ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത രണ്ട് അധ്യാപകർ ഉൾപ്പെടെ 3പേർ അറസ്റ്റിൽ| two college lecturers arrested for threatening and raping student in bengaluru
Last Updated:
ഫിസിക്സ് അധ്യാപകൻ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ്, ഇവരുടെ സുഹൃത്തായ അനൂപ് എന്നിവരാണ് അറസ്റ്റിലായത്
ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്ത രണ്ട് കോളേജ് അധ്യാപകരും ഇവരുടെ സുഹൃത്തും അറസ്റ്റിലായി. സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ്. മൂഡബിദ്രിയിലെ ഒരു പ്രശസ്ത സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകരാണ് പിടിയിലായത്. ഫിസിക്സ് അധ്യാപകൻ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ്, ഇവരുടെ സുഹൃത്തായ അനൂപ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി വനിതാ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് മാറത്തഹള്ളി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പഠനസഹായികളും നോട്ടുകളും നൽകാനെന്ന വ്യാജേന നരേന്ദ്രയാണ് വിദ്യാർത്ഥിനിയുമായി ആദ്യം ബന്ധപ്പെട്ടത്. ക്രമേണ ചാറ്റിംഗ് വഴി ഒരു ബന്ധം വളർത്തിയെടുത്ത നരേന്ദ്ര, ബെംഗളൂരുവിലെ മാറത്തഹള്ളിയിലുള്ള തന്റെ സുഹൃത്ത് അനൂപിന്റെ മുറിയിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി. അവിടെ വെച്ച് അയാൾ അവളെ ബലാത്സംഗം ചെയ്യുകയും സംഭവത്തെക്കുറിച്ച് മൗനംപാലിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, ബയോളജി ലക്ചറർ സന്ദീപ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തപ്പോൾ, നരേന്ദ്രയുമൊത്തുള്ള ഫോട്ടോകളും വീഡിയോകളും തന്റെ പക്കലുണ്ടെന്നും ഇവ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്നുപോയ പെൺകുട്ടിയെ സന്ദീപ് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഈ സംഭവത്തിനുശേഷമാണ് കോളേജ് അധ്യാപകരുടെ സുഹൃത്തായ അനൂപ് വിദ്യാർത്ഥിനിയെ ബന്ധപ്പെടുകയും സിസിടിവി ദൃശ്യങ്ങൾ അടക്കം തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ആകെ തകര്‍ന്നുപോയ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് വനിതാ കമ്മീഷനെ സമീപിച്ചു. കമ്മീഷന്റെ നിർദേശപ്രകാരം മാറത്തഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Bangalore [Bangalore],Bangalore,Karnataka
July 15, 2025 2:38 PM IST
ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത രണ്ട് അധ്യാപകർ ഉൾപ്പെടെ 3പേർ അറസ്റ്റിൽ