിതരായത്. അടുത്ത വർഷം ദമ്പതികൾക്കൊരു കുഞ്ഞു ജനിച്ചു. എന്നാൽ ബന്ധം വഷളായതിനെത്തുടർന്ന് ഭർത്താവ് വിവാഹ മോചനം തേടി കോടതിയെ സമീപിച്ചു. ഭാര്യയുടെ ഫോണിൽ നിന്ന് അവരുടെ അറിവില്ലാതെ ഇൻസ്റ്റാൾ ചെയ്ത ഒരു ആപ്പ് വഴി ഭാര്യയുടെ വാട്ട്സ് ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുകയും ഇതിൽ നിന്നും ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന് തെളിഞ്ഞതായും ഭർത്താവ് കോടതിയിൽ പറഞ്ഞു. 2024 ഏപ്രിലിൽ ഗ്വാളിയോറിലെ കുടുംബ കോടതി ഈ ചാറ്റുകൾ തെളിവായി സ്വീകരിക്കാൻ അനുവദിച്ചു.

അതേസമയം, ചാറ്റുകൾ തെളിവായി സ്വീകരിക്കാൻ അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ഭാര്യ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. തന്റെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും ചാറ്റുകൾ നിയമവിരുദ്ധമായി ശേഖരിച്ചുവെന്നും ഇത് വിവരസാങ്കേതിക നിയമത്തിലെ 43, 66, 72 വകുപ്പുകളുടെ ലംഘനമാണെന്നും ഭാര്യ കോടതിയിൽ വാദിച്ചു. ഭർത്താവ് ഫോണിൽ സ്പൈവെയർ ഇൻസ്റ്റാൾ ചെയ്തത് നിയമവിരുദ്ധമാണെന്നും അത്തരം രീതികളിലൂടെ ശേഖരിക്കുന്ന തെളിവുകൾ സ്വീകാര്യമല്ലെന്ന് കണക്കാക്കണമെന്നും അവർ പറഞ്ഞു. എന്നിരുന്നാലും, ഹൈക്കോടതി ഈ വാദങ്ങളോട് വിയോജിക്കുകയാണുണ്ടായത്.

ഭാര്യയുടെ സ്വകാര്യതയ്ക്കുള്ള അവകാശം അംഗീകരിക്കുമ്പോൾ തന്നെ, നിയമപരമായ തർക്ക വിഷയങ്ങളിൽ, ന്യായമായ വിചാരണയ്ക്കുള്ള അവകാശം തുല്യമാണെന്ന് ബെഞ്ച് പ്രസ്താവിച്ചു. അത്തരം വസ്തുക്കൾ തെളിവായി സ്വീകരിച്ചു എന്നതുകൊണ്ട് അതിലെ ഉള്ളടക്കം സത്യമാണെന്ന് അംഗീകരിക്കപ്പെടുന്നില്ല എന്നും കോടതി വ്യക്തമാക്കി. ചാറ്റുകളുടെ ആധികാരികത, പ്രസക്തി, വിശ്വാസ്യത എന്നിവ പരിശോധിക്കേണ്ട ഉത്തരവാദിത്തം കുടുംബ കോടതിയ്ക്കാണെന്നും കോടതി പറഞ്ഞു. ഇത്തരം ചാറ്റുകൾ കോടതിയിൽ ഹാജരാക്കാൻ അനുവദിക്കുന്നതിനൊപ്പം അവ നേടിയ വ്യക്തിയെ നിയമപരമായ ബാധ്യതയിൽ നിന്ന് ഒഴിവാക്കില്ല എന്നും ബെഞ്ച് വ്യക്തമാക്കി.