Leading News Portal in Kerala

Nitish Reddy| ‘ഫ്ലവറല്ല; ഫയർ’; കന്നി സെഞ്ചുറി നേടിയ നിതീഷ് റെഡ്ഡിയെ അഭിനന്ദിക്കുന്ന ബിസിസിഐ പോസ്റ്റ് വൈറല്‍| Flower Nahi Fire Hai BCCI Tweet For Nitish Kumar Reddy Goes Viral


Last Updated:

അല്ലു അർജുന്റെ പുഷ്പയിലെ ആംഗ്യം അനുകരിച്ചായിരുന്നു നിതീഷിന്റെ ആഘോഷം

(Picture Credit: AP, Screengrab)(Picture Credit: AP, Screengrab)
(Picture Credit: AP, Screengrab)

ആന്ധ്രാപ്രദേശിൽ നിന്നുള്ള 21 കാരനായ വലംകൈയ്യൻ ബാറ്റർ നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയ്ക്കായി തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടി. വെറുമൊരു സെഞ്ചുറി അല്ല, ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ച തകർപ്പൻ പ്രകടനമായിരുന്നു നിതീഷിന്റേത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീമിനെ ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ചതും വാഷിങ്ടൺ സുന്ദറിനൊപ്പമുള്ള നിതീഷിന്റെ ഇന്നിങ്സാണ്. ഇതിന് പിന്നാലെ എക്സ് ഹാൻഡിലിൽ ബിസിസിഐ ഇട്ട അഭിനന്ദന പോസ്റ്റാണ് വൈറലാകുന്നത്.

ഇന്ത്യയ്ക്കായി എട്ടാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയ റെഡ്ഡി 171 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതമാണ് സെഞ്ചുറി നേടിയത്. അർധ സെഞ്ചുറി നേടിയതിനുശേഷം അല്ലുവിന്റെ ‘പുഷ്പ’യിലെ ആംഗ്യമാണ് നിതീഷ് കാണിച്ചത്. ഇത് സൂചിപ്പിച്ചാണ് ബിസിസിഐയുടെ പോസ്റ്റ്.

‘ഫ്ലവറല്ല, ഫയര്‍’ എന്നത് പുഷ്പ എന്ന ചിത്രത്തിലെ ഒരു ഐക്കണിക് ഡയലോഗാണ്. നിതീഷിന്റെ പോരാട്ടവീര്യത്തെ ബിസിസിഐ മാത്രമല്ല, നിരവധി ആരാധകരും, വിദഗ്ധരും, മുൻകാല ക്രിക്കറ്റ് താരങ്ങളും അഭിനന്ദിക്കുന്നു.

ശനിയാഴ്ച ഋഷഭ് പന്തിനെ സ്കോട്ട് ബൊളണ്ട് പവലിയനിലേക്ക് തിരിച്ചയച്ചതിന് ശേഷം എട്ടാമനായാണ് റെഡ്ഡി ക്രീസിൽ എത്തിയത്. റെഡ്ഡി ക്രീസിൽ എത്തുമ്പോൾ, ഫോളോ-ഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് 84 റൺസ് കൂടി വേണമായിരുന്നു. ആദ്യം രവീന്ദ്ര ജഡേജയുമായി (17) കൈകോർത്ത് അദ്ദേഹം ഏഴാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തു.

ജഡേജയെ നേഥൻ ലയോൺ പുറത്താക്കിയതോടെ വാഷിങ്ടൺ സുന്ദറിനെ ഒപ്പം ചേർന്ന് നിതീഷ് പൊരുതി. 127 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഓസീസ് മണ്ണിൽ ഇന്ത്യയുടെ ഉയർന്ന രണ്ടാമത്തെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടു കൂടിയാണിത്. മുന്നിലുള്ളത് 2008ൽ സിഡ്നിയിൽ‌ 129 റൺസ് നേടിയ സച്ചിൻ – ഹർഭജൻ സഖ്യം മാത്രം. 146 പന്തിൽ ഒരേയൊരു ഫോർ സഹിതമാണ് വാഷിങ്ടൺ സുന്ദർ അർധസെഞ്ചറി പൂർത്തിയാക്കിയത്. ഓസ്ട്രേലിയൻ മണ്ണിൽ എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും നിതീഷ് റെഡ്ഡിയുടെ പേരിലായി.