Leading News Portal in Kerala

ഭാര്യയുടെ സോപ്പിട്ടു കുളിച്ചതിന് ഭർത്താവ് അറസ്റ്റിൽ; പിന്നാലെ ആരോപണങ്ങളുടെ പെരുമഴ| simple fight over using wifes soap led husband into trouble


Last Updated:

കുളിമുറിയില്‍ നിന്നിറങ്ങിവന്ന ഭർത്താവിനോട് എന്തിനാണ് തന്റെ സോപ്പ് ഉപയോഗിച്ചതെന്ന് ഭാര്യ ചോദിച്ചു

കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് യുവാവ് ആരോപിച്ചുകസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് യുവാവ് ആരോപിച്ചു
കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് യുവാവ് ആരോപിച്ചു

ഭാര്യയുടെ സോപ്പ് ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള ഒരു ചെറിയ വഴക്ക് ഭർത്താവിനെ ഗാർഹിക പീഡന കേസിലെ പ്രതിയാക്കി. ഉത്തർപ്രദേശ് അലിഗഡിലെ ക്വാർസിയിലാണ് സംഭവം. 39കാരനായ പ്രവീൺ കുമാർ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്തിനാണ് തന്റെ സോപ്പ് ഉപയോഗിച്ചതെന്ന് ഭാര്യ ഭർത്താവിനോട് ചോദിച്ചു. തന്റെ സാധനങ്ങൾ പലപ്പോഴും ഉപയോഗിക്കാറില്ലേയെന്നും അപ്പോഴൊന്നും താൻ പരാതി പറഞ്ഞിട്ടില്ലല്ലോ എന്നും ഭർത്താവ് തിരികെ ചോദിച്ചു. ചെറിയ വഴക്ക് പിന്നാലെ വലിയ തർക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീണ്ടു. തുടർന്ന് യുവതി പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

പൊലീസെത്തി പ്രവീണ്‍ കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു ചെറിയ തർക്കത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് കുമാർ ആരോപിച്ചു. ‘പ്രവീൺ കുമാർ ഭാര്യയെ ആക്രമിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. അയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു, സമാധാനം തകർത്തതിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്’- ക്വാർസി എസ്എച്ച്ഒ നരേന്ദ്ര ശർമ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

13 വർ‌ഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. രണ്ട് കുട്ടികളുണ്ട്. കേസിൽ ഭാര്യയെയും ഭർ‌ത്താവിനെയും പൊലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചു. കുറ്റകൃത്യം തടയാൻ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 151 പ്രകാരമാണ് കുമാറിനെതിരെ കേസെടുത്തത്. ‘എന്നോട് വഴക്കിട്ടതിന് ശേഷം അവൾ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്. എനിക്ക് ജാമ്യം ലഭിച്ചു, ദൈവത്തിന് നന്ദി’ – പ്രവീൺ കുമാര്‍ പ്രതികരിച്ചു.

അതേസമയം, പൊലീസ് കസ്റ്റഡിയിൽ തനിക്ക് മർദനമേറ്റുവെന്ന പ്രവീൺ കുമാറിന്റെ ആരോപണം പൊലീസ് നിഷേധിച്ചു. ‘പൊലീസ് സംഘത്തോട് അയാൾ മോശമായി പെരുമാറുന്നത് വീഡിയോയിൽ കാണാം. ദമ്പതികൾക്ക് ചെറിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളൂ. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. പ്രതിക്കെതിരെ കുറ്റം ചുമത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി’ – ഡിഎസ്പി സർവം സിംഗ് പറഞ്ഞു. ഭർത്താവ് മുൻപും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് യുവതി പറഞ്ഞതായി പൊലീസ് പറയുന്നു.