ഭൂമിയിലേക്ക് സ്വാഗതം; ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി: ബഹിരാകാശവാസത്തിന് വിട | Shubhanshu Shukla and his team reached Eart
Last Updated:
ശുഭാംശുവിനെയും സംഘത്തെയും ഇനി ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും
കാലിഫോര്‍ണിയ: ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അടക്കമുള്ള ആക്സിയം 4 ദൗത്യ സംഘത്തെ വഹിച്ചുകൊണ്ടുള്ള ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു. ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് 3.3-ഓടെയാണ് അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വന്നിറങ്ങിയത്.
ശുഭാംശുവിനെയും സംഘത്തെയും ഇനി ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും.അവിടെ ഒരാഴ്ച മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.
ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു തുടങ്ങിയവരാണ് പേടകത്തിൽ ഉണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പലാണ് കരയ്ക്കെത്തിക്കുന്നത്.
ആക്സിയം 4 ദൗത്യ സംഘം ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനിലായിരിക്കും. ഇത് പൂർത്തീകരിച്ചതിന് ശേഷമാണ് ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരുന്നത്. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം നൽകുന്നത്.
നാസയുടെ ഹ്യൂമൻ ഹെൽത്ത് ആൻഡ് പെർഫോമൻസ് ടീം ആക്സിയം 4 യാത്രികരുടെ ശാരീരിക ക്ഷമത, സന്തുലിതാവസ്ഥ, റിഫ്ലെക്‌സുകൾ, ഹൃദയ സംബന്ധമായ പ്രവർത്തനം, രോഗപ്രതിരോധ പ്രതികരണം എന്നിവ ഉൾപ്പെടുന്ന നിരവധി പരിശോധനകളും വിലയിരുത്തലുകളും നടത്തും.
July 15, 2025 3:10 PM IST
ഭൂമിയിലേക്ക് സ്വാഗതം; ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി: ബഹിരാകാശവാസത്തിന് വിട