Leading News Portal in Kerala

മലപ്പുറത്ത് കാക്കകൊത്തിപ്പോയ സ്വർണവള മൂന്നുവർഷത്തിനു ശേഷം ഉടമസ്ഥയുടെ കൈകളിൽ ഭദ്രമായെത്തി| A golden bangle that was missing from Malappuram three years ago finally found in crow nest


Last Updated:

ആ നഷ്ടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അന്ന് ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല

പ്രതീകാത്മക എഐ  ചിത്രംപ്രതീകാത്മക എഐ  ചിത്രം
പ്രതീകാത്മക എഐ ചിത്രം

മലപ്പുറം: ജോലി ചെയ്യുന്നതിനിടെ വീട്ടുമുറ്റത്ത് ഊരിവച്ച രുക്മിണിയുടെ ഒന്നരപ്പവൻ സ്വർണവള കാണാതായത് മൂന്നുവർഷം മുൻ‌പാണ്. ആ നഷ്ടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അന്ന് ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആ വള തിരികെ കിട്ടുമെന്ന പ്രതീക്ഷകളെല്ലാം നഷ്ടമായപ്പോഴാണ് വീടിന് സമീപത്തെ മാവിൻകൊമ്പിൽ നിന്നു തകർന്നു വീണ കാക്കക്കൂട്ടിലൂടെ ആ വള തിരിച്ചുകിട്ടിയത്. കാക്കക്കൊത്തിപ്പോയതായിരുന്നു ആ വളയെന്ന് മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് മുപ്പത്തിരണ്ടിലെ വെടിയംകുന്ന് രുക്‌മിണിക്ക് ഇപ്പോഴാണ് മനസിലായത്.

ഈയിടെ തൃക്കലങ്ങോട് പൊതുജന വായനശാലയിൽ കളഞ്ഞുകിട്ടിയ സ്വർണത്തിൻ്റെ ഉടമസ്ഥരെത്തേടി ഒരു പരസ്യം പ്രത്യക്ഷപ്പെട്ടതാണ് വഴിത്തിരിവായത്. മൂന്നുമാസംമുൻപ് മാവിൻ ചുവട്ടിൽനിന്ന് കിട്ടിയ സ്വർണം ഉടമസ്ഥർക്ക് നൽകാനായി ചെറുപള്ളിക്കൽ സ്വദേശി ചെറുപാലക്കൽ അൻവർസാദത്ത് വായനശാല അധികൃതരെ ഏൽപ്പിച്ചിരുന്നു. വിവരമറിഞ്ഞ് രുക്മിണി ഭർത്താവ് സുരേഷുമൊത്ത് തിങ്കളാഴ്ച വായനശാലയിലെത്തി.

രുക്‌മിണിയുടെ വീടിന് സമീപത്തെ മാവിൻകൊമ്പത്തു നിന്ന് വീണ കാക്കക്കൂട്ടിൽനിന്നാണ് വള തിരിച്ചുകിട്ടിയത്. താഴെവീണ കൂടിന്റെ കമ്പുകൾക്കിടയിൽ തിളങ്ങുന്ന വള ആദ്യം കണ്ടത് മാങ്ങ പൊറുക്കിക്കൂട്ടാൻ അൻവർ സാദത്തിൻ്റെ ഒപ്പം കൂടിയ മകൾ ഫാത്തിമ ഹുദയാണ്. സ്വർണമാണോ എന്നറിയാനുള്ള ശ്രമത്തിനിട പൊട്ടിപ്പോയി. ഈ കഷണങ്ങൾ ഉടമയെ തേടി വായനശാലയിൽ ഏൽപ്പിക്കുകയായിരുന്നു.