’48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കും’; ഗാസ ഉപരോധത്തിനെതിരേ ഇസ്രയേലിന് മുന്നറിയിപ്പുമായി യുഎന്‍ | 14,000 babies could die if aid doesn’t enter Gaza in 48 hours UN warns
Last Updated:
ഇപ്പോള്‍ ഗാസയിലേക്ക് അനുവദിക്കുന്ന പരമിതമായ അളവിലുള്ള സഹായം അവിടുത്തെ സാധാരണക്കാരായ ആളുകള്‍ക്ക് മതിയായ അളവിലല്ലെന്ന് യുഎന്‍ വ്യക്തമാക്കി
ഗാസയില്‍ അടിയന്തര സഹായമെത്തിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിച്ചുവീഴുമെന്ന് ഐക്യരാഷ്ട്ര സഭ. 11 ആഴ്ചയായി ഗാസയില്‍ തുടരുന്ന ഉപരോധവും യുദ്ധത്തില്‍ തകര്‍ന്ന തീരദേശ മേഖലയിലേക്ക് സഹായമെത്തിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനവും കാരണമാണ് ഇതെന്ന് അവര്‍ അറിയിച്ചു. കുട്ടികളുടെ മരണം തടയുന്നതിന് ഗാസ മുനമ്പില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കേണ്ടതുണ്ടെന്ന് യുഎന്‍ ഹ്യുമാനിറ്റേറിയൻ മേധാവി ടോം ഫ്‌ളെച്ചര്‍ മുന്നറിയിപ്പ് നല്‍കി.
യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നിവയുള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഗാസയിലേക്ക് പരിമിതമായ സാഹായം അനുവദിച്ചത് സമുദ്രത്തിലേക്ക് ഒരു തുള്ളി വെള്ളം ഒഴിച്ചത് പോലെ മാത്രമാണെന്ന് ഫ്‌ളെച്ചര്‍ ബിബിസിയോട് പറഞ്ഞു.
”സഹായമെത്തിക്കുന്നവര്‍ക്ക് അവരെ സമീപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കും. പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാരിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാന്‍ കഴിഞ്ഞില്ലെങ്കിൽ ഞങ്ങള്‍ വലിയ അപകടസാധ്യതയാണ് കാണുന്നത്,” അദ്ദേഹം പറഞ്ഞു.
2008ലെ ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്, 2014ലെ ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ് തുടങ്ങിയ മുന്‍ സൈനിക നടപടികളുടെ ഭാഗമായി ഇസ്രയേല്‍ ഗാസയില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ നിയന്ത്രണങ്ങള്‍ കഠിനമാണെന്ന് മനുഷ്യാവകാശ ഏജന്‍സികള്‍ പറയുന്നു. നേരത്തെ നടന്ന രണ്ട് ആക്രമണങ്ങളിലും ഗാസയില്‍ തീവ്രമായ ബോംബാക്രമണം നടക്കുമ്പോള്‍ സഹായത്തിനും അവശ്യവസ്തുക്കള്‍ക്കും മേല്‍ കര്‍ശന നിയന്ത്രണവും ഉണ്ടായിരുന്നു. എന്നാല്‍, പരിമിതമായ തോതില്‍ ആശ്വാസം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഇത്തവണ മുന്‍ സംഘര്‍ഷങ്ങളില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു തലത്തിലേക്ക് എത്തിയതായി സഹായമെത്തിക്കുന്ന എയ്ഡ് വര്‍ക്കേഴ്‌സ് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
കെരേം ഷാലോം ക്രോസിംഗ് വഴി ഒമ്പത് ട്രക്കുകള്‍ക്ക് ഗാസയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചതായി ഫ്‌ളെച്ചര്‍ തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ അറിയിച്ചു.
”തുടര്‍ച്ചയായ ബോംബാക്രമണവും രൂക്ഷമായ പട്ടിണിയും കണക്കിലെടുക്കുമ്പോള്‍ കൊള്ളയ്ക്കും അരക്ഷിതാവസ്ഥയ്ക്കുമുള്ള സാധ്യകള്‍ വളരെ കൂടുതലാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഗാസയിലേക്ക് അനുവദിക്കുന്ന പരമിതമായ അളവിലുള്ള സഹായം അവിടുത്തെ സാധാരണക്കാരായ ആളുകള്‍ക്ക് മതിയായ അളവിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
’48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കും’; ഗാസ ഉപരോധത്തിനെതിരേ ഇസ്രയേലിന് മുന്നറിയിപ്പുമായി യുഎന്‍